ഷീന ഷുക്കൂറിന്റെ ഗവേഷണ പ്രബന്ധത്തിനെതിരെ കോപ്പിയടി ആരോപണം; ഗവര്‍ണര്‍ക്ക് പരാതി നല്കി
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല നിയമ വകുപ്പ് മേധാവിയും എം.ജി സര്‍വകലാശാല മുന്‍ പി.വി.സിയുമായ ഡോ. ഷീന ഷൂക്കൂറിന്റെ ഗവേഷണ പ്രബന്ധത്തെ കുറിച്ച് ഗവര്‍ണര്‍ക്ക് പരാതി. പ്രബന്ധത്തിലെ ചില ഭാഗങ്ങള്‍ പകര്ത്തിയെഴുതിയതാണെന്നും യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഗവേഷണ പഠനം നടത്തിയതെന്നും ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി സമിതി ഗവര്‍ണര്‍ക്കും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും പരാതി നല്കി.
അക്കാദമിക് തിരിമറി നടത്തി ഉന്നത പദവികളിലെത്തിയ ഷീന ഷുക്കൂറിനെ കണ്ണൂര്‍ സര്‍വ്വകലാശാല നിയമ പഠന വകുപ്പ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്നാണ് ആവശ്യം.
'കേരളത്തിലേയും ലക്ഷദ്വീപിലേയും മുസ്ലിം കുടുംബനിയമത്തിന്റെ സാധുതയും പ്രയോഗവും' എന്ന വിഷയത്തെ അധികരിച്ച് തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് തