ഇടതുപക്ഷത്തില്‍നിന്ന്<br>വലതുപക്ഷത്തിലേക്കുള്ള ദൂരം
'കളപറിച്ചുകളയും വിളസംരക്ഷിക്കും' എന്ന വാചകം ഭാഷാപ്രയോഗമാറ്റങ്ങളുടെ വ്യത്യാസത്തില്‍ കൊല്‍ക്കത്ത പ്ലീനം മുതല്‍ ഇങ്ങോട്ടുള്ള പ്ലീനങ്ങളിലും പാര്‍ട്ടി സമ്മേളനങ്ങളിലും നാം കേട്ടിട്ടുള്ളതാണ്. ഇവിടെയെല്ലാം പാര്‍ട്ടി അംഗങ്ങള്‍ക്കായുള്ള ഉത്തരവാദിത്വവും നവീകരണവും നിര്‍ദേശങ്ങളും ചര്‍ച്ചചെയ്യുകയും പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ട്, പാര്‍ട്ടി അംഗങ്ങളും പാര്‍ട്ടിതന്നെയും എവിടെ എത്തി നില്‍ക്കുന്നു? ഇപ്പോള്‍ എം.വി ഗോവിന്ദന്‍ നടത്തിയിരിക്കുന്ന വിളസംരക്ഷണവും കളപറിക്കലും സാധാരണ ആവര്‍ത്തിക്കുന്ന പല്ലവിക്കപ്പുറത്തൊന്നുമല്ല.
ആകാശ് തില്ലങ്കേരിയുടെ പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് വിളസംരക്ഷണവും കളപറിക്കലും ഉയര്‍ത്തിയിരിക്കുന്നത്. എം.വി ഗോവിന്ദന്റെ ജനകീയ പ്രതിരോധജാഥ ജനങ്ങളുടെ പ്രതിരോധത്തെ തടയിടാനുള്ളതാണ്. ജാഥ സ്വപ്ന സുരേഷ്ശിവശങ്കര്‍, ലൈഫ് മിഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു മറയിടാനുള്ള ഉപാധിയും കൂടിയാണ്.
പാലക്കാട് നടന്ന സംസ്ഥാന പ്ലീനം 37 നിര്‍ദേശങ്ങളടങ്ങിയ പെരുമാറ്റച്ചട്ടം പാര്‍ട്ടി അംഗങ്ങള്‍ക്കായി നിശ്ചയിച്ചു നല്‍കിയ ശേഷം അംഗങ്ങള്‍ക്കും പാര്‍ട്ടിക്കും എന്താണ് സംഭവിച്ചിരിക്കുന്നത്? ജനകീയ ജനാധിപത്യ വിപ്ലവത്തിന് മുന്നണി പോരാളികളാകേണ്ട പാര്‍ട്ടി അംഗങ്ങളെ കമ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ ഇഷ്ടക്കേട് തോന്നും. വൈരുദ്ധ്യാത്മക ഭൗതികവാദവും മൂലധനവും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും കമ്യൂണിസ്റ്റുകാരന്റെ വേദപുസ്തകങ്ങളാണെന്നറിയാത്തവരാണ് ബഹുഭൂരിപക്ഷം കമ്യൂണിസ്റ്റുകാരും. ഇവരില്‍ മാനിഫെസ്റ്റോ കണ്ടിട്ടുള്ളവര്‍ തന്നെ ചുരുക്കം. കമ്യൂണിസം അറിയാത്തവരാണ് പാര്‍ട്ടി അംഗങ്ങളില്‍ ബഹുഭൂരിപക്ഷവുമായതിനാല്‍, ഇവരെല്ലാം പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മോഹവലയങ്ങളിലാണ്. ഏതെങ്കിലുമൊരു പാര്‍ലമെന്ററി ജനാധിപത്യത്തിലെ സീറ്റില്‍ കണ്ണുനട്ടാണ് ഓരോ കമ്യൂണിസ്റ്റുകാരനും പാര്‍ട്ടിയില്‍ തുടരുന്നത്. താഴെ തട്ടിലെ സഖാക്കള്‍ താഴെത്തട്ടിലുള്ള പാര്‍ലമെന്ററി സ്ഥാപനങ്ങളില്‍ കയറിപ്പറ്റാനാണ് അശ്രാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്.
