കോഴിക്കോട്ടങ്ങാടിയിലെ നോമ്പുകാലം
നജീബ് മൂടാടി
കോഴിക്കോട്ടങ്ങാടിയോളം റമദാന്‍ നോമ്പിന്റെ മനോഹാരിതയുള്ള ദേശം അപൂര്‍വമായിരിക്കും. പ്രത്യേകിച്ചും വലിയങ്ങാടിയും കൊപ്രബസാറും സെന്‍ട്രല്‍ മാര്‍ക്കറ്റുമൊക്കെ അടങ്ങിയ പ്രദേശം. രണ്ടാംഗേറ്റ് കടന്നാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് കടന്ന് കോര്‍ട്ട്‌റോഡ് മുതല്‍ കടപ്പുറം വരെ നീണ്ടുകിടക്കുന്ന കൊപ്രയുടെയും മലഞ്ചരക്കിന്റെയും റബറിന്റെയും കച്ചവടം. അന്നന്നത്തെ ചെറുകിട ഏര്‍പ്പാട് നടത്തുന്ന പീടികകള്‍ മുതല്‍ വമ്പന്‍ പാണ്ട്യാലകള്‍ വരെ ഈ പ്രദേശത്താണ്. കോയസ്സന്‍കോയ റോഡും കാലിച്ചാക്കുകാരുടെ ഇടവഴിയും ഹല്‍വാ ബസാറും പച്ചത്തേങ്ങ കച്ചവടക്കാര്‍ നീളത്തിലുള്ള കടപ്പുറവും. അതുവഴി നേരെ നടന്നാല്‍ അരിക്കച്ചവടവും മറ്റ് അങ്ങാടി സാധനങ്ങളുടെ മൊത്തക്കച്ചവടക്കാരുടെ കേന്ദ്രമായ വലിയങ്ങാടി. അപ്പുറം ഗുജറാത്തി സ്ട്രീറ്റ്.
നിത്യവും പൊടിപൊടിച്ച കച്ചവടം നടക്കുന്ന ഈ പ്രദേശത്ത് പകല്‍ മുഴുവന്‍ തിരക്കാണ്. ചരക്കുമായി വരുന്നവരും ചരക്കു വാങ്ങാന്‍ വരുന്നവരും കയറ്റിറക്ക് തൊഴിലാളികളും പീടികകളിലെയും പാണ്ട്യാലകളിലെയും ഗുദാമുകളിലെയും പണിക്കാരും മൂപ്പന്മാരും കമ്മാലികളും റൈറ്റര്‍മാരും ഉക്രാണി പിരിക്കുന്നവരും
വാഹനങ്ങളും... അങ്ങനെ ആകെ ആളും ബഹളവും നിറഞ്ഞ കോഴിക്കോട്ടങ്ങാടിയുടെ ഹരം അവിടെയാണ്. ചുക്കിന്റെയും കുരുമുളകിന്റെയും അരിയുടെയും മസാലകളുടെയും സള്‍ഫര്‍ പുകയുടെയും നാറുന്ന ഓടയുടെയും കൂടിക്കുഴഞ്ഞ മണം. അധ്വാനിച്ച് വിയര്‍ത്തു കുളിച്ചോടുന്ന മനുഷ്യന്മാര്‍.
ഇന്ന് ഈ അങ്ങാടിയുടെ പ്രതാപം കുറഞ്ഞുപോയെങ്കിലും എണ്‍പതുകളില്‍ രണ്ടുവര്‍ഷത്തോളം കൊപ്രബസാറില്‍ ഉണ്ടായിരുന്ന കാലത്തെ നോമ്പോര്‍മയുടെ മധുരവും തണുപ്പും ഇപ്പോഴും ഉള്ളിലുണ്ട്. മുതലാളിമാരും തൊഴിലാളികളും ചരക്കെടുക്കാനും വില്‍ക്കാനും വരുന്നവരും ചേര്‍ന്നൊരു മജയാണ് കോഴിക്കോട്ടങ്ങാടിയിലെ അന്നത്തെ നോമ്പുകാലങ്ങള്‍ക്ക്. റമദാന്‍ നോമ്പ് തുടങ്ങിയ ദിവസംതന്നെ അങ്ങാടിയില്‍ അതിന്റെയൊരു ഉത്സാഹം അറിയാം. വെന്തുവിയര്‍ക്കുന്ന വേനലിലും ഒരുതുള്ളി വെള്ളമിറക്കാതെ ചുമടെടുത്തോടുന്ന തൊഴിലാളികള്‍. അവിലും വെള്ളവും നന്നാറി സര്‍ബത്തും വത്തക്കാവെള്ളവും വില്‍ക്കുന്ന കടകള്‍ക്ക് മുന്നില്‍ ഒട്ടും തിരക്കില്ലാതെ. കോഴിബിരിയാണിക്ക് പേരുകേട്ട
ബോംബെ ഹോട്ടലും അന്ന് ഇരുപത്തിയഞ്ച് രൂപയ്ക്ക് ബീഫ് ബിരിയാണി കിട്ടുമായിരുന്ന റഹ്മത്ത് ഹോട്ടലുമടക്കം അങ്ങാടിയിലെ പ്രമുഖ ഹോട്ടലുകള്‍ ഒക്കെയും റമദാന്‍ മാസം കാണുന്നതോടെ അടക്കും. അരിച്ചാക്ക് കയറ്റിയ റാളിയുന്തിപ്പായുമ്പോള്‍ വഴിമുടക്കുന്ന ആളോടും വണ്ടിക്കാരോടും ഉച്ചത്തില്‍ വായില്‍ തോന്നിയത് പറയുന്ന തൊഴിലാളി വമ്പന്മാരുടെ നാവില്‍നിന്ന് 'മാറിക്കോള്യെ'ന്നല്ലാതെ 'ഐവായ' വാര്‍ത്താനങ്ങള്‍ ഒന്നും വരുന്നില്ല. നോമ്പാണെങ്കിലും കൊപ്പരപാണ്ട്യാലകളില്‍ മെഷീനിലേക്ക് ആദ്യത്തെ കൊട്ട വയ്ക്കുമ്പോള്‍ ഒട്ടും ഉത്സാഹം കുറയാതെ പതിവുപോലെ ഉച്ചത്തില്‍ എണ്ണുന്നത് കേള്‍ക്കാം.
