ജലസ്രോതസുകൾ വറ്റിവരളുന്നു<br>വരാനിരിക്കുന്നത് കടുത്ത ജലക്ഷാമം
സുനി അൽഹാദി
കൊച്ചി • പതിവിലും നേരത്തെ വേനൽ ശക്തമാകുകയും ജലസ്രോതസുകൾ വറ്റിവരളുകയും ചെയ്തതോടെ വരാനിരിക്കുന്നത് കടുത്തജലക്ഷാമമെന്ന് കാലാവസ്ഥാ വിദഗ്ധർ. 1901ന് ശേഷം ഏറ്റവും ചൂടുള്ള ഫെബ്രുവരിയാണ് കടന്നുപോയതെന്ന് കുസാറ്റ് റഡാർ സെൻ്റർ ഡയരക്ടർ ഡോ. എസ്. അഭിലാഷ് പറഞ്ഞു. വടക്കേ ഇന്ത്യയിൽ രൂപപ്പെട്ട എതിർചക്രവാത ചുഴിയും അവിടെനിന്ന് ചൂട്കാറ്റ് സംസ്ഥാനത്തേക്ക് വീശിയതുമാണ് ചൂട് കൂടാൻ കാരണം. അതേസമയം, സൂര്യൻ്റെ ലംബമായ കിരണങ്ങൾ കേരളത്തിലേക്ക് എത്തിച്ചേരുന്നത് മാർച്ച് പകുതിയോടെയായതിനാൽ വരും ദിവസങ്ങളിലും ചൂട് ശക്തമാകാനാണ് സാധ്യത. മാർച്ച് മാസത്തിലെ ഈ ചൂടിലാണ് ജലസ്രോതസുകൾ വറ്റിവരണ്ട് ജലക്ഷാമം രൂക്ഷമാകുന്നത്.
എന്നാൽ, ഇത്തവണ ഫെബ്രുവരിയിൽ തന്നെ ചൂട് അനുഭവപ്പെട്ട് തുടങ്ങിയത് ജലക്ഷാമം അതിരൂക്ഷമാക്കാനും കാരണമാകും. കടുത്തചൂട് ഏപ്രിൽ പകുതിവരെ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത്തവണ വേനൽമഴയും കാര്യമായി ലഭിക്കില്ലെന്നാണ് സൂചന. മാർച്ച് പകുതിയോടെ ഒറ്റപ്പെട്ട വേനൽമഴ മാത്രമാണ് പ്രതീക്ഷിക്കുന്നത്. ഹ്യുമിഡിറ്റി കൂടുന്ന സാഹചര്യത്തിലാണിത്.
ഏപ്രിൽ, മേയ് വരെയോ മഴയ്ക്കുവേണ്ടി കാത്തിരിക്കേണ്ടിവരും. വരും ദിവസങ്ങളിൽ ചൂട് ശക്തമാകുന്നതോടെ ആരോഗ്യപ്രശ്നങ്ങളും ഉടലെടുത്തേക്കാം. താപനിലയും ഹ്യുമിഡിറ്റിയും കൂടി ചേരുമ്പോൾ 45 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെടുന്ന പ്രതീതിയായിരിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."