നിയന്ത്രണം ലംഘിച്ച് മൂന്നാറില്‍ ധ്യാനം: നൂറിലധികം പുരോഹിതര്‍ക്ക് കൊവിഡ് ബാധ, രണ്ടു വൈദികര്‍ മരിച്ചു
തൊടുപുഴ: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ ധ്യാനത്തില്‍ സംബന്ധിച്ച നൂറിലധികം പുരോഹിതര്‍ക്ക് രോഗ ബാധ. രണ്ടു വൈദികര്‍ മരണപ്പെടുകയും ചെയ്തു. സി.എസ്.ഐ ദക്ഷിണ മഹാ ഇടവകയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ മാസം 13 മുതല്‍ 17 വരെ മൂന്നാറിലെ ക്രൈസ്റ്റ് ചര്‍ച്ച് ദേവാലയത്തില്‍ 350ലധികം വൈദികര്‍ പങ്കെടുത്ത വാര്‍ഷിക സമ്മേളനം നടന്നത്.
ധ്യാനത്തില്‍ സംബന്ധിച്ച അഞ്ചു പേരുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. സി.എസ്.ഐ സഭയുടെ പരമാധ്യക്ഷനും മോഡറേറ്ററുമായ ബിഷപ്പ് എ. ധര്‍മ്മരാജ് റസാലവും വീട്ടില്‍ ചികിത്സയിലാണ്.
സമ്മേളനത്തില്‍ പങ്കെടുത്ത റവ. ബിജു മോന്‍ (52), റവ. ഷൈന്‍ ബി. രാജ് (43) എന്നീ വൈദികരാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. വട്ടപ്പാറകഴുക്കോട് സിഎസ്‌ഐ പള്ളിയിലെ വികാരിയായിരുന്നു ബിജു മോന്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇദ്ദേഹം മരണപ്പെട്ടത്. തിരുമല പുന്നയ്ക്കാമുകള്‍ സിഎസ്‌ഐ ദേവാലയത്തിലെ വികാരിയായിരുന്നു ഷൈന്‍ ബി. രാജ്.
ഈ പരിപാടി മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സഭാ നേതൃത്വത്തോട് പലരും ആവശ്യപ്പെട്ടെങ്കിലും നേതൃത്വം ചെവികൊണ്ടിരുന്നില്ല. സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ വൈദികര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് നേതൃത്വം ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. തിരുവനന്തപുരം പാളയം എല്‍.എം.എസ് കോമ്പൗണ്ടില്‍ നിന്ന് ബസിലാണ് വൈദികരെ മൂന്നാറിലേക്ക് കൊണ്ടുപോയത്.
രോഗബാധിതരായ നിരവധി വൈദികരാണ് സഭയുടെ ഉടമസ്ഥതയിലുള്ള കാരക്കോണം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരിക്കുന്നത്. കുറേപേര്‍ വീടുകളിലും ചികിത്സയിലാണ്.
ആരോഗ്യവകുപ്പിനെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളെയും അറിയിക്കാതെയാണ് സഭ രഹസ്യമായി ഈ സമ്മേളനം മൂന്നാറില്‍ നടത്തിയതെന്ന് സി.എസ്.ഐ ട്രസ്റ്റ് അസോസിയേഷന്‍ ഭാരവാഹിയായ ജേക്കബ് മാത്യൂ ആരോപിച്ചു. കൊവിഡ് കൂടുന്ന ഇക്കാലത്ത് അന്‍പത് പേരിലധികം യോഗം ചേരാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് സഭ ലംഘിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."