കോണ്‍ഗ്രസുകാര്‍ കാണേണ്ടത്
കോണ്‍ഗ്രസിന്റെ നെടുങ്കോട്ടകളൊക്കെയും ചിന്നിച്ചിതറിപ്പോയി. തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെ വീശിയടിച്ച പിണറായി തരംഗത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ. പുതുപള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം പോലും കുറഞ്ഞു. മാസങ്ങള്‍ക്കു മുന്‍പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പില്‍ കണ്ട ഫലത്തിന്റെ ഒരു നേര്‍പ്രതിഫലനം തന്നെയായി നിയമസഭാ തെരഞ്ഞെടുപ്പ്. ഇടതുമുന്നണി നേടിയത് ഒരു പതിവു തെരഞ്ഞെടുപ്പു വിജയം മാത്രമല്ല. ഓരോ തെരഞ്ഞെടുപ്പിലും രണ്ടിലൊരു മുന്നണിയെ പതിവു തെറ്റാത്ത ഇടവേളകളില്‍ വിജയിപ്പിക്കുന്ന മലയാളികള്‍ ഇക്കുറി ആ വലിയ പതിവു തെറ്റിച്ചിരിക്കുകയാണ്. പല പ്രതിസന്ധികളിലൂടെയും കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കേരളത്തെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഒരു തുടര്‍ഭരണം സമ്മാനിച്ചിരിക്കുകയാണ് കേരളം. യു.ഡി.എഫ് നേതാക്കളെ ഇരുത്തി ചിന്തിപ്പിക്കേണ്ട കാര്യം. ഭരണവിരുദ്ധ വികാരം ജനാധിപത്യത്തിലെ ഒരു സുപ്രധാന പ്രയോഗമായി കഴിഞ്ഞിരിക്കെ, തുടര്‍ഭരണം യാഥാര്‍ഥ്യമാവുന്നത് അത്യപൂര്‍വ സംഭവം തന്നെ.
2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 20-ല്‍ 19 സീറ്റ് സ്വര്‍ണത്തളികയില്‍ വെച്ചുകൊടുത്ത കേരള ജനത തന്നെയാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനെ, പ്രത്യേകിച്ച് കോണ്‍ഗ്രസിനെ പാപ്പരാക്കിക്കളഞ്ഞത്. ഇതില്‍ ജനങ്ങളെ ആരും പഴിക്കേണ്ടതില്ല. ജയം ഏറ്റുവാങ്ങി തുടര്‍ഭരണത്തിലേയ്ക്കു തിരിയുന്ന ഇടതുമുന്നണിയെയും. കണ്ണാടി സ്വന്തം മുഖത്തിനു നേര്‍ക്കു പിടിക്കുകയാണ് വേണ്ടത്. കുഴപ്പം സ്വന്തം പാളയത്തില്‍ത്തന്നെയാണ്.
ഈ കേരളത്തില്‍ കോണ്‍ഗ്രസിന് പ്രത്യേകമായൊരു തട്ടകമുണ്ട്. 1948 മുതല്‍ തന്നെ തിരുവിതാംകൂറിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിരുന്നു. പട്ടം താണുപിള്ളയും സി. കേശവനും ടി.എം വര്‍ഗീസുമൊക്കെ ഇവിടെ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതാക്കളായി വളര്‍ന്നു വന്നു. ഉത്തരവാദ ഭരണത്തിനും ജനകീയാവകാശങ്ങള്‍ക്കും വേണ്ടി ഈ നേതാക്കള്‍ അന്നത്തെ രാജഭരണത്തിനും ദിവാന്‍ഭരണത്തിനുമെതിരേ ഘോരമായ പോരാട്ടം നടത്തി ഭരണത്തില്‍ പങ്കുപറ്റി. എന്നിട്ടും ഐക്യകേരളത്തില്‍ ആദ്യമായി നടന്ന 1957 ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജയിച്ചു. ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി. ആ മന്ത്രിസഭയ്‌ക്കെതിരേ കത്തോലിക്കാസഭ അങ്കം കുറിച്ചു. പിന്നാലെ മന്നത്തു പത്മനാഭനും എന്‍.എസ്.എസും കൂടെ കൂടി. അതു കഴിഞ്ഞ് മുസ്‌ലിം ലീഗും ചേര്‍ന്നു. കോണ്‍ഗ്രസും പോരാട്ടത്തില്‍ പങ്കെടുത്തതോടെ ഇ.എം.എസ് സര്‍ക്കാരിനു നേരെയുള്ള സമരം വിമോചന സമരമായി രൂപാന്തരപ്പെട്ടു. തുടര്‍ന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഇടപെടല്‍. ഇ.എം.എസ് മന്ത്രിസഭയെ 1959-ല്‍ പിരിച്ചുവിടുന്നു. 1960-ല്‍ അടുത്ത തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് പി.എസ്.പിയെയും മുസ്‌ലിം ലീഗിനെയും കൂട്ടി മുന്നണിയുണ്ടാക്കുന്നു. മുന്നണി തെരഞ്ഞെടുപ്പില്‍ ജയിച്ച് പി.എസ്.പി നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രിയായി സര്‍ക്കാരുണ്ടാക്കി. സീതി സാഹിബ് സ്പീക്കര്‍.
