'വിശക്കുന്നവന് ഭക്ഷണമാണ് വേണ്ടത്, തവനൂരിലുണ്ടായത് ഫിറോസ് മത്സരിക്കുന്നുവെന്ന വികാരം'; യു.ഡി.എഫിനെ വിമര്‍ശിച്ചും മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചും ഫിറോസ് കുന്നംപറമ്പില്‍
പാലക്കാട്: തവനൂരിലെ പരാജയത്തില്‍ യു.ഡി.എഫിനെതിരെ വിമര്‍ശനമുന്നയിച്ചും മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചും കെ.ടി ജലീലിനെതിരെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി ഫിറോസം കുന്നംപറമ്പില്‍.
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ലെന്നും ഈ മണ്ഡലം യു.ഡി.എഫ് എഴുതിത്തള്ളിയിരുന്നുവെന്നും ഫിറോസ് പറഞ്ഞു. വോട്ട് ചേര്‍ക്കല്‍ പോലും യു.ഡി.എഫ് നടത്തിയിട്ടില്ല. ജലീലിന് നഷ്ടപ്പെട്ട പതിമൂന്നായിരത്തോളം വോട്ടുകള്‍, അവര്‍ പുതുതായി ചേര്‍ന്ന പതിനായിരത്തില്‍ കൂടുതല്‍ വോട്ടുകള്‍, എന്നിട്ടും 2600 ഓളം വോട്ടിനു മാത്രം വിജയിച്ചിട്ടുണ്ടെങ്കില്‍ ജലീല്‍ വിരുദ്ധ വികാരം സി.പി.എമ്മിനകത്തു തന്നെയുണ്ടെന്ന് ഉറപ്പാണെന്നും ഫിറോസ് പറഞ്ഞു.
ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കുന്നു എന്ന വികാരമാണ് അവിടെ ആഞ്ഞടിച്ചത്. എല്‍.ഡി.എഫിന്റെ വലിയ തരംഗം കണ്ടില്ലെന്ന് നടിക്കാനാവില്ല. മുഖ്യമന്ത്രിയുടെ ചിട്ടയായ ഭരണമികവ് തന്നെ നമ്മള്‍ കണ്ടു. ഒരിക്കലും അതിനെ മാറ്റിനിര്‍ത്താന്‍ പാടില്ല. വിശക്കുന്നവന് ഭക്ഷണമാണ് വേണ്ടത്, അതല്ലാതെ വാഗ്ദാനങ്ങളോ കോടികളോ കൊടുക്കാമെന്ന് പറഞ്ഞാലും കാര്യമില്ല.
വളരെ സിസ്റ്റമാറ്റിക്കായി തന്നെയാണ് ഇടതുമുന്നണി മുന്നോട്ടുപോകുന്നത്. മന്ത്രിസഭയിലെ പുതുമുഖങ്ങളൊക്കെ നല്ല കാര്യങ്ങള്‍ തന്നെയാണ്. യു.ഡി.എഫിനകത്താണെങ്കില്‍ അഞ്ചു പത്തും കൊല്ലം മന്ത്രിയായവര്‍ വീണ്ടും കടിപിടി കൂടുന്നതാണ് കാണാനാവുമായിരുന്നതെന്നും ഫിറോസ് കുന്നംപറമ്പില്‍ പരിഹസിച്ചു.
താന്‍ സജീവ രാഷ്ട്രീയത്തിലില്ലെന്നും, ലീഗനുഭാവി മാത്രമാണെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. ഞാന്‍ രാഷ്ട്രീയക്കാരനല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗവുമല്ല. സജീവ രാഷ്ട്രീയക്കാരനല്ലെന്നും എനിക്കതിനോട് താല്‍പര്യമില്ലെന്നും ഞാനതു മുന്‍പും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."