ബ്രഹ്മപുരത്തെ അഗ്നിബാധ: ജാഗ്രതാ നിര്‍ദേശം, പ്രദേശവാസികള്‍ നാളെ വീടുകളില്‍ കഴിയണമെന്ന് കലക്ടര്‍
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീ അണയ്ക്കാന്‍ സാധിക്കാത്തതിനാല്‍ കൊച്ചി നഗരത്തിലെ ജനങ്ങള്‍ നാളെ വീടുകളില്‍ കഴിയണമെന്ന് കലക്ടര്‍ രേണു രാജ്.
നാളെ യുദ്ധകാലടിസ്ഥാനത്തില്‍ തീകെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഞായറാഴ്ച ആയതിനാല്‍ ബ്രഹ്മപുരം പരിസരത്തും പുക വ്യാപകമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സ്ഥലങ്ങളിലും മുന്‍കരുതല്‍ വേണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഈ മേഖലയില്‍ പരമാവധി കടകള്‍ അടച്ചിടാന്‍ ശ്രമിക്കണം കൂടുതല്‍ പുക ഉയരാനുള്ള സാഹചര്യം മുന്നില്‍കണ്ട് വീടുകളില്‍ തന്നെ തുടരുന്നതാകും ഉചിതമെന്ന് കലക്ടര്‍ അറിയിച്ചു.
തീപ്പടര്‍ന്ന് 48 മണിക്കൂറ് പിന്നിടുമ്പോഴും ബ്രഹ്മപുരത്തെ മാലിന്യമലയില്‍ പുക ഉയരുകയാണ്.ഒരു ഭാഗത്ത് തീ കെടുത്തുന്‌പോഴും പ്ലാസ്റ്റിക് മാലിന്യത്തിലെ കനലുകള്‍ വീണ്ടും പടരുകയാണ്. ഇതോടെ ബ്രഹ്മപുരത്ത് നിന്നുള്ള പുക രാവിലെ കൊച്ചി നഗരത്തിലെ വൈറ്റില മുതല്‍ തേവര വരെയുള്ള മേഖലകളിലേക്ക് എത്തിയിരുന്നു. അഗ്‌നിബാധയെ തുടര്‍ന്ന് കൊച്ചിനഗരത്തിലെ മാലിന്യ നീക്കവും തടസ്സപ്പെട്ടിരിക്കുകയാണ്.
നഗരത്തിലെ മാലിന്യനീക്കം നാളെയോടെ പുനരാരംഭിക്കുമെന്നും മാലിന്യ നിക്ഷേപത്തിന് മറ്റു സ്ഥലങ്ങള്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."