കുറവില്ലാതെ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ കഴിഞ്ഞവർഷം 18,943 കേസുകൾ 5,354 ബലാത്സംഗ കേസുകൾ, പീഡനം 2,503
നയന നാരായണൻ
കണ്ണൂർ • സ്ത്രീസുരക്ഷയും സ്ത്രീസമത്വവുമെല്ലാം ഉയർത്തിക്കാട്ടി മറ്റൊരു വനിതാദിനം കൂടി കടന്നുവരുമ്പോൾ സംസ്ഥാനത്ത് ഇപ്പോഴും സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾക്കു കുറവില്ല. കേരള പൊലിസിന്റെ ക്രൈം റെക്കോർഡ് ബ്യൂറോ കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം 18,943 കേസുകളാണ് സ്ത്രീകൾക്കു നേരെയുള്ള പരാതിയിൽ രജിസ്റ്റർ ചെയ്തത്. ഏഴുവർഷത്തിനിടെ ഏറ്റവും കൂടുതൽ പരാതി രേഖപ്പെടുത്തിയതും കഴിഞ്ഞവർഷമാണ്. ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകൽ, ചൂഷണംചെയ്യൽ, ശല്യംചെയ്യൽ, സ്ത്രീധന മരണം, ഭർതൃപീഡനം തുടങ്ങിയ പരാതികളിലാണ് ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്തത്. വനിതാ കമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും പരാതിയുമായെത്തുന്നവർ ഏറെയാണ്. 2016ൽ 1,656 പീഡന പരാതികളായിരുന്നു രജിസ്റ്റർ ചെയ്തത്. എന്നാൽ 2022 ആയപ്പോഴേക്കും അതു 2,503ൽ എത്തി. സ്ത്രീധനത്തിന്റെ പേരിൽ വിസ്മയയെ പോലുള്ള പെൺകുട്ടികൾ ജീവനൊടുക്കിയിട്ടും സ്ത്രീധനത്തെ ചൊല്ലിയുള്ള മരണത്തിനും കുറവില്ല. എട്ടു സ്ത്രീധന മരണങ്ങളാണ് കഴിഞ്ഞവർഷമുണ്ടായത്. 2016ൽ 25 സ്ത്രീധന മരണങ്ങളാണുണ്ടായത്. ശേഷം മരണനിരക്ക് കുറഞ്ഞെങ്കിലും സ്ത്രീധന മരണം തുടച്ചു നീക്കാൻ സാധിച്ചിട്ടില്ല. ഭർത്താവിനാലും ഭർത്തൃവീട്ടുകാരാലും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തിലും കുറവില്ല. ഇത്തരത്തിൽ 5,019 കേസുകളാണു രജിസ്റ്റർ ചെയ്തത്.
5,354 ബലാത്സംഗ കേസുകൾ കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തു. കഴിഞ്ഞ അഞ്ചുവർഷങ്ങളെ അപേക്ഷിച്ച് എണ്ണൂറിലധികം കേസുകളാണ് അധികം റിപ്പോർട്ട് ചെയ്തത്. ഓരോ വർഷങ്ങളിലും നൂറിലധികം സ്ത്രീകളെയാണ് തട്ടികൊണ്ടുപോകുന്നത്. കഴിഞ്ഞവർഷം 210 സ്ത്രീകളെ തട്ടിക്കൊണ്ടു പോയതായാണ് കണക്കുകൾ പറയുന്നത്. പ്രണയം നിരസിക്കുന്നതു വഴി ആക്രമത്തിനിരയാകുന്നതു നിരവധി പേരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."