അധികാരകേന്ദ്രങ്ങളിലേക്ക് ഇടിച്ചുകയറാനുള്ള തിക്കിലും തിരക്കിലുംപെട്ട് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചെടുക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ സിംഹഭാഗം സമയവും ഊര്‍ജവും ചെലവഴിച്ചുകൊണ്ടിരിക്കുന്നത്.
അതിനായി വലിയ നേതാക്കളുടെ സ്തുതിപാഠകരും പക്ഷംപിടിത്തക്കാരും സേവകരുമായി അംഗങ്ങള്‍ അധഃപതിച്ചിരിക്കുന്നു. പാര്‍ട്ടി നിശ്ചയിച്ചു നടപ്പാക്കുന്ന സമരപരിപാടികളില്‍ വലിയ നേതാക്കളുടെ മുന്നില്‍ മുഖംകാണിച്ച് ഇവര്‍ യഥാര്‍ഥ കമ്യൂണിസ്റ്റ് പ്രവര്‍ത്തകരായി മാറുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിന്ന് പണം നേടുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഇത്തരം പ്രവണതകള്‍ കാണിക്കുന്നതും പാര്‍ട്ടിയില്‍ തുടരുന്നതും. പണം സമ്പാദിക്കാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സഹകരണ സംഘങ്ങളെയും കൃത്യമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ധനമോഹം മൂത്ത് കരുവന്നൂര്‍ മുതലായ സഹകരണ സ്ഥാപനങ്ങളില്‍ വന്‍ കുംഭകോണങ്ങള്‍ നടത്തിയിരിക്കുന്നു. ജനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടയ്ക്കുന്ന തുകകള്‍ മുക്കുന്നു. ഇവരെയൊക്കെ പിടിക്കപ്പെട്ടാലും ഈ കളകളെ പറിച്ചുകളയുകയല്ല സംരക്ഷിക്കുകയാണ് ചെയ്തുവരുന്നത്.
ബോര്‍ഡ് അംഗത്തിലൂടെയും സര്‍ക്കാര്‍ പരിപാടികളിലൂടെയും പണം നേടാമെന്ന പ്രതീക്ഷയിലാണ് മിക്ക പാര്‍ട്ടി അംഗങ്ങളും. തെരഞ്ഞെടുക്കപ്പെട്ട പദവികളും അധികാരങ്ങളും കൈയാളാനും അതിലൂടെ പണം സമ്പാദിക്കാനുമാണ് പാര്‍ട്ടി അംഗത്വം എടുത്തിരിക്കുന്നതെന്നും പാര്‍ട്ടിക്ക് ലെവി കൊടുക്കുന്നത് അതിനുവേണ്ടിയാണെന്നും ഭൂരിപക്ഷം അംഗങ്ങളും ധരിച്ചിരിക്കുന്നു. ബൂര്‍ഷ്വാ സ്വാധീനങ്ങളും പ്രവണതകളുമാണ് പാര്‍ട്ടി അംഗങ്ങളെയും നേതാക്കളെയും ഒന്നുപോലെ നയിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍, പാര്‍ട്ടിതന്നെ തെരഞ്ഞെടുപ്പ് കേഡറുകളെ മാത്രമാണ് വളര്‍ത്തിയെടുത്തിരിക്കുന്നത്. അതിന്റെ ഫലമായി, കമ്യൂണിസ്റ്റുകാര്‍ക്ക് ചരിത്രം ഏല്‍പ്പിച്ചിരിക്കുന്ന രാഷ്ട്രീയ നിയോഗം പാര്‍ട്ടി അംഗങ്ങള്‍ക്ക് അജ്ഞാതമാണ്. അതുകൊണ്ടാണ് ലൈംഗിക കുറ്റാരോപണങ്ങള്‍, ലഹരിക്കച്ചവടം, ലഹരി ഉപയോഗം, മാഫിയ കൂട്ടുകെട്ട് അധോലോക ബന്ധങ്ങളില്‍വരെ പാര്‍ട്ടി അംഗങ്ങള്‍ എത്തിനില്‍ക്കുന്നത്. നരബലി മുതല്‍ പിടിക്കപ്പെട്ട മറ്റു ക്രിമിനല്‍ കേസുകളിലും പ്രതികളില്‍ മിക്കവരും പാര്‍ട്ടി അംഗങ്ങളോ പാര്‍ട്ടിയുമായി ബന്ധമുള്ളവരോ ആയിരുന്നു. ഇത് വിലയിരുത്തുമ്പോള്‍ കളപറിച്ചു തുടങ്ങിയാല്‍ പാര്‍ട്ടിയില്‍ അധികംപേര്‍ പിന്നെ അവശേഷിക്കില്ല. വാക്കുകളിലൂടെയല്ലാതെ പ്രവൃത്തിയിലൂടെ എം.വി ഗോവിന്ദന്‍ കളപറിക്കാനിറങ്ങിയാല്‍ അദ്ദേഹം അധികനാള്‍ ആ സ്ഥാനത്ത് തുടരാനുമിടയില്ല.
