ലോകത്തിലെ ഏറ്റവും പവർഫുൾ പാസ്പോർട്ട് ആയി യുഎഇ പാസ്പോർട്ട്; ആദ്യ നൂറിൽ അഞ്ച് ഗൾഫ് രാജ്യങ്ങൾ
ദുബൈ: 2023 ൽ ലോകത്തിലെ ഏറ്റവും പവർഫുൾ പാസ്പോർട്ട് ആയി യുഎഇ പാസ്‌പോർട്ടിനെ തെരഞ്ഞെടുത്തു. 2022 ൽ 32 സ്ഥാനത്ത് നിന്നിരുന്ന യുഎഇ 2023 ൽ വലിയ കുതിച്ചു ചട്ടം നടത്തിയാണ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 2022 ൽ ഒന്നാം സ്ഥാനത്ത് ആയിരുന്ന ലക്സംബർഗ് ഇത്തവണ രണ്ടാം സ്ഥാനത്തായി.
ടാക്സ് ആൻഡ് ഇമ്മിഗ്രേഷൻ കൺസൾട്ടിങ് കമ്പനിയായ നൊമാഡ് ക്യാപിറ്റലിസ്റ്റ് നടത്തിയ പഠനപ്രകാരമാണ് ലോക റാങ്കിങ് നിശ്ചയിച്ചത്. സഞ്ചാര സ്വാതന്ത്ര്യം, ടാക്സ് റേറ്റ്, സ്വാതന്ത്ര്യം, വിസ ഫ്രീ എൻട്രി, ഇരട്ട പൗരത്വം, രാജ്യത്തിന്റെ കാഴ്ചപ്പാട് തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.
199 റാങ്കുകൾ ഉള്ള ലിസ്റ്റിൽ യുഎഇയെ കൂടാതെ മറ്റു നാല് രാജ്യങ്ങൾ കൂടി ആദ്യ 100 ഇടപിടിച്ചിട്ടുണ്ട്. ഖത്തർ - 93, കുവൈത്ത് 94, ബഹ്‌റൈൻ 99, ഒമാൻ 99 എന്നീ രാജ്യങ്ങളാണ് ആദ്യ നൂറിൽ ഇടം പിടിച്ചത്. ബഹ്‌റൈനും ഒമാനും ഒരേ റാങ്ക് ആണ് പങ്കുവെച്ചത്. എല്ലാ രാജ്യങ്ങളും തങ്ങളുടെ നില 2022 നേക്കാൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഗൾഫിലെ മറ്റൊരു പ്രധാന രാജ്യമായ സൗദി അറേബ്യയും (റാങ്ക് - 111) നില മെച്ചപ്പെടുത്തി.
അതേസമയം, ഇന്ത്യയുടെ റാങ്ക് 159 ആയും ഉയർന്നിട്ടുണ്ട്, കഴിഞ്ഞ വർഷം 162 ആയിരുന്നു ഇന്ത്യയുടെ റാങ്ക്. ആദ്യ പത്തിൽ കൂടുതലും ഇടംപിടിച്ചത് യൂറോപ്യൻ രാജ്യങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."