മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിക്ക് സമൂഹവിവാഹത്തോടെ തുടക്കം, പാര്‍ട്ടി രൂപീകരണത്തിന്റെ പുനരാവിഷ്‌കാര സമ്മേളനം പത്തിന്
ചെന്നൈ: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷപരിപാടികള്‍ക്ക് ചെന്നൈയില്‍ തുടക്കമായി. ഇന്ന് രാവിലെ നടന്ന സമൂഹവിവാഹത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ നഗരത്തില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ആള്‍ ഇന്ത്യ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ തമിഴ്‌നാട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമൂഹവിവാഹത്തില്‍ പുതു ജീവിതത്തിലേക്ക് പ്രവേശിച്ചത് 17 ദമ്പതികള്‍. 75 ജോഡികളുടെ വിവാഹം നടത്താനാണ് എ.ഐ.കെ.എം.സി.സി തമിഴ് നാട് ഘടകം തീരുമാനിച്ചത്. ഇതിന്റെ തുടക്കമായി 17ജോഡികളുടെ വിവാഹത്തിന് ആയിരങ്ങള്‍ സാക്ഷിയായി.
ഹിന്ദു സമുദായത്തില്‍ നിന്നുള്ള മൂന്ന് ദമ്പതികളും കൃസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള ദമ്പതികളും പതിമൂന്ന് മുസ്‌ലിം ജോഡികളുടെ വിവാഹവുമാണ് ഇന്ന് നടന്നത്. ഓരോ ദമ്പതികള്‍ക്കും 10 ഗ്രാം സ്വര്‍ണവും ഗൃഹോപകരണങ്ങള്‍ അടക്കം ഒന്നര ലക്ഷം രൂപ ചെലവ് നല്‍കിയാണ് സമൂഹ വിവാഹം നടത്തിയത്.
വരന്‍ വധുവിന്റെ ഭാഗത്ത് നിന്നും വന്ന 50 പേര്‍ അടക്കമുള്ള 2500 പേര്‍ക്ക് ഭക്ഷണവും ഒരുക്കി. കെ.എം ഖാദര്‍ മൊഹിയുദ്ദീന്‍ അദ്ധ്യക്ഷനായി. ചടങ്ങ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ 17 യുവതികള്‍ക്ക് ജീവിതം നല്‍കാന്‍ സാഹചര്യം ഒരുക്കിയതില്‍ മുസ്‌ലിം ലീഗിന്റെ ലക്ഷ്യം 75ാം വര്‍ഷത്തില്‍ സാക്ഷാല്‍ കരിക്കപ്പെട്ടിരിക്കുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ ധാരാളം പാര്‍ട്ടികള്‍ ഉണ്ടങ്കിലും മുസ്‌ലിം ലീഗ് മുസ്‌ലിം എന്ന പേര് വെച്ച് കൊണ്ട് എല്ലാ മതങ്ങള്‍ക്കും സ്വീകാര്യമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായ മുസ്‌ലിം ലീഗ് എല്ലാവരുടെയും പ്രശംസ നേടുകയാണെന്ന് കെ.എം ഖാദര്‍ മൊയ്തീന്‍ അഭിപ്രായപ്പെട്ടു
ചരിത്ര സംഭവമാണ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടന്ന സമൂഹവിവാഹം എന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ത്യയുടെ മതേതരത്വം കൃത്യമായി നടപ്പാക്കുന്ന, എല്ലാ സംസ്‌കാരങ്ങളെയും ഉള്‍കൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ലീഗ് എന്നും കുഞ്ഞാലികുട്ടി കൂട്ടിച്ചേര്‍ത്തു.
പി.കെ പോക്കര്‍ ഹാജി, എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ.എം.പി അബ്ദുസമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ്, കെ.നവാസ് കന്നി എം.പി, എം.എസ്.എ ഷാജഹാന്‍, എം. അബ്ദു റഹ്മാന്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ പി.എ മജീദ് എം.എല്‍.എ , നജീബ് കാന്തപുരം എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, പങ്കെടുത്തു.
നാളെ കലൈവാണം അരങ്കം ദേശീയപ്രതിനിധി സമ്മേളനത്തിന് സാക്ഷിയാകും. ഒരു വര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി മതേതര ചേരിയുടെ ശാക്തീകരണവും രാഷ്ട്രീയ പാര്‍ട്ടികളും, രാഷ്ട്ര നിര്‍മാണത്തില്‍ യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, വനിതകള്‍, തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരുടെ പങ്ക്, ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റെയും അഭിമാനകരമായ നിലനില്‍പിന്റെയും ഏഴര പതിറ്റാണ്ട് എന്നീ പ്രമേയങ്ങളാണ് സമ്മേളനം ചര്‍ച്ച ചെയ്യുക.
മാര്‍ച്ച് 10ന് രാവിലെ രാജാജി ഹാളില്‍ മുസ്ലിം ലീഗ് രൂപീകരണത്തിന്റെ പുനരാവിഷ്‌കാര സമ്മേളനം നടക്കും. പുതിയ കാലത്തിന്റെ പോരാട്ടങ്ങളുടെ നിയോഗമേറ്റെടുത്ത് പ്രതിനിധികള്‍ പ്രതിജ്ഞ ചെയ്യുന്നതാണ് മുഖ്യ ആകര്‍ഷണം. തമിഴ്, മലയാളം, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, കന്നട, തെലുങ്ക്, മറാഠി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ പ്രതിജ്ഞ നടക്കും. വൈകിട്ട് വൈ എം സി എ സ്റ്റേഡിയത്തില്‍ ഖാഇദെ മില്ലത്ത് നഗറില്‍ റാലി നടക്കും. തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മുഖ്യാതിഥിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."