'ലാഭനാ ലാബം.... രണ്ടാരണ്ട്.... മൂന്നാ മൂന്ന്...'
റമദാനില്‍ പീടികകളിലേക്ക് ചരക്കെടുക്കാന്‍ വരുന്നവരും നോമ്പുകാലത്തെ ചെലവുകള്‍ക്കായി കരുതിവച്ച കൊപ്രയും കുരുമുളകും ചുക്കും അടക്കയുമൊക്കെ വില്‍ക്കാന്‍ വരുന്നവരും കഴിയുന്നതും നേരത്തെവന്ന് അധികം പാണ്ട്യാലകള്‍ കയറിയിറങ്ങാതെ ചരക്കുകള്‍ വിറ്റും വാങ്ങിയും വേഗംതന്നെ നാടുപിടിക്കുന്നു. ളുഹ്‌റ് ബാങ്ക് കൊടുക്കുമ്പോഴേക്കു തന്നെ ജമാഅത്ത് നിസ്‌കാരത്തിന് ആളുകളാല്‍ പള്ളി നിറഞ്ഞിരിക്കും. നോമ്പുകാരന്റെ വരണ്ട മുഖത്തും കൈകാലുകളിലും ഹൗളിലെ വെള്ളം വീഴുമ്പോള്‍ ആകെ തണുക്കുന്നതുപോലെ പള്ളിയകം അവരുടെ മനസുകളെയും തണുപ്പിക്കുന്നു. തലേന്നു വരെ നിസ്‌കാരം കഴിഞ്ഞാലുടനെ ധൃതിപ്പെട്ട് ഇറങ്ങിപ്പോകുമായിരുന്ന തിരക്കുപിടിച്ച മുതലാളിമാരെയൊക്കെ
ജമാഅത്ത് നിസ്‌കാരം കഴിഞ്ഞാല്‍ ഉടനെയുള്ള ഉറുദി കേട്ടും ഖുര്‍ആന്‍ പാരായണം ചെയ്തും പള്ളിക്കകത്തു തന്നെ കാണാം. ആര്‍ക്കും ഒരു തിരക്കും ബേജാറുമില്ല. അങ്ങാടിക്ക് മൊത്തം റമദാനിന്റെ ശാന്തതയാണ്. വിശപ്പിന്റെ തളര്‍ച്ചയല്ല, ഉത്സാഹമാണ്. പാണ്ട്യാലകളും വലിയങ്ങാടിയിലെ കച്ചവടസ്ഥാപനങ്ങളുമൊക്കെ അസര്‍ നിസ്‌കാര സമയമാകുംമുമ്പേ കച്ചവടം നിര്‍ത്തും. മുതലാളിമാരും പണിക്കാരുമൊക്കെ നേരത്തെ ഇറങ്ങും. സെന്റര്‍ മാര്‍ക്കറ്റിനു പുറത്തെ പച്ചക്കറിയും ഫ്രൂട്ട്‌സും വില്‍ക്കുന്ന കടകളിലും അകത്തെ മീന്‍മാര്‍ക്കറ്റിലും നോമ്പുതുറയുടെ നേരത്തേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ തിരക്കു കൂട്ടുന്നവര്‍. വത്തക്കയും പൈനാപ്പിളും ചെറുനാരങ്ങയും ഈത്തപ്പഴവും കൊതിപ്പിക്കുന്ന മണവുമായി പൊരിച്ചുവച്ച പലഹാരങ്ങളും...
