ഒടുവില്‍ എഴുതിതീര്‍ക്കാനുള്ള വരികളോട് യാത്രപറഞ്ഞ് ജോണ്‍പോള്‍ യാത്രയായി
മലയാള സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു ജോണ്‍പോള്‍. മലയാളികളുടെ മനസില്‍ ഇടംപിടിച്ച എക്കാലവും ഓര്‍ത്തുവയ്ക്കാവുന്ന സംഭാവനകള്‍ നല്‍കിയ എഴുത്തുകാരന്‍. എഴുത്തിന് പുറമേ ടെലിവിഷന്‍ അവതാരകന്‍. മാധ്യമ പ്രവര്‍ത്തകന്‍. ചലച്ചിത്ര അധ്യാപകന്‍, ജാഗ്രത്തായ മനസ്സോടെ ജീവിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍, ചലച്ചിത്ര നിര്‍മാതാവ് ഇത്തരത്തില്‍ ബഹുലമായ ജീവിതം നയിക്കുന്ന എഴുത്തുകാരനെത്തേടി ഒട്ടേറെ പുരസ്‌ക്കാരങ്ങളും എത്തിയിട്ടുണ്ട്. നൂറോളം സിനിമയ്ക്ക് തിരക്കഥകളെഴുതിയ ശേഷവും സിനിമയെന്ന മാധ്യമത്തില്‍ താനത്ര സാധകം ചെയ്തിട്ടില്ലെന്ന് പറഞ്ഞ എളിമയെയും ജോണ്‍പോള്‍ എന്നുവിളിക്കാം. സിനിമാ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗദര്‍ശിയായിരുന്ന അദ്ദേഹത്തെ എല്ലാവരും ജോണ്‍ അങ്കിള്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഏവര്‍ക്കും പ്രിയപ്പെട്ട അവരുടെ അങ്കിള്‍ ജോണ്‍.
അധ്യാപകനായിരുന്ന ഷെവലിയര്‍ പുതുശ്ശേരി വര്‍ക്കി പൗലോസിന്റെയും മുളയരിക്കല്‍ റബേക്കയുടേയും മകനായി 1950ല്‍ ഒക്ടോബര്‍ 29ന് പുതുശ്ശേരിയിലായിരുന്നു ജനനം. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍, സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍, പാലക്കാട് ചിറ്റൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോളജ് വിദ്യാഭ്യാസം എറണാകുളം മഹാരാജാസില്‍. പ്രീഡിഗ്രിയും ബിരുദവും തുടര്‍ന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഇവിടെ പൂര്‍ത്തിയാക്കി.
സംവിധായകന്‍ ഐവി ശശിയുടെ 'ഞാന്‍, ഞാന്‍ മാത്രം' എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടായിരുന്നു മലയാള സിനിമയില്‍ അദ്ദേഹം തുടക്കമിടുന്നത്. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലില്‍ ഇത്തിരിനേരം, ഈറന്‍ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങളുടെ തിരക്കഥ ജോണ്‍പോളിന്റേതാണ്. കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവില്‍ എഴുതിയത്.
സംവിധായകന്‍ ഭരതനുമായാണ് ജോണ്‍പോള്‍ ഏറ്റവുധികം ചിത്രങ്ങളില്‍ സഹകരിച്ചത്. 15 എണ്ണത്തില്‍. ചാമരം മുതല്‍ ചമയം വരെ. താന്‍ എഴുതിയ തിരക്കഥകളില്‍ ജോണ്‍പോളിന് ഏറ്റവും പ്രിയപ്പെട്ടത് ചമയം ആയിരുന്നു. എന്റെ ഭരതന്‍ തിരക്കഥകള്‍ എന്നൊരു പുസ്തകവും പ്രസിദ്ധികരിച്ചു. തിരക്കഥയെഴുത്തില്‍ തിരക്കൊഴിഞ്ഞപ്പോഴും ജോണ്‍പോള്‍ സിനിമയില്‍ നിന്ന് മാറിനിന്നില്ല. ഭരതനുവേണ്ടി അവസാനമെഴുതിയ മഞ്ജീരധ്വനിക്ക് ശേഷം 12 വര്‍ഷം കഴിഞ്ഞ് ഐ വി ശശിയുടെ വെള്ളത്തൂവല്‍ എന്ന ചിത്രത്തിന് എഴുതി. വീണ്ടും പത്തുവര്‍ഷം കഴിഞ്ഞ് പ്രണയ മീനുകളുടെ കടലിലൂടെ തിരിച്ചെത്തി. ഇടവേളകളില്‍ സിനിമാ അധ്യാപനവും സിനിമാ സംബന്ധിയായ പുസ്തകമെഴുത്തിലുമായിരുന്നു. മലയാളസിനിമയുടെ ആദ്യ 25 വര്‍ഷത്തെ ചരിത്രമെഴുതുന്ന തിരക്കിലായിരുന്നു അവസാന കാലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."