സമ്പൂര്‍ണ അടച്ചിടല്‍ തന്നെ പരിഹാരം; ആവര്‍ത്തിച്ച് വിദഗ്ധര്‍: തീരുമാനം നാളെ
തിരുവനന്തപുരം: കൊവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഉടന്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന് ആവശ്യം ശക്തമായി. വൈകുന്തോറും സ്ഥിതിഗതികള്‍ കൂടുതല്‍ വെല്ലുവിലികളുയര്‍ത്തുമെന്ന് നേരത്തെ തന്നെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ നിരവധി ജില്ലകളില്‍ ഓക്സിജന്‍ കിടക്കകള്‍പോലും കിട്ടുന്നില്ല. മൃതദേഹങ്ങള്‍ അടക്കുന്നതിനും കാത്തിരിക്കണം. നിലവില്‍ ഓക്സിജന്‍ പ്രതിസന്ധി ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വരും ദിനങ്ങളില്‍ സാഹചര്യം കൂടുതല്‍ വഷളാവുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
സംസ്ഥാന തല ഓക്സിജന്‍ വാര്‍ റൂം പൂര്‍ണ സജ്ജമായി.കോവിഡ് വ്യാപനം അതിതീവ്രമായ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ കടുപ്പിക്കും. ടിപിആര്‍ നിരക്ക് 25ന് മുകളിലായ 74 പഞ്ചായത്തുകളില്‍ ഇന്ന് വൈകുന്നേരം ആറ് മുതല്‍ ലോക്ക്ഡൗണിന് സമാനമാവും നിയന്ത്രണങ്ങള്‍.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 30000 കടന്നിട്ട് ഒരാഴ്ച കഴിഞ്ഞു. ഇന്നലെയത് 41000 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ളത് 2857 ഐ.സി.യു ബെഡുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇന്നലെ വ്യക്തമാക്കിയത്. ഇതില്‍ 996 ബെഡുകള്‍ കോവിഡ് രോഗികളുടേയും 756 എണ്ണം കോവിഡേതര രോഗികളുടേയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ 38.7 ശതമാനം ഐ.സി.യു ബെഡുകളാണ് ബാക്കിയുള്ളത്. സ്വകാര്യ ആശുപത്രികളിലെ 7085 ഐ.സി.യു ബെഡുകളില്‍ 1037 എണ്ണമാണ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ള ആകെ വെന്റിലേറ്ററുകളുടെ എണ്ണം 2293 ആണ്. അതില്‍ 441 വെന്റിലേറ്ററുകള്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായും 185 എണ്ണം കോവിഡേതര രോഗികളുടെ ചികിത്സയ്ക്കായും ഉപയോഗിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ മൊത്തം വെന്റിലേറ്ററുകളുടെ 27.3 ശതമാനമാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ 1523 വെന്റിലേറ്ററുകളില്‍ 377 എണ്ണമാണ് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.
കേരളത്തില്‍ ഇന്നലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയുമായാണ് കൊവിഡ് തേരോട്ടമുണ്ടായിരിക്കുന്നത്.. 41,953 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സാഹചര്യം അതീവ ഗുരുതരമാണെന്നും ടെസ്റ്റ് പോസിറ്റീവിറ്റി ഉയര്‍ന്നു തന്നെ നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനം അടച്ചിടേണ്ട സാഹചര്യമെത്തിയതായി മുഖ്യമന്ത്രി തന്നെ വാര്‍ത്താ സമ്മേളനത്തില്‍ സൂചന നല്‍കിയിരുന്നു. എറണാകുളത്ത് ആറായിരത്തി അഞ്ഞൂറ് കവിഞ്ഞു കേസുകള്‍. കോഴിക്കോട് അയ്യായിരം കടന്നു. മലപ്പുറത്ത് നാലായിരത്തിനു മുകളിലാണ്.
എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ മാത്രം രോഗ ബാധ സ്ഥിരീകരിച്ചത്.
ഓക്സിജന്‍ പിന്തുണ വേണ്ട രോഗികളുടെ എണ്ണം ഈ കണക്കിലുമൊക്കെ ഇരട്ടിയിലേറെയാണ്. ഓക്സിജന്‍ കിടക്കകള്‍ വേണമെങ്കില്‍ മണിക്കൂറുകളോ ഒരു ദിവസമോ കാത്തിരിക്കേണ്ട അവസ്ഥ. സ്ഥിതി അതീ ഗുരുതരമാവുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ വിദഗ്ധ സമിതിയേയും സര്‍ക്കാര്‍ വൃത്തങ്ങളേയും നേരിട്ടറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഉടനെ ലോക്ഡൗണ്‍ വേണമെന്നതാണ് വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നത്.
നാലാം തിയതി മുതല്‍ 9-ാം തിയതി വരെയുള്ള കര്‍ശന നിയന്ത്രങ്ങള്‍ മാത്രമല്ല ഒരു സമ്പൂര്‍ണ അടച്ചിടല്‍ ഏറ്റവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണമെന്നാണ് ഇവരുയര്‍ത്തുന്ന ആവശ്യം. ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ ചെയ്തിട്ട് കാര്യമില്ലെന്ന മുന്നറിയിപ്പും അവര്‍ നല്‍കിയിരുന്നു. രണ്ടാം ഡോസ് വാക്സിന് മുന്‍ഗണന നല്‍കുന്നതിന് പകരം ആദ്യ ഡോസ് കൂടുതല്‍ പേരില്‍ എത്തിക്കാനുളള നടപടികള്‍ വേണമെന്നാണ് മറ്റൊരു ആവശ്യം.
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ പൂര്‍ണമായ അടച്ചിടല്‍ വേണോയെന്ന കാര്യത്തില്‍ നാളെ തീരുമാനമുണ്ടായേക്കും. നിലവിലുള്ള മിനി ലോക്ക് ഡൗണ്‍ രോഗവ്യാപനം കുറയ്ക്കാന്‍ പര്യാപ്തമല്ലെന്നാണ്, പൊലീസും ആരോഗ്യ വകുപ്പും കരുതുന്നത്.
സര്‍വകക്ഷി യോഗത്തിലെ തീരുമാന പ്രകാരമാണ്, സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചില്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. പകരം ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങളോടെ മിനി ലോക്കഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഇതു ഫലം ചെയ്യുന്നില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പും ഇതേ അഭിപ്രായത്തിലാണ്.
കോവിഡ് വ്യാപനം തടയാന്‍ രണ്ടാഴ്ചയെങ്കിലും സംസ്ഥാനത്ത് അടച്ചിടല്‍ വേണമെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ അഭിപ്രായപ്പെട്ടിരുന്നു. ആരോഗ്യവകുപ്പിനും ഇപ്പോള്‍ ഇതേ അഭിപ്രായമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുകൂടി പരിഗണിച്ചാണ് നാളെ തീരുമാനമുണ്ടാവുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."