ഭിന്നത പുറത്തായി; ജോസിനെ സി.പി.എമ്മും ചതിച്ചെന്ന്
കോട്ടയം: പാലായില്‍ ജോസ് കെ. മാണിയെ സ്വന്തം പാര്‍ട്ടിക്കാര്‍ മാത്രമല്ല സി.പി.എമ്മും ചതിച്ചെന്ന്. പാലാ തോല്‍വിയില്‍ സി.പി.എമ്മിനെതിരേ ആരോപണവുമായി കേരള കോണ്‍ഗ്രസ് (എം) രംഗത്തെത്തി.
ജോസിന്റെ തോല്‍വിയുടെ പേരില്‍ കേരള കോണ്‍ഗ്രസി(എം)ല്‍ തമ്മിലടി രൂക്ഷമായിരിക്കെയാണ് സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം തോമസ് ചാഴിക്കാടന്‍ എം.പി രംഗത്തെത്തിയത്. പാലായില്‍ സി.പി.എം വോട്ടുകള്‍ ചോര്‍ന്നത് പരിശോധിക്കണമെന്നാണ് ചാഴിക്കാടന്റെ ആവശ്യം. കേരള കോണ്‍ഗ്രസ് (എം) ഉയര്‍ത്തിയ ആരോപണം സി.പി.എം അന്വേഷിക്കും. അഞ്ചു സീറ്റുകളുടെ മികവാര്‍ന്ന ജയത്തിനിടയിലും ജോസിന്റെ തോല്‍വി പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രചാരണത്തിനെത്തിയിട്ടും എ.കെ.ജി സെന്ററില്‍നിന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും കേഡര്‍ വോട്ടുകളടക്കം മാണി സി. കാപ്പനു കിട്ടിയത് സി.പി.എമ്മിനും കനത്ത പ്രഹരമായി.
താഴേത്തട്ടില്‍ ജോസിനെതിരേയുള്ള വികാരവും കേരള കോണ്‍ഗ്രസ്- സി.പി.എം യോജിപ്പില്ലായ്മയും തിരിച്ചടിയായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബി.ജെ.പി സഹായത്താലാണ് കാപ്പന്റെ വിജയമെന്ന ആരോപണം ഉയര്‍ത്തുന്നതിനിടെ സ്വന്തം വോട്ടുകളും കാപ്പനിലേക്കു പോയെന്നത് സി.പി.എമ്മിന് നാണക്കേടായി. ബി.ജെ.പി ഭരിക്കുന്ന മുത്തോലിയില്‍ മാത്രമാണ് ജോസ് മുന്നിലെത്തിയത്.
സി.പി.എം- കേരള കോണ്‍ഗ്രസ് (എം) ശക്തികേന്ദ്രങ്ങളടക്കം 11 പഞ്ചായത്തുകളിലും പാലാ നഗരസഭയിലും കാപ്പന് ലീഡു കിട്ടി. പ്രാദേശിക സി.പി.എമ്മുകാര്‍ക്ക് ജോസിനെ ഉള്‍ക്കൊള്ളാനാവാതെപോയതും തെരഞ്ഞെടുപ്പിനിടെ പാലാ നഗരസഭയില്‍ സി.പി.എം- കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍മാരുടെ ഏറ്റുമുട്ടലും വോട്ടെടുപ്പില്‍ പ്രതിഫലിച്ചതായാണ് സി.പി.എമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍. ജോസിന്റെ തോല്‍വിയെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് സി.പി.എം സംസ്ഥാന നേതൃത്വത്തിനു കൈമാറി. മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ പാലായിലെ തോല്‍വി വിശദമായി പരിശോധിക്കാനാണ് സി.പി.എം തീരുമാനം.ഇതിനിടെ ജോസിന്റെ തോല്‍വിയുടെ പേരില്‍ പാലായിലെ കേരള കോണ്‍ഗ്രസി(എം)ലും തമ്മിലടി രൂക്ഷമായി. മുതിര്‍ന്ന നേതാക്കളാണ് ജോസിന്റെ തോല്‍വിക്കു കാരണമെന്ന വിമര്‍ശനവുമായി യൂത്ത്ഫ്രണ്ട് (എം) പ്രാദേശിക നേതാക്കള്‍ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."