അത്രയും നേരം അരിച്ചാക്കുകള്‍ ചുമന്നും കൊപ്രക്കൊട്ടകള്‍ തൂക്കിയും കളത്തില്‍ കൊപ്ര ചിക്കിയും ചേവിന്റെ ചൂടില്‍ കൊപ്ര നിരത്തിയും അടക്കാച്ചാക്കുകള്‍ 'സള്‍ഫര്‍ ന് വച്ചും' കുരുമുളക് ലോറിയില്‍ അട്ടിയിട്ടും ചുക്ക് വാരിയും അങ്ങനെയങ്ങനെ അധ്വാനമുള്ള ഒരുപാട് പണികള്‍ പച്ചവെള്ളമിറക്കാതെ നോമ്പിന്റെ തളര്‍ച്ചയിലും ഉത്സാഹത്തോടെ പേറിയവര്‍ വീട്ടിലേക്ക് മടങ്ങുന്നു, നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കാനുള്ള സാധനങ്ങളുമായി വരുന്ന വീട്ടുകാരനെ കാത്തിരിക്കുന്നവരിലേക്ക്. ആദ്യനോമ്പിന്റെ തളര്‍ച്ചയില്‍ ഉപ്പയെ കാത്തിരിക്കുന്ന കുഞ്ഞുങ്ങളുണ്ടാവും. കോഴിക്കോട്ടങ്ങാടിയിലെ നോമ്പുതുറ അതൃപ്പങ്ങളുമായി വരുന്ന ഉപ്പയെ കാത്ത്.
റമദാനിന്റെ മുഴുവന്‍ ദിവസങ്ങളിലും അങ്ങാടിക്ക് നോമ്പിന്റെ പ്രത്യേക ചൈതന്യമാണ്. സക്കാത്തായും സ്വദഖയായും ആഞ്ഞുവീശുന്ന കാറ്റുപോലെ ധര്‍മം ചെയ്യുന്ന മുതലാളിമാര്‍. ബാങ്കുകളില്‍നിന്ന് നോമ്പുകാലത്തേക്കായി വിതരണം ചെയ്യുന്ന പുത്തന്‍ കറന്‍സി കെട്ടുകളുടെ മണം. ദൂരെദിക്കുകളില്‍നിന്നും വരുന്ന എത്ര പാവങ്ങള്‍ക്കാണ് ആ പണമത്രയും നിര്‍ലോഭം ചുരുട്ടി കൈയില്‍ വച്ചുകൊടുക്കുന്നത്. എത്രയോ സ്ഥാപനങ്ങള്‍ക്കും പള്ളികള്‍ക്കും വേണ്ടി എത്തുന്ന പിരിവുകാര്‍. 'അണപൈ' കണക്കുനോക്കുന്ന മുതലാളിമാര്‍ പോലും നോമ്പിന്റെ ഹൃദയത്തണുപ്പില്‍ എത്ര ഉദാരരായി മാറുന്നു. വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയിക്കാതെ ഏതൊക്കെ ദിക്കുകളിലേക്കാണ് ഈ ബര്‍ക്കത്തുള്ള പ്രദേശത്തിന്റെ കൈകള്‍ നീളുന്നത്.
ആത്മീയ ചൈതന്യത്തിന്റെ തിളക്കമാണ് ഓരോ മുഖങ്ങളിലും. ധൃതി ഇല്ലാത്ത ശാന്തതയാണ്. റമദാന്‍ മാസം മുഴുവനും ഈ അങ്ങാടിക്ക് പതിഞ്ഞൊരു താളമാണ്. പടച്ചവനോട് കൂടുതല്‍ കൂടുതല്‍ അടുക്കുന്നതിന്റെ നിര്‍വൃതി. വലിയ ആള്‍ത്തിരക്കിലും അവനവനിലേക്ക് ആഴത്തില്‍ ഇറങ്ങാനും പാപമോചനത്തിനും അനുഗ്രഹങ്ങള്‍ക്കുമായി പ്രാര്‍ഥനയോടെ നടക്കുന്ന ദിവസങ്ങള്‍. പുഴവക്കത്തെ പള്ളിയും കാതിരിക്കോയ പള്ളിയും എം.എസ്.എസ് പള്ളിയും വലിയങ്ങാടിയിലെ പള്ളിയും മീന്‍മാര്‍ക്കറ്റിന് പിറകിലെ പള്ളിയുമൊക്കെ ആത്മീയമായ ഉദ്‌ബോധനം കൊണ്ട് ഓരോ മനുഷ്യര്‍ക്കും ഉണര്‍വാവുകയാണ്. വലിപ്പച്ചെറുപ്പമില്ലാതെ ഉറുദി കേള്‍ക്കാനിരിക്കുന്നവര്‍.
ഉച്ചവരെ പണികഴിഞ്ഞ് പള്ളിയുടെ ഒന്നാംനിലയില്‍ നോമ്പിന്റെ തളര്‍ച്ച മാറ്റാന്‍ കിടക്കുമ്പോള്‍ ഒഴുകിവരുന്നൊരു കാറ്റുണ്ട്. അങ്ങാടിയുടെ മണമുള്ള കാറ്റ്. ഓരോ നോമ്പുകാരനെയും തഴുകി ആ കാറ്റങ്ങനെ കടന്നുപോകും. കാലങ്ങള്‍ക്കിപ്പുറവും ആ കാറ്റിന്റെ തണുപ്പറിയുന്നുണ്ട്. കോഴിക്കോട്ടങ്ങാടിയിലെ നോമ്പുകാലം ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ നിറയുന്ന തണുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."