കുളത്തിൽ ഉപേക്ഷിച്ച കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു; വെള്ളത്തിൽ മുങ്ങാതെ കാത്തത് പായലും കുളവാഴയും
ലക്‌നോ: കുളത്തിൽ ഉപേക്ഷിച്ച നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ച് കയറിയത്. കുളത്തിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് കുളവാഴയിലും പായലിലും കുടുങ്ങിക്കിടന്ന് രക്ഷപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ വെള്ളിയാഴ്ച ആയിരുന്നു സംഭവം.
മുൻ ഗ്രാമത്തലവൻ വകീൽ അഹ്‌മദ് തൻ്റെ കൃഷി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുളത്തിൽ കുഞ്ഞ് കിടക്കുന്നത് കണ്ടത്. കുളത്തിലെ വെള്ളത്തിന് മുകളിലായി നിന്ന കുളവാഴയിലും പായലിലും കുടുങ്ങി കുട്ടി വെള്ളത്തിൽ മുങ്ങാതെ കിടക്കുന്ന കാഴ്ചയാണ് വകീൽ അഹ്‌മദ് കണ്ടത്. ഉടൻ പൊലിസിൽ വിവരം അറിയിച്ച അദ്ദേഹം തന്നെ കുളത്തിൽ ഇറങ്ങി കുട്ടിയെ കരയ്ക്ക് എത്തിച്ചത്. സംഭവമറിഞ്ഞ് അപ്പോഴേക്കും ആളുകളും എത്തിയിരുന്നു.
കുളത്തിൽ നിന്ന് പുറത്തെത്തിച്ച കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ കുഞ്ഞിന് പരുക്കുകളില്ലെന്നും കുഞ്ഞ് ആരോഗ്യവതിയാണെന്നും കണ്ടെത്തി. പിന്നീട് ശിശു സംരക്ഷണ സമിതി ഏറ്റെടുത്ത കുഞ്ഞിന് ഗംഗ എന്നു പേരു നൽകി.
അതേസമയം, ഇതുവരെ കുഞ്ഞിനെ തേടി ആരും വന്നിട്ടില്ലെന്നും ശിശു സംരക്ഷണ സമിതി പറഞ്ഞു. സംഭവത്തിൽ പൊലിസ് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."