മേഘാലയയില്‍ നാടകീയനീക്കങ്ങള്‍; കോണ്‍റാഡ് സാങ്മയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് എച്ച്.എസ്.പി.ഡി.പി; അവകാശവാദമുന്നയിച്ച് യു.ഡി.പി
ഷില്ലോങ്: നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് നാടകീയ നീക്കങ്ങള്‍. നിലവിലെ കാവല്‍ മുഖ്യമന്ത്രിയും 26 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ എന്‍പിപിയുടെ അധ്യക്ഷനുമായ കോണ്‍റാഡ് സാങ്മ സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷമുണ്ടെന്ന് അവകാശവാദവുമായി ഇന്നലെ ഗവര്‍ണറെ കണ്ടിരുന്നു. എന്നാല്‍ അതിനു പിന്നാലെ സഖ്യത്തിനുള്ള പിന്തുണ പിന്‍വലിച്ച് ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്എസ്പിഡിപി) പിന്മാറി.
വെള്ളിയാഴ്ച്ചയാണ് 60 അംഗ സഭയില്‍ 32 പേരുടെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ രൂപീകരണത്തിന് സാങ്മ അവകാശവാദം ഉന്നയിച്ചത്. കേവല ഭൂരിപക്ഷം 31 ആണ്. അതിനേക്കാള്‍ ഒരാളുടെ പിന്തുണ കൂടുതലുണ്ടെന്നായിരുന്നു സാങ്മയുടെ അവകാശവാദം. മാര്‍ച്ച് ഏഴിന് സത്യപ്രതിജ്ഞ നടത്തുമെന്നും സാങ്മ അവകാശപ്പെട്ടിരുന്നു. എന്നാല്‍ രാത്രി വൈകി രണ്ട് എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണ് വിവരം. എച്ച്.എസ്.പി.ഡി.പിയുടെ പിന്മാറ്റം ഈ നീക്കത്തെ തുടര്‍ന്നാണെന്നാണ് കരുതുന്നത്. അഞ്ചു സീറ്റുകളാണ് തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചിട്ടുള്ളത്. തൃണമൂല്‍ നേതാവ് മുകുള്‍ സാങ്മ പതിനൊന്ന് സീറ്റുകള്‍ നേടി രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായ യുഡിപിയുമായും മറ്റു ചെറുപാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസിനും അഞ്ച് സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. ഒരു ബിജെപിഎന്‍പിപി ഇതര സര്‍ക്കാര്‍ രൂപീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുകുള്‍ സാങ്മ പറഞ്ഞു. ഇതിനായി അക്കങ്ങള്‍ തികഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."