ജയരാജന്റെ ബിന്‍ലാദന്‍ പരാമര്‍ശത്തെ ന്യായീകരിച്ച് പി.വി. അന്‍വര്‍, സത്യം വിളിച്ച് പറഞ്ഞാല്‍ ഇസ്ലാമോഫോബിയ ആകുമോ? പോയി പണി നോക്കിനെടാ
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ നൗഫല്‍ ബിന്‍ യൂസഫിനെതിരേ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍
നടത്തിയ ബിന്‍ലാദന്‍ പരാമര്‍ശത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിതന്നെ തള്ളിക്കളയുമ്പോള്‍ പരാമര്‍ശത്തെ ന്യായീകരിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ രംഗത്ത്. ഫേസ് ബുക്കിലാണ് പി.വി അന്‍വറിന്റെ ന്യായീകരണ പോസ്റ്റ്.
ഒസാമ ബിന്‍ ലാദന്‍ ആരാ പ്രവാചകനോ? സത്യം വിളിച്ച് പറഞ്ഞാല്‍ അത് ഇസ്ലാമോഫോബിയ ആകുന്നതെങ്ങനെയാണെന്നും ചോദിക്കുന്ന അന്‍വര്‍ പോയി പണി നോക്കാനാണ് കുറിപ്പില്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഏഷ്യാനെറ്റില്‍ വന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് നൗഫല്‍ ബിന്‍ യൂസഫിനെ ബിന്‍ലാദനോടുപമിച്ചത്. ലഹരിമാഫിയക്കെതിരേ ഇരയുടെ മൊഴിയെടുക്കുന്ന വാര്‍ത്തയെചൊല്ലിയാണ് വിവാദം. ഇതുസംബന്ധിച്ച് സര്‍ക്കാരും പ്രതിപക്ഷവും നിയമസഭയില്‍ കടുത്ത പോരാട്ടമാണ് നടത്തിയത്.
ഏഷ്യാനെറ്റിനെതിരേയും കോഴിക്കോട്ടെ റീജനല്‍ ഓഫിസിലെ നൗഫല്‍ ബിന്‍ യൂസഫടക്കമുള്ള ജീവനക്കാര്‍ക്കെതിരേയും സംഭവത്തില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. പി.വി. അന്‍വറിന്റെ പരാതിയില്‍ വെള്ളയില്‍ പൊലിസാണ് കേസെടുത്തത്. പൊലിസ് കോഴിക്കോട്ടെ ഓഫിസില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
അന്‍വറിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഒസാമ ബിന്‍ ലാദന്‍ ആരാ
പ്രവാചകനോ?
ലാദന്‍ വിതച്ചത് ഭീകരതയുടെ വിത്തുകളാണ്.
ഇസ്ലാമിന്റെ ആശയങ്ങളല്ല.
നൗഫല്‍ ബിന്‍ യൂസഫ് എന്ന
പക്കാ ക്രിമിനല്‍ വിതച്ചത് മാധ്യമപ്രവര്‍ത്തനത്തിന്റെ മറപറ്റിയുള്ള മാധ്യമ ഭീകരതയാണ്.
ലാദന്‍ ചെയ്തതും ഇതേ പോലെ ഇസ്ലാമിന്റെ മറപറ്റിയുള്ള ഭീകരതയാണ്.
സത്യം വിളിച്ച് പറഞ്ഞാല്‍ അത് ഇസ്ലാമോഫോബിയ ആകുന്നതെങ്ങനെ!
പോയി പണി നോക്കിനെടാ..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."