1967-ല്‍ ഇ.എം.എസ് സപ്തകക്ഷി മുന്നണിയുണ്ടാക്കി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി. പ്രതിപക്ഷത്ത് വെറും ഒമ്പത് അംഗങ്ങളുമായി കോണ്‍ഗ്രസ്. തലപ്പത്ത് കെ. കരുണാകരന്‍. ആ സമയത്താണ് ഇ.എം.എസ് സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ മലപ്പുറം ജില്ലയില്‍ ധാരാളം സര്‍ക്കാര്‍ സ്‌കൂളുകള്‍ സ്ഥാപിച്ച് വലിയ വിദ്യാഭ്യാസ മുന്നേറ്റത്തിനു കളമൊരുക്കിയത്. കരുണാകരനാവട്ടെ, കമ്യൂണിസ്റ്റ് മുന്നേറ്റത്തിനെതിരേ കോണ്‍ഗ്രസിന്റെ അടിത്തറ ഉറപ്പിക്കാന്‍ വിവിധ കക്ഷികളെ കൂടെ ചേര്‍ത്ത് ഐക്യജനാധിപത്യ മുന്നണിയുണ്ടാക്കുകയും ചെയ്തു. 1967-ല്‍ തന്നെ തമിഴ്‌നാട്, ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെയും കോണ്‍ഗ്രസിനു ഭരണം നഷ്ടപ്പെട്ടെങ്കിലും കേരളത്തില്‍ പാര്‍ട്ടി പിടിച്ചുനിന്നു. പരാജയപ്പെടുമ്പോഴും തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ പൂര്‍വാധികം ശക്തിയോടെ ഭരണം കൈയടക്കി തിരികെവന്നു. ആ സ്ഥിരം പതിവ് ഓര്‍മയില്‍വച്ചുകൊണ്ടു തന്നെയാവണം ഇത്തവണ ഭരണം തിരികെ കിട്ടുകതന്നെ ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരുന്നത്. പക്ഷേ ഭരണം തുടര്‍ഭരണമായി പിണറായിയുടെ വഴിക്കു പോവുകയായിരുന്നു.
ഈ തെരഞ്ഞെടുപ്പ് പല പാഠങ്ങളും പഠിപ്പിക്കുന്നുണ്ട്. കേരളത്തില്‍ ബി.ജെ.പിയുടെ രാഷ്ട്രീയത്തിനു വലിയ സ്ഥാനമൊന്നുമില്ലെന്ന കാര്യം ജനങ്ങള്‍ ആവര്‍ത്തിച്ചു മനസിലാക്കിക്കൊടുത്തുവെന്നത് പ്രധാന പാഠം. ജനങ്ങള്‍ക്കും അവരുടെ രാഷ്ട്രീയ ശക്തിക്കും നല്ല കരുത്തുണ്ടെങ്കില്‍ ബി.ജെ.പിയുടെ പണത്തിനും കരുത്തിനും കടന്നു വരാനാവില്ല തന്നെ. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുന്നില്‍ നരേന്ദ്രമോദിയും അമിത്ഷായും പരുങ്ങിപ്പോവുന്നതു രാജ്യവും ലോകവും കണ്ടുനിന്നു. സംസ്ഥാന ഭരണത്തിലേയ്ക്ക് എത്തിനോക്കാന്‍ പോലും കഴിഞ്ഞില്ല അവര്‍ക്ക്. തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെയും അതിന്റെ നേതാവ് സ്റ്റാലിന്റെയും മുന്നില്‍ ബി.ജെ.പിയുടെ ഒരു തന്ത്രവും വിലപ്പോയില്ല. ബി.ജെ.പി കൊട്ടിഘോഷിച്ച് പാലക്കാട് അവതരിപ്പിച്ച ഇ. ശ്രീധരനെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ ഇത്തിരി ഏറെ അധ്വാനിച്ചാണെങ്കിലും കെട്ടുകെട്ടിക്കുക തന്നെ ചെയ്തു. ബി.ജെ.പിയുടെ ഒരേയൊരു സീറ്റായിരുന്ന നേമത്ത് മുതിര്‍ന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെ തുരത്തിയത് സി.പി.എം നേതാവ് വി. ശിവന്‍കുട്ടി.
