സ്വർണത്തിൽ പഴയ ഹാൾമാർക്കിങ് ആണോ? പിടി വീഴും; ഏപ്രിൽ മുതൽ പുതിയ ഹാൾമാർക്കിങ് നിർബന്ധം
ന്യൂഡൽഹി: സ്വർണ്ണാഭരണങ്ങൾക്ക് പുതിയ ഹാൾമാർക്കിങ് തിരിച്ചറിയൽ നമ്പർ (എച്ച്.യു.ഐ.ഡി.) നിർബന്ധമാക്കുന്നു. ഏപ്രിൽ ഒന്നുമുതൽ തന്നെ പുതിയ നിബന്ധന നിലവിൽ വരും. പഴയ 4 മുദ്ര ഹാൾമാർക്കിങ് ഉള്ള ആഭരണങ്ങളുടെ വിൽപന അനുവദിക്കില്ലെന്നു കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു. 2 ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് ഇതു ബാധകമല്ല.
പഴയ ഹാൾമാർക്കിങ് ആഭരണങ്ങളിലും മാർച്ച് 31നകം 6 അക്ക എച്ച്.യു.ഐ.ഡി പതിപ്പിക്കണമെന്നാണ് പുതിയ ചട്ടം. രണ്ടു തരം ഹാൾമാർക്കിങ്ങും തമ്മിൽ ഉപയോക്താക്കൾക്കുണ്ടാകുന്ന ആശയക്കുഴപ്പം പരിഹരിക്കാനാണ് പുതിയ തീരുമാനമെന്ന് കേന്ദ്രം വ്യക്തമാക്കി. എന്നാൽ ഉപഭോക്താക്കൾക്ക് പഴയ സ്വർണം വിൽക്കുന്നതിനോ കൈയിൽവെക്കുന്നതിനോ തടസ്സമില്ല.
രാജ്യത്തു വിൽക്കുന്ന ഓരോ ആഭരണവും അക്കൗണ്ടിൽപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് എച്ച്‌യുഐഡി മുദ്ര നിർബന്ധമാക്കുന്നത്. സ്വർണവ്യാപാരം സുതാര്യമാക്കാൻ യുപിഎ സർക്കാരിന്റെ കാലത്ത് 2012 ൽ തുടങ്ങിയ നടപടികളുടെ തുടർച്ചയാണിത്.
ആറക്കമുള്ള ആൽഫാ ന്യൂമെറിക് കോഡാണ് എച്ച്യുഐഡി നമ്പർ. ഹാൾമാർക്കിങ്ങിന്റെ സമയത്ത് തന്നെ ഇത് സ്വർണാഭരണങ്ങളിൽ പതിച്ചിരിക്കും. ബിഐഎസ് കെയർ ആപ്പിലൂടെ സ്വർണ വാങ്ങുന്ന ഉഭപോക്താവിന് തന്നെ എച്ച് യുഐഡി കോഡ് യഥാർത്ഥമാണോ എന്ന് വേരിഫൈ ചെയ്യാം.
പഴയ സ്റ്റോക്ക് വിറ്റഴിക്കാൻ ജ്വല്ലറികൾക്ക് 9 മാസം സാവകാശം നൽകിയിരുന്നുവെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ഇതുപ്രകാരം മാർച്ച് 31 ന് ഇതിനുള്ള സമയപരിധി അവസാനിക്കും. ഏപ്രിൽ ഒന്ന് മുതൽ പഴയ ഹാൾമാർക്കിങ് സ്വർണം വിൽക്കാൻ സാധിക്കില്ല. ഒരു ജ്വല്ലറി ഉടമ വ്യാജ ഹോൾമാർക്കിംഗ് നടത്തിയാൽ പരാതിപ്പെടാം.
ഇനി മുതൽ വിപണിയിൽ ലഭ്യമാകുന്ന സ്വർണാഭരണങ്ങളുടെ ഹോൾമാർക്കിൽ മൂന്ന് ഘടകങ്ങളുണ്ടാകും. ഒന്ന് ബിഐഎസ് ലോഗോ, രണ്ട് ഫിറ്റ്‌നസ് ഗ്രേഡ് മൂന്ന് ആറക്ക എച്ച്‌യുഐഡി കോഡ്.
അതേസമയം, രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ സ്വർണ വില്പന കേന്ദ്രങ്ങളുള്ള കേരളത്തിൽ ഇപ്പോഴുള്ള ആഭരണങ്ങളിൽ പകുതിയും പഴയ 4 മുദ്ര ഹാൾമാർക്കിങ് ഉള്ളവയാണ്. വളരെ വേഗത്തിൽ കേരളത്തിൽ പുതിയ ഹാൾമാർക്കിങ്ങിലേക്ക് മാറുന്നുണ്ടെങ്കിലും ഈ ഒരു മാസത്തിനുള്ളിൽ മുഴുവൻ മാറുക പ്രായോഗികമല്ലെന്ന് വ്യാപാരികൾ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."