കൊല്‍ക്കത്ത പ്ലീനത്തില്‍ സൈദ്ധാന്തിക രാഷ്ട്രീയസംഘടനാ വിഷയങ്ങളില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകളും തീരുമാനങ്ങളും ജലരേഖകളായി പരിണമിച്ചു. പാര്‍ട്ടിയും നേതൃത്വവും സൈദ്ധാന്തികമായി ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു. പ്രത്യയശാസ്ത്രപാതയും ഘടനയും കേഡര്‍ സ്വാഭാവവും നഷ്ടപ്പെട്ട പാര്‍ട്ടിയെയാണ് കാണാനാവുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തന ലക്ഷ്യത്തിന്റെ അടിസ്ഥാനഘടകമായ വര്‍ഗസമരപാത സി.പി.എം എന്നേ വിസ്മരിച്ചുകഴിഞ്ഞിരിക്കുന്നു! തൊഴിലാളിഭരണം സ്വപ്നംകണ്ട പാര്‍ട്ടിക്ക് ഇന്ന് ഇഷ്ടക്കാര്‍ കോര്‍പറേറ്റുകളും എന്‍.ജി.ഒകളും മദ്യകച്ചവടക്കാരുമായി മാറിയിരിക്കുന്നു. വര്‍ഗ രാഷ്ട്രീയത്തിന്റെ ചലനാത്മകത വിട്ടൊഴിഞ്ഞ് അധികാര രാഷ്ട്രീയത്തിന്റെയും നവലിബറലിസത്തിന്റെയും മാലിന്യക്കൂമ്പാരത്തില്‍ പുതഞ്ഞിരിക്കുന്നു. എന്നിട്ട് ആഗോളവല്‍ക്കരണത്തെയും കോര്‍പറേറ്റുകളെയും തള്ളിപറയുകയും ചെയ്യുന്ന കാപട്യമാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. ബൂര്‍ഷ്വപെറ്റിബൂര്‍ഷ്വ പക്ഷത്തിലേക്ക് പാര്‍ട്ടി കൂറുമാറിയിരിക്കുകയാണ്. ഇത്തരമൊരു ദൂഷ്യവലയത്തിനുള്ളില്‍ നില്‍ക്കുന്ന പാര്‍ട്ടി അംഗങ്ങള്‍ വെറും കളകളായില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളു!സൈദ്ധാന്തികരംഗത്തെ വെല്ലുവിളികളെ നേരിടുന്നതിലും ജനാധിപത്യ വിപ്ലവ പാത ഒരുക്കുന്നതിലും പാര്‍ട്ടി പരാജയപ്പെട്ടിരിക്കുന്നു. മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക കാഴ്ചപ്പാടിലൂടെ ദേശീയ സാഹചര്യങ്ങളില്‍ ഉണ്ടായിരിക്കുന്ന മാറ്റങ്ങളെ ശരിയായി വിലയിരുത്താനോ, പാഠങ്ങള്‍ ഉള്‍ക്കൊള്ളാനോ അവയ്ക്കനുസരിച്ച് രാഷ്ട്രീയ ലൈന്‍ വികസിപ്പിക്കാനോ സി.പി.എമ്മിനു കഴിയുന്നില്ല. തോട്ടം മുതലാളിമാരെ സേവിക്കുന്നതിനിടയില്‍ ലായങ്ങളില്‍ നരകതുല്യം യാതന അനുഭവിക്കുന്ന തൊഴിലാളികളെ കണ്ടില്ലെന്നു നടിക്കുന്നു. താഴെതട്ടിലുള്ളവര്‍ക്ക് അവകാശപ്പെട്ടത് ഷേമപെന്‍ഷന്‍ മാത്രമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തി സ്ഥാപിച്ചെടുക്കുന്നു. ഇവരെയൊക്കെ അവഗണിച്ചുകൊണ്ടുള്ളൊരു നവകേരളം പടുത്തുയര്‍ത്തുമെന്നുള്ള വാചകകസര്‍ത്തിലാണിവര്‍.
