പതിനാറു ദിനത്തെ ചികിത്സയ്ക്ക് നാലരലക്ഷം രൂപ: ബില്‍ അടയ്ക്കാത്തതിനാല്‍ മൃതദേഹം പിടിച്ചുവെച്ചെന്ന് സ്വകാര്യ ആശുപത്രിക്കെതിരേ പരാതി
തിരുവനന്തപുരം; കോവിഡ് ചികിത്സയുടെ മറവിലെ സ്വകാര്യ ആശുപത്രിയുടെ കൊള്ളകളെ കുറിച്ച് വീണ്ടും വാര്‍ത്തകള്‍. കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം പോലും ബില്‍ അടയ്ക്കാത്തതിനാല്‍ ആശുപത്രിവിട്ടു നല്‍കിയില്ലെന്നാണ് പരാതി. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ച കരമന കൊല്ലവിളാകത്ത് വീട്ടില്‍ എം.ഷാജഹാന്റെ മൃതദേഹമാണ് വലിയ തുകയുടെ ബില്ലടയ്ക്കാത്തതിനാല്‍ ആശുപത്രി അധികൃതര്‍ പിടിച്ചുവച്ചത്. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഇടപെട്ട് ബില്‍തുക കുറച്ചു നല്‍കുകയായിരുന്നു.
ഇക്കഴിഞ്ഞ 22നാണ് ഷാജഹാനും ഭാര്യയും മകനും ആശുപത്രിയില്‍ ചികിത്സ തേടിയത്. രണ്ടുദിവസം കഴിഞ്ഞ് അസുഖം ഭേദമായ ഭാര്യയും മകനും മടങ്ങി. എന്നാല്‍, രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഷാജഹാനെ ഐ.സി.യുവിലേയ്ക്ക് മാറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ചു. ഷാജഹാന്റെ ആശുപത്രി ചെലവായി 4,45,808 രൂപയുടെ ബില്ലാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്.
ഇത്രയും വലിയ തുക നല്‍കാനുള്ള സാമ്പത്തികശേഷിയില്ലെന്നും കുറച്ചുതരണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും പണം അടച്ചാല്‍ മാത്രമേ മൃതദേഹം വിട്ടുനല്‍കൂ എന്ന് ആശുപത്രി അധികൃതര്‍ നിലപാടെടുത്തു. തുടര്‍ന്ന് ശനിയാഴ്ച പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് സഹോദരന്‍ ഡി.എം.ഒ.യ്ക്കു പരാതി നല്‍കിയതോടെ ബില്‍തുക ഒന്നര ലക്ഷമായി കുറച്ചു നല്‍കിയാണ് മൃതദേഹം വിട്ടുനല്‍കിയത്.
വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു ഷാജഹാനെന്നും ഓക്‌സിജന്‍ ഉള്‍പ്പെടെ നല്‍കിയുള്ള ചികിത്സയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിലും കുറഞ്ഞ തുക മാത്രമേ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."