കോണ്‍ഗ്രസിലേക്കില്ല; പാര്‍ട്ടിയുടെ ഓഫര്‍ നിരസിച്ചതായി പ്രശാന്ത് കിഷോര്‍, നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം
ന്യുഡല്‍ഹി: പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കില്ല. പാര്‍ട്ടിയില്‍ ചേരാനുള്ള ഓഫര്‍ നിരസിച്ചതായി പ്രശാന്ത് കിഷോര്‍ സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാനുള്ള ഓഫര്‍ പ്രശാന്ത് കിഷോര്‍ നിരസിച്ചതായി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയും ട്വീറ്റ് ചെയ്തു.
''കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പുമായി തയ്യാറാക്കേണ്ടതുമായി ബന്ധപ്പെട്ടുള്ള ഒരു വിഷയാവതരണത്തിനും ചര്‍ച്ചകള്‍ക്കും ശേഷം, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ഒരു ഉന്നതാധികാരസമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാന്‍ ക്ഷണിച്ചു. കൃത്യമായ ചുമതലകളോടെ പാര്‍ട്ടിയില്‍ ചേരണമെന്നായിരുന്നു ക്ഷണം. എന്നാല്‍ ഈ ക്ഷണം അദ്ദേഹം നിരസിച്ചു. അദ്ദേഹത്തിന്റെ സഹകരണത്തിനും ശ്രമങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും നന്ദി'', രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് ഉന്നതാധികാരസമിതിയുടെ നിര്‍ദേശം ഞാന്‍ വിനയപൂര്‍വം നിരസിക്കുന്നു. എന്റെ എളിയ അഭിപ്രായത്തില്‍, എന്നേക്കാള്‍ പാര്‍ട്ടിക്ക് ഇന്ന് ആവശ്യം കൂട്ടായ നേതൃത്വവും ഒരുമയുമാണ്. പാര്‍ട്ടിയില്‍ ആഴത്തില്‍ വേരോടിയ പ്രശ്‌നങ്ങള്‍ വിപ്ലവകരമായ മാറ്റങ്ങളിലൂടെ തിരുത്തേണ്ടതുണ്ട് -പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."