മണലാരണ്യത്തിലൊരു പഥികൻ
മൊയ്തീന്‍ കുട്ടി
ഫൈസി വാക്കോട്
യാത്രയ്ക്കിടെ തന്റെ ഒട്ടകം നഷ്ടപ്പെട്ടു. മരുഭൂമി താണ്ടിക്കടക്കാൻ ഒട്ടകമില്ലാതെ കഴിയില്ല. ഭക്ഷണവും വെള്ളവുമെല്ലാം അതിന്റെ പുറത്താണ്. ഒട്ടകത്തെ അന്വേഷിച്ചയാൾ ഏറെ നടന്നു. നിരാശ, ക്ഷീണിച്ചവശനായി. ഒരു മരത്തണലിൽ വിശ്രമിച്ചു...ഉറക്കമുണർന്നപ്പോഴതാ നഷ്ടപ്പെട്ടുപോയ തന്റെ ഒട്ടകം തൊട്ടുമുന്നിൽ. അയാൾ പറഞ്ഞുപോയി:"അല്ലാഹുവേ നീ എന്റെ അടിമയാണ്, ഞാൻ നിന്റെ യജമാനനും..." സന്തോഷാധിക്യത്തിൽ അയാൾക്കു നാക്കുപിഴ സംഭവിച്ചതാണ്. പാപങ്ങൾ ചെയ്തുകൂട്ടി തന്നിൽനിന്നകന്നുപോയ അടിമ ആത്മാർഥമായി ഖേദിച്ചു മടങ്ങുമ്പോൾ അല്ലാഹുവിനുണ്ടാകുന്ന സന്തോഷത്തെ ഈ പഥികന്റെ അവസ്ഥയോട് ഉപമിക്കുകയാണിവിടെ. നബി (സ) പറയുന്നു. തന്റെ അടിമ തെറ്റുകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുമ്പോൾ നഷ്ടപ്പെട്ട ഒട്ടകം തിരിച്ചുകിട്ടിയ ഈ യാത്രക്കാരനുണ്ടായ സന്തോഷത്തേക്കാൾ വലുതായിരിക്കും അല്ലാഹുവിന്റെ സന്തോഷം. (മുസ് ലിം).
പാപം ചെയ്യുന്ന പ്രകൃതമാണ് മനുഷ്യന്റേത്. പ്രവാചകൻമാർ അതിൽനിന്ന് ഒഴിവാണ്. അല്ലാഹു അവർക്ക് പാപസുരക്ഷിതത്വം നൽകിയിരിക്കുന്നു. ഔലിയാഇന് പ്രത്യേക സംരക്ഷണവും.
മനഃപൂർവമോ, അബദ്ധവശാലോ തെറ്റുവന്നുപോയാൽ സത്യവിശ്വാസി അതിൽ ആത്മാർഥമായി പശ്ചാത്തപിക്കണം. അല്ലാഹു സ്വീകരിക്കും. അല്ലാഹു പറയുന്നു:"നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നവർ താങ്കളുടെ അടുക്കൽ വന്നാൽ നിങ്ങൾക്ക് സമാധാനം ഉണ്ടാവട്ടെയെന്ന് പറയുക. കരുണചെയ്യൽ തന്റെ ബാധ്യതയാക്കി നിങ്ങളുടെ രക്ഷിതാവ് നിശ്ചയിച്ചിട്ടുണ്ട്. അതായത് നിങ്ങളിൽ ആരെങ്കിലും അജ്ഞതമൂലം തിന്മ ചെയ്യുകയും എന്നിട്ട് അതിന് ശേഷം ഖേദിച്ചുമടങ്ങുകയും പ്രവൃത്തി നന്നാക്കുകയും ചെയ്താൽ അവൻ അതെല്ലാം പൊറുക്കുന്നവനും ഏറ്റവും കരുണ ചെയ്യുന്നവനും തന്നെയാകുന്നു". തെറ്റ് വന്നാൽ ഉടൻ പശ്ചാത്തപിക്കണം. കാലവിളംബം അരുത്. അല്ലാഹു പറയുന്നു: "നിശ്ചയമായും വിവരമില്ലാതെ തെറ്റ് ചെയ്യുകയും പിന്നെ ഉടനെത്തന്നെ ഖേദിച്ചുമടങ്ങുകയും ചെയ്യുന്നവരുടെ പശ്ചാത്താപം മാത്രമേ അല്ലാഹു ഏറ്റെടുക്കുകയുള്ളൂ. അവരുടെ തൗബ അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു നല്ലവണ്ണം അറിയുന്നവനും യുക്തിയുക്തം പ്രവർത്തിക്കുന്നവനുമാകുന്നു.".(4/17).
നിരന്തരം തെറ്റ് ചെയ്യുകയും മരണസമയം മാത്രം കണ്ണുതുറക്കുകയും ചെയ്യുന്നവരുടെ പശ്ചാത്താപം സ്വീകാര്യമല്ല ഖുർആൻ പറയുന്നു: "ദുർവൃത്തികൾ സദാ ചെയ്തുകൊണ്ടിരിക്കുകയും അങ്ങനെ അവരിൽ ആർക്കെങ്കിലും മരണം ആസന്നമാവുകയും ചെയ്താൽ 'ഞാനിതാ ഇപ്പോൾ തൗബ ചെയ്യുന്നു' എന്ന് പറയുന്നവർക്കും സത്യനിഷേധികളായി മരണമടയുന്നവർക്കും തൗബയില്ല. അവർക്കെല്ലാം വേദനാജനകമായ ശിക്ഷയാണ് നാം ഒരുക്കിവച്ചിരിക്കുന്നത് " (4/18).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."