ബി.ജെ.പി.യും സി.പി.എമ്മും മുന്നോട്ടുവയ്ക്കുന്ന വികസന രാഷ്ട്രീയം ഒന്നായിമാറിക്കഴിഞ്ഞു. ബദല്‍ രാഷ്ട്രീയത്തെക്കുറിച്ച് ഘോരഘോരം പ്രസംഗം നടത്തുന്നു. ഇടതുപക്ഷ നിലപാടുള്ള രാഷ്ട്രീയ ശക്തിയായി വളര്‍ന്നുവരാനാവാത്തവിധം വലതുപക്ഷ നിലപാടുകളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും പാര്‍ട്ടിയും അണികളും അധഃപതിച്ചു.
കോര്‍പറേറ്റ് കൊള്ളയും അതിനായുള്ള സഹായവും വര്‍ഗീയവത്ക്കരണവും ജാതീയമായ വേര്‍തിരിവും അടിച്ചമര്‍ത്തലുകളും സ്ത്രീകള്‍ക്കുമേലുള്ള അക്രമങ്ങളും ജനാധിപത്യ മതനിരപേക്ഷമൂല്യങ്ങളുടെ ചോര്‍ച്ചയും ജനോപകാര നയങ്ങളുടെ തിരസ്‌കാരവും സമസ്ത മേഖലയിലെയും സ്വകാര്യവത്കരണവും നിസ്സംഗതയോടെ നോക്കിനില്‍ക്കാനേ സി.പി.എമ്മിന് കഴിയുന്നുള്ളു. ഈ ഒരവസ്ഥയില്‍ നിന്നുകൊണ്ട് ജനകീയ സമരങ്ങളെയും ജനങ്ങളെയും വിസ്മരിച്ച്, വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച് പാര്‍ട്ടി ജീര്‍ണിച്ചുകൊണ്ടിരിക്കുന്നു. ബദല്‍ രാഷ്ട്രീയം ശക്തിപ്പെടുത്താതെ, ഫാസിസ്റ്റ് മൂലധന ശക്തികളുടെ തിട്ടൂരങ്ങള്‍ നടപ്പിലാക്കാന്‍ പാര്‍ട്ടിയും സര്‍ക്കാരും ഉത്സാഹം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു.
