ഇനി കൊവിഡിനൊപ്പം ഇന്ധനവിലയും ഉയരും
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ രാജ്യത്ത് വീണ്ടും ഇന്ധനവില ഉയരാന്‍ തുടങ്ങിയിരിക്കുകയാണ്. ചൊവ്വാഴ്ച മുതല്‍ തുടര്‍ച്ചയായ രണ്ട് ദിവസവും വില വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 19 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്നലെ വര്‍ധിപ്പിച്ചത്. ചൊവ്വാഴ്ച നഗരങ്ങളില്‍ പെട്രോള്‍ വില ലിറ്ററിനു 12 പൈസ മുതല്‍ പതിനഞ്ചു പൈസ വരേയും ഡീസല്‍ ലിറ്ററിനു 15 പൈസ മുതല്‍ 18 പൈസ വരേയുമാണ് വര്‍ധിപ്പിച്ചത്. വന്‍ നഗരങ്ങളിലും ഇടത്തരം നഗരങ്ങളിലും തമ്മില്‍ ഇന്ധനവിലയില്‍, ലിറ്ററിനു രണ്ട് രൂപയിലധികം വ്യത്യാസമുണ്ട്.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തെത്തുടര്‍ന്ന്, ഏപ്രില്‍ 15നു ഇന്ധനവില കുറച്ചിരുന്നു. അന്ന് പെട്രോള്‍ ലിറ്ററിനു 16 പൈസയും ഡീസല്‍ 14 പൈസയും കുറച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഇന്ധനവില വര്‍ധിക്കാന്‍ തുടങ്ങിയതില്‍നിന്ന്, വില വര്‍ധനവുമായി കേന്ദ്ര സര്‍ക്കാരിനു ബന്ധമില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങളായ എണ്ണക്കമ്പനികള്‍ക്കാണ് വില നിര്‍ണയ അധികാരമെന്നുമുള്ള അവകാശവാദം പൊളിഞ്ഞിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ദയനീയമാംവിധം പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാര്‍, മനുഷ്യര്‍ ഈയാംപാറ്റകളെ പോലെ മരിച്ചുവീണു കൊണ്ടിരിക്കുമ്പോള്‍ യാതൊരു മനഃസാക്ഷി കുത്തും ഇല്ലാതെ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയിരിക്കുകയാണ്. സാധാരണക്കാരോട് യാതൊരു പ്രതിബദ്ധതയും പുലര്‍ത്താത്ത, ആപത്ത് സമയത്ത് ജനതക്കൊപ്പം നില്‍ക്കാത്ത ഒരു സര്‍ക്കാരാണിതെന്ന് ഇടക്കിടെ ഇത്തരം നടപടികളിലൂടെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. അവരെ മരണത്തിനു എറിഞ്ഞു കൊടുക്കുന്നതോടൊപ്പം തന്നെ അവന്റെ പോക്കറ്റിലെ അവസാനത്തെ ചില്ലിയും കവര്‍ന്നെടുക്കുന്ന നടപടിയായിപ്പോയി ഈ സമയത്തെ ഇന്ധനവില വര്‍ധന.
കൊവിഡ് ബാധിതരെ ചികിത്സിക്കുന്നതിലും ശ്വാസം കിട്ടാതെ പിടഞ്ഞുമരിക്കുന്നവര്‍ക്ക് ഇത്തിരി ജീവവായു എത്തിക്കുന്നതിലും തീരെ താല്‍പര്യം കാണിക്കാത്ത സര്‍ക്കാര്‍, ഇന്ധനവില കൂട്ടാന്‍ എടുത്ത ഉത്സാഹം ഈ സര്‍ക്കാര്‍ സാധാരണക്കാരനൊപ്പമല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിദേശ മാധ്യമങ്ങള്‍ വിമര്‍ശിച്ചത്. വിദേശരാഷ്ട്ര നേതാക്കളും ഇന്ത്യന്‍ ഭരണകൂടത്തിന്റെ പിടിപ്പുകേടിനെക്കുറിച്ചു അപലപിക്കുകയുണ്ടായി. ബുദ്ധിജീവികളും ബ്യൂറോക്രാറ്റുകളുംവരെ ഒരു മഹാമാരിയെ പ്രതിരോധിക്കുന്നതിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ കഴിവുകേടിനെ തുറന്നുകാട്ടുകയുണ്ടായി. അതില്‍ അവസാനത്തെ പ്രമുഖ വ്യക്തിയാണ് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. അദ്ദേഹത്തിന്റെ കടുത്ത ഭാഷയിലുള്ള വിമര്‍ശനമൊന്നും സര്‍ക്കാരിനെ സ്പര്‍ശിക്കുമെന്നു തോന്നുന്നില്ല. ലോകം ഒന്നടങ്കം വിമര്‍ശിച്ചിട്ടും പരാജയത്തില്‍നിന്നു പാഠം പഠിക്കാത്ത, സാധാരണക്കാരുടേതല്ലാത്ത ഒരു സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. നേതൃത്വമില്ലായ്മയും ദീര്‍ഘവീക്ഷണമില്ലായ്മയുമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ കൊവിഡ് പ്രതിസന്ധിക്ക് കാരണമായതെന്ന് രഘുറാം രാജന്‍ ആരോപിക്കുകയുണ്ടായി. 'ആവശ്യത്തിനു ജാഗ്രത കാട്ടിയിരുന്നുവെങ്കില്‍ രണ്ടാം വരവിനെ മുന്‍കൂട്ടി അറിഞ്ഞ് ഫലപ്രദമായി നേരിടാമായിരുന്നു. ലോകത്ത് കൊവിഡ് വ്യാപനം തടയുവാന്‍ എന്തൊക്കെ നടപടികളാണ് എടുക്കുന്നതെന്നതുസംബന്ധിച്ച് ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് യാതൊരു ധാരണയുമില്ല. ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ട വാക്‌സിനുകളിലും ഓക്‌സിജന്‍ സിലിണ്ടറുകളിലും കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാരില്‍ നിന്നുണ്ടായത്'- ഈ രീതിയില്‍ പോകുന്നു രഘുറാം രാജന്റെ വിമര്‍ശനങ്ങള്‍. അന്താരാഷ്ട്ര വിമര്‍ശനങ്ങളില്‍ യാതൊരു വിമ്മിഷ്ടവും പ്രകടിപ്പിക്കാത്ത കേന്ദ്ര സര്‍ക്കാരിന് രഘുറാം രാജന്റെ വിമര്‍ശനവും ഏശുമെന്ന് തോന്നുന്നില്ല.
