പോസ്റ്റ് ഓഫിസിൽനിന്ന് സബ്സിഡിയും സമ്മാനവും ലഭിക്കില്ല കെണിയിൽ വീഴരുതെന്ന മുന്നറിയിപ്പുമായി തപാൽ വകുപ്പ്
തിരുവനന്തപുരം
തപാൽ വകുപ്പിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. തപാൽ വകുപ്പ് മുഖേന സർക്കാർ സബ്‌സിഡികൾ വിതരണം ചെയ്യുന്നു എന്ന തരത്തിലുള്ള ലിങ്കാണ് വാട്‌സ്ആപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നത്. തങ്ങൾ ആർക്കും ഇത്തരത്തിൽ സബ്‌സിഡികൾ വിതരണം ചെയ്യുന്നില്ലെന്നും ജനനത്തീയതി, അക്കൗണ്ട് നമ്പറുകൾ, മൊബൈൽ നമ്പറുകൾ, തുടങ്ങിയ വ്യക്തിഗത വിവരങ്ങളൊന്നും ആർക്കും പങ്കിടരുതെന്നും തപാൽവകുപ്പ് അഭ്യർഥിച്ചു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ തപാൽ വകുപ്പിന്റെ ലോഗോയും ചിത്രങ്ങളും അടങ്ങിയ വെബ്‌സൈറ്റ് തെളിയും. 'നിങ്ങൾക്ക് 6000 രൂപ ഗവ. സബ്‌സിഡി ഇനത്തിൽ ലഭിക്കാനുണ്ട് ' എന്ന സന്ദേശം ഇതിൽ ലഭിക്കും.
നൽകിയിട്ടുള്ള ലളിതമായ ഏതാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആവശ്യപ്പെടുകയും ചെയ്യും.
തപാൽ വകുപ്പിന്റെ യഥാർഥ വെബ്‌സൈറ്റ് ആണെന്നു കരുതി ഇതെല്ലാം ചെയ്തു കഴിയുമ്പോൾ, സമ്മാനം ലഭിക്കുന്നതിനുവേണ്ടി അതിൽ തന്നിട്ടുള്ള ചിത്രങ്ങൾ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടും.
അതിൽ ക്ലിക്ക് ചെയ്യുമ്പോൾ വൻ തുക അല്ലെങ്കിൽ കാർ തുടങ്ങിയവയായിരിക്കും സമ്മാനം ലഭിച്ചതായി കാണുന്നത്. സമ്മാനം ലഭിക്കുന്നതിനുവേണ്ടി നൽകിയിരിക്കുന്ന ലിങ്ക് നാല് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്കോ അല്ലെങ്കിൽ 20 വാട്‌സ് ആപ്പ് നമ്പറിലേക്കോ അയച്ചു കൊടുക്കാനും പറയും. തുടർന്ന് ബാങ്ക് അക്കൗണ്ട്, ആധാർ കാർഡ്, ഫോട്ടോ, ഫോൺ നമ്പർ തുടങ്ങിയവ നൽകാൻ ആവശ്യപ്പെടുകയും ചെയ്യും.
പിന്നീട് സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്നതിനുവേണ്ടി പ്രോസസിങ്ങ് ചാർജ്, രജിസ്‌ട്രേഷൻ ഫീസ് തുടങ്ങിയ തട്ടിപ്പുകൾ പറഞ്ഞ് പണം കൈപ്പറ്റുകയാണ് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."