നവലിബറലിസം നിര്‍ദേശിക്കുന്ന വികസന പാതയില്‍ നിന്ന് വ്യതിചലിച്ച് ജനകീയ വികസനം വളര്‍ത്തിയെടുക്കാന്‍ സി.പി.എമ്മിന് കഴിയാതെ പോകുന്നത് ആഗോളീകരണത്തിന്റെ മായപ്രപഞ്ചത്തില്‍ മുങ്ങിപ്പോയതുകൊണ്ടാണ്. ആഗോളീകരണ വ്യവസ്ഥിതിക്കെതിരേയും അതിനെ നിയന്ത്രിക്കുന്ന കോര്‍പറേറ്റുകള്‍ക്കും സാമ്രാജ്യത്വ ശക്തിക്കുമെതിരേ സംസാരിച്ചുകൊണ്ടിരിക്കുകയും മൊത്തം കളകളായിമാറിയിരിക്കുന്ന പാര്‍ട്ടി അണികളെ പറിച്ചുമാറ്റുക തന്നെ ചെയ്യുമെന്ന് പറയുന്നത് വെറുമൊരു വാചകകസര്‍ത്താണ്.കൂടുതല്‍ നിക്ഷേപമെന്നാല്‍ അത് ഉദാരീകരണമാണ്. പ്രകൃതിമാനവിക വിഭവങ്ങള്‍ക്കുമേലുള്ള കൂടുതല്‍ ചൂഷണമാണ്. നവ ഉദാരീകരണത്തില്‍ ബി.ജെ.പിയില്‍ നിന്നും വ്യത്യസ്തമായ നിലപാടികളൊന്നും സി.പി.എമ്മിനില്ല. സി.പി.എം ഉദാരീകരണം സാവധാനം നടപ്പാക്കുമ്പോള്‍ ആ സ്ഥാനത്ത് ബി.ജെ.പി തീവ്രതയോടെ നയം നടപ്പിലാക്കുന്നുവെന്ന വ്യത്യാസം മാത്രമേയുള്ളു. ഭരണവര്‍ഗ രാഷ്ട്രീയത്തിലേക്ക് അധഃപതിച്ച വ്യവസ്ഥാപിത ഇടതുപക്ഷം ജനവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ വികസന കാഴ്ചപ്പാടിലേക്ക് കേരള രാഷ്ട്രീയ സാമൂഹികസാംസ്‌കാരിക പശ്ചാത്തലത്തെ കൊണ്ടെത്തിച്ചിരിക്കുന്നു. ഇതിനെ വിമര്‍ശിക്കുന്നവരെ വികസനവിരോധികളെന്ന് ആക്ഷേപിക്കുന്നു. ഇതാണ് ''നവകേരള വികസന കാഴ്ചപ്പാട്''. ഇങ്ങനെയൊരു ഭരണപാര്‍ട്ടി സംവിധാനത്തിനുള്ളില്‍ ചരിക്കുന്ന അംഗങ്ങള്‍ക്ക് കളകളാകാതെ കമ്യൂണിസ്റ്റുകാരനാകാനാകുമോ?ആഗോളമുതലാളിത്തം ഒരുക്കിക്കൊടുത്ത സുഖജീവിതം നുകര്‍ന്ന് വിപ്ലവ സമരപരിപാടികള്‍ നേരമ്പോക്കും ഒരു ബഹളവും ഒന്നിച്ചുകൂടാനുള്ള അവസരങ്ങളുമായി മാത്രം മാറ്റിയെടുത്തിരിക്കുന്നു. സൈദ്ധാന്തിക ഉപകരണങ്ങള്‍ പ്രയോഗിക്കാനുള്ള ശേഷി നഷ്ടപ്പെട്ട് പാര്‍ട്ടിക്ക് സൈദ്ധാന്തിക ലക്ഷ്യബോധമില്ലാത്ത അണികള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഈ ദുര്‍ബലത മറച്ചുപിടിക്കാനാണ് ഇടയ്ക്കിടെ കളപറിച്ചുമാറ്റുമെന്നപോലെയുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സമ്പത്തിനോടുള്ള ആര്‍ത്തി പുരളാത്ത ഒരു നേതാവും അണികളും സി.പി.എമ്മില്‍ ഇല്ലെന്ന് വന്നിരിക്കുന്ന അവസ്ഥയില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം മാറ്റിമറിക്കാനുള്ള ക്രിയാത്മകശേഷി പാര്‍ട്ടിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അണികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എത്ര ചികിത്സിച്ചാലും ഭേദമാകാത്ത വിധത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെയും അണികളുടെയും വൃണങ്ങള്‍ അഴുകി കഴിഞ്ഞിരിക്കുന്നു. അതിനാല്‍ കളപറിക്കാനാവില്ല. ഇങ്ങനെ പോകാനേ കഴിയൂ. അതാണ് ബുദ്ധിയും!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."