കെ.എസ്.ആർ.ടി.സി ശമ്പളം ചർച്ചയിൽ തീരുമാനമായില്ല മന്ത്രി ഉറപ്പുനൽകിയെന്ന് സി.ഐ.ടി.യു
■ ഇല്ലെന്ന് മറ്റു യൂനിയനുകൾ
തിരുവനന്തപുരം
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച യോഗത്തിൽ കൃത്യമായ തീരുമാനമെടുക്കാനായില്ല. ഇതോടെ ജീവനക്കാരുടെ ഭരണാനുകൂല സംഘടനയും മറ്റു സംഘടനകളും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചു.
ശമ്പള വിതരണത്തിന് നടപടി സ്വീകരിക്കാൻ പരമാവധി ശ്രമം നടത്തുമെന്ന് മന്ത്രി ഉറപ്പുനൽകിയെന്നും അതിനാൽ പ്രതിഷേധങ്ങളിൽനിന്ന് വിട്ടു നിൽക്കുമെന്നും സി.ഐ.ടി.യു സംഘടനയായ കെ.എസ്.ആർ.ടി.ഇ.എ പ്രതിനിധികൾ അറിയിച്ചു.
എന്നാൽ ധനവകുപ്പുമായി സംസാരിക്കാമെന്നുമാത്രമാണ് മന്ത്രിയുടെ നിലപാടെന്നും മെയ് അഞ്ചിന് ശമ്പളമെത്തിയില്ലെങ്കിൽ അന്ന് അർധരാത്രി സൂചനാ പണിമുടക്ക് നടത്തുമെന്നുമാണ് ടി.ഡി.എഫ് (ഐ.എൻ.ടി.യു.സി), ബി.എം.എസ് യൂനിയനുകളുടെ പ്രതികരണം. കെ.എസ്.ആർ.ടി.സിക്ക് സർക്കാർ നൽകുന്ന സഹായം സ്വിഫ്റ്റിലേക്ക് വകമാറ്റിയതാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അതു കൊണ്ടു തന്നെ സ്വിഫ്റ്റിനെ കെ.എസ്.ആർ.ടി.സി.യിൽ ലയിപ്പിക്കണമെന്നും ചർച്ചയിൽ യൂനിയൻ പ്രതിനിധികൾ ആവശ്യപ്പെട്ടു.
കോർപറേഷന്റെ വരുമാനത്തിലേക്കു തന്നെയാണ് സ്വിഫ്റ്റിലെ വരുമാനവും എത്തുന്നതെന്നും പ്രതിഷേധവുമായി മുന്നോട്ടു പോകരുതെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.
അംഗീകൃത സംഘടനകളായ സി.ഐ.ടി.യു, ടി.ഡി.എഫ്, ബി.എം.എസ് എന്നിവരുമായി പ്രത്യേകം പ്രത്യേകമായാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയത്.
ശമ്പളക്കാര്യത്തിലെ ഉറപ്പായിരുന്നു മൂന്നു യൂനിയനുകളുടെയും പ്രധാന ആവശ്യം. ഇതിനു പുറമേ ഓർഡിനറി ബസുകൾക്ക് ജില്ലാ തലത്തിലും ഫാസ്റ്റ് പാസഞ്ചറുകൾ, സൂപ്പർ ക്ലാസ് സർവിസുകൾക്ക് സോണൽ തലത്തിലും മോണിറ്ററിങ് കമ്മിറ്റികൾ രൂപീകരിക്കാനും ഇതിൽ ട്രേഡ് യൂനിയൻ പ്രതിനിധികളെയും ഉൾപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."