ഇത് കോണ്‍ഗ്രസ് ഉള്‍ക്കൊള്ളേണ്ട പാഠമാണ്. ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ നിഗ്രഹിക്കാനാഞ്ഞു നില്‍ക്കുകയാണ് ബി.ജെ.പി. ശക്തമായ സംഘടനയും കരുത്തുള്ള നേതാക്കളുമുണ്ടെങ്കില്‍ ബി.ജെ.പിയെ തുരത്താനാവുമെന്ന് പശ്ചിമബംഗാളും തമിഴ്‌നാടും പഠിപ്പിക്കുന്നു. നല്ല നേതാക്കളില്ലാത്തതാണ് കേരളത്തില്‍ ബി.ജെ.പിയുടെ പ്രശ്‌നമെന്നതും ഓര്‍ക്കണം. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിലെ തോല്‍വി കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേയ്ക്ക് ഒഴുകുമെന്ന പേടിയൊന്നും വേണ്ട. കോണ്‍ഗ്രസിനെപ്പോലെ പൈതൃകവും പാരമ്പര്യവും വിശാലമായ കാഴ്ചപ്പാടുള്ള ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ബി.ജെ.പി പോലെയൊരു പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവും. ആരെങ്കിലുമങ്ങനെ പോകാന്‍ നോക്കിയാല്‍, പോകട്ടെ എന്നു വയ്ക്കാന്‍ കഴിയുകയും വേണം. ബാക്കിയുള്ളവരെ കൂട്ടി ശക്തമായ സംഘടന കെട്ടിപ്പടുക്കണം. അതിനു പുതിയ നേതാക്കളുണ്ടാവണം. കരുത്തേറിയ നേതാക്കള്‍. നല്ല കാഴ്ചപ്പാടും അര്‍പ്പണ മനോഭാവവുമുള്ള നേതാക്കള്‍. വിദ്യാഭ്യാസവും പ്രവര്‍ത്തനശേഷിയുമുള്ള യുവാക്കളും വനിതകളും. എല്ലാം ഉടച്ചു വാര്‍ക്കണം. കാലഹരണപ്പെട്ടവരൊക്കെ പുറത്തു പോകണം. വ്യക്തിക്കായാലും സംഘടനയ്ക്കായാലും പരാജയം വലിയ വെല്ലുവിളി തന്നെയാണ്. ആ വെല്ലുവിളി ഏറ്റെടുത്ത് പുതിയ തലത്തിലേയ്ക്കുയരാന്‍ കഴിഞ്ഞാല്‍ മാത്രമേ നിലനില്‍പ്പു സാധ്യമാവൂ. സംഘടനയാണ് വലുത്. നേതാക്കളല്ല.
2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി എ.കെ ആന്റണി രാജിവച്ച കാര്യം ഓര്‍ക്കേണ്ടതാണ്. കേരളം പോലെയൊരു സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കുക എളുപ്പമാണെന്ന് ഇനി കരുതേണ്ടതില്ല. ഇടതുപക്ഷ തേരോട്ടം നടത്തിയ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ കോണ്‍ഗ്രസിലെ സി.ആര്‍ മഹേഷ് തിളങ്ങുന്ന വിജയം നേടിയത് കാണുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ മത്സരിച്ചു പരാജയപ്പെട്ട മഹേഷ് ഈ അഞ്ചുവര്‍ഷവും ഇവിടെത്തന്നെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു. പാലക്കാട്ട് ഷാഫി പറമ്പില്‍ ഒരു വശത്ത് ശ്രീധരനെയും മറുവശത്ത് സി.പി.എമ്മിനെയും നേരിട്ടാണ് വിജയിച്ചത്. രാഷ്ട്രീയത്തില്‍ ഏറെ പരീക്ഷണങ്ങളും തിരിമറികളും നേരിട്ട ടി. സിദ്ദീഖ് അവസാനം കല്‍പ്പറ്റയില്‍ പോരാടിത്തന്നെ നിയമസഭയിലെത്തിയ കാര്യവും ശ്രദ്ധിക്കണം.
കോണ്‍ഗ്രസിന് ഇവിടെ ശക്തമായൊരു ഇടമുണ്ട്. വര്‍ഷങ്ങള്‍ കൊണ്ട് പരുവപ്പെടുത്തി പതം വരുത്തിയെടുത്ത ഒരിടം. കേഡര്‍ സ്വഭാവമൊന്നുമില്ലെങ്കിലും ജനങ്ങള്‍ രൂപംകൊടുത്ത ഒരു ഇടമാണത്. ബി.ജെ.പി ആവും വിധം നോക്കിയിട്ടും അവിടം കൈയേറാനായിട്ടില്ല. അത് കാത്തു സൂക്ഷിക്കേണ്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കടമയാണ്. തെരഞ്ഞെടുപ്പില്‍ ആരും ആരുടെ കൈയില്‍ നിന്നും സൗജന്യം പ്രതീക്ഷിക്കരുത്. ഈ പാര്‍ട്ടി പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണ്. നേതാക്കളുടെയല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."