'ചാരിറ്റി രാഷ്ട്രീയ പ്രവര്‍ത്തനമല്ല'; വര്‍ഷം മുഴുവന്‍ ക്യാംപ് ചെയ്താലും തൃശൂരില്‍ സുരേഷ് ഗോപി വിജയിക്കില്ലെന്ന് എം.വി ഗോവിന്ദന്‍
തൃശൂര്‍: ചാരിറ്റി രാഷ്ട്രീയമായി ഉപയോഗിച്ചാലും തൃശൂരില്‍ ബിജെപി വിജയിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 365 ദിവസവും തൃശൂരില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സുരേഷ് ഗോപി മുന്നോട്ട് പോകുന്നതില്‍ ആശങ്കയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിരുന്നു അദ്ദേഹം.
സാമൂഹിക പ്രവര്‍ത്തനം എന്നാല്‍ സന്നദ്ധപ്രവര്‍ത്തനമാണ്. അത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ട. അത് രാഷ്ട്രീയമാക്കി മാറ്റാനുള്ള ബിജെപിയുടെ നീക്കം കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാകും. വോട്ടര്‍മാര്‍ ഇതിനെ കൈകാര്യം ചെയ്യും. മുമ്പും ചെയ്തിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ചാരിറ്റിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തെറ്റാണ്. രാഷ്ട്രീയമാക്കാന്‍ ശ്രമിച്ചാല്‍ അതുപിന്നെ ചാരിറ്റിയല്ല. രാഷ്ട്രീയപ്രവര്‍ത്തനം എന്നേ പറയാന്‍ പറ്റൂ. തൃശൂരില്‍ ബിജെപിയുടെ വോട്ട് ശതമാനം ഗണ്യമായി കുറയുകയാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."