ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 'ഹാട്രിക്' പരാജയത്തിലും പിന്മാറാതെ ലെ പെൻ
പാരിസ്
ഫ്രഞ്ച് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ രണ്ടാംവട്ട വോട്ടെടുപ്പിൽ (റൺ ഓഫ്) പരാജയപ്പെട്ടെങ്കിലും ഇനിയും മത്സരരംഗത്തുണ്ടാവുമെന്ന് പ്രഖ്യാപിച്ച് തീവ്ര ദേശീയവാദി നേതാവായ മരിൻ ലെ പെൻ. ജൂണിൽ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പാർട്ടിക്കെതിരേ മത്സരരംഗത്തുണ്ടാവുമെന്ന് ലെ പെൻ പ്രഖ്യാപിച്ചു. ഞായറാഴ്ച അർധരാത്രിയോടെ ഫലം പുറത്തുവന്നപ്പോൾ 58 ശതമാനം വോട്ടുകളുമായാണ് മാക്രോൺ അധികാരം നിലനിർത്തിയത്. 2002ൽ ജാക് ഷിറാക് മാത്രമാണ് ഇതിന് മുമ്പ് ഫ്രാൻസിൽ പ്രസിഡന്റ് സ്ഥാനം നിലനിർത്തിയത്. ആ ചരിത്രമാണ് മാക്രോൺ തിരുത്തിയെഴുതിയത്. മൂന്നാംതവണയാണ് ലെ പെൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത്. 2012ലും 2017ലുമാണ് ഇതിന് മുമ്പ് അവർ പരാജയപ്പെട്ടത്. 2012ൽ മൂന്നാംസ്ഥാനത്തെത്തി. 2017ലും ഇത്തവണയും ആദ്യവട്ടത്തിൽ രണ്ടാംസ്ഥാനം ലഭിച്ചതിനാൽ റൺ ഓഫിലെത്തി.
പരാജയപ്പെട്ടെങ്കിലും ഭൂരിപക്ഷം വർധിപ്പിക്കാൻ കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് ലെ പെന്നിന്റെ ക്യാംപ്. 2012ൽ 17.90 ശതമാനം വോട്ടുകളാണ് ലെ പെൻ നേടിയത്. 2017ലെ തെരഞ്ഞെടുപ്പിന്റെ റൺ ഓഫിൽ 33 ശതമാനം വോട്ടുകൾ നേടി. ഇത്തവണയാവട്ടെ വോട്ട് വിഹിതം 41.4 ശതമാനമാക്കി ഉയർത്താൻ അവർക്കായി. 2.07 കോടി വോട്ടുകൾ മാക്രോൺ സ്വന്തമാക്കിയപ്പോൾ 1.06 കോടി വോട്ടുകളാണ് ലെ പെന്നിന് ലഭിച്ചത്. ലെ പെന്നിന്റെ കുടിയേറ്റ, ന്യൂനപക്ഷവിരുദ്ധ നിലപാടുകളോട് വിയോജിപ്പുള്ളതിനാൽ ഒമ്പത് ശതമാനംവരുന്ന കുടിയേറ്റക്കാരും അത്രതന്നെ ന്യൂനപക്ഷങ്ങളും ഉള്ള രാജ്യത്ത് ഈ വിഭാഗങ്ങൾ അവർക്കെതിരേ വോട്ട്‌ചെയ്‌തെന്നാണ് ഫലം സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."