എന്നാല്‍, ഈ വിഷമഘട്ടത്തിലും ഇന്ധവില കൂട്ടിയതിലൂടെ തങ്ങള്‍ കോര്‍പറേറ്റുകള്‍ക്കൊപ്പം തന്നെയാണ് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതെന്നു ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. അല്ലായിരുന്നുവെങ്കില്‍, കൊവിഡ് മഹാമാരി ലോകത്താകമാനം പടര്‍ന്നുപിടിച്ചിരിക്കുന്ന ഒരു സമയത്ത്, ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റ വില കുറഞ്ഞ ഒരവസ്ഥയില്‍, ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിക്കുന്ന ക്രൂരവിനോദത്തിന് സര്‍ക്കാര്‍ മുതിരുമായിരുന്നോ?
പതിനെട്ടു ദിവസത്തിനു ശേഷം കേരളത്തില്‍ പെട്രോളിനു 29 പൈസയും ഡീസലിനു 32 പൈസയുമാണ് ലിറ്ററിന്മേല്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ധനവിലയും കേന്ദ്ര സര്‍ക്കാരും തെരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് ഇന്ധനവില കൂടാതിരിക്കുകയും തെരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്ത് വന്നതോടെ വില കൂട്ടുകയും ചെയ്ത ഒരവസരത്തില്‍ എണ്ണക്കമ്പനികള്‍ക്കാണ് വില നിര്‍ണയാധികാരമെന്ന് സര്‍ക്കാര്‍ പറയുന്നത് ആരാണ് വിശ്വസിക്കുക. കേന്ദ്ര സര്‍ക്കാരിന് ഇന്ധന വില വര്‍ധിപ്പിക്കുന്നതില്‍ വലിയ തോതിലുള്ള സ്വാധീനം ഉണ്ടെന്നതിന്റെ തെളിവാണ് ഫലപ്രഖ്യാപനം വന്നയുടനെ തന്നെയുള്ള ഇന്ധനവിലയിലെ വര്‍ധന. ഇപ്പോഴത്തെ ഏറ്റവും വലിയ വില വര്‍ധന അനുഭവപ്പെടുക മുംബൈയിലാണ്. കൊവിഡ് രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചതും മഹാരാഷ്ട്രയെയാണ്. മഹാരാഷ്ട്ര സര്‍ക്കാരിന് മേല്‍ ഏറ്റവും കൂടുതല്‍ വില അടിച്ചേല്‍പ്പിക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാരമാണ് ഇതിലൂടെ വ്യക്തമാകുന്നത്. മുല്യവര്‍ധിത നികുതിയില്‍ ഇളവു വരുത്തി, കൊവിഡ് കൊണ്ട് കഷ്ടപ്പെടുന്ന സാധാരണ ജനങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം പകരാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ നടപടിയെടുക്കുമെങ്കില്‍ അത് വലിയൊരാശ്വാസമായിരിക്കും മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക്.
ഒരു വര്‍ഷം മുന്‍പ് കൊവിഡ് തന്ന മാരക പ്രഹരത്തില്‍ നിന്നു മോചിതരാകാത്ത ജനതയോടുള്ള ഭരിക്കുന്ന സര്‍ക്കാരിന്റെ ഇരട്ടപ്രഹരമാണ് ഇപ്പോഴത്തെ ഇന്ധനവില വര്‍ധന. ഒരു ജനാധിപത്യ രാജ്യത്തെ ഭരണകൂടം ജനങ്ങളോട് പാലിക്കേണ്ട സാമാന്യ രാഷ്ട്രീയ ധാര്‍മികത പോലുമില്ലാതെയാണ് മോദി സര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ രാജ്യത്തെ കൊവിഡ് ബാധ ഉയരുന്നതോടൊപ്പം ഇന്ധനവിലയിലും വര്‍ധനവുണ്ടാകുന്നത് പേടിയോടെ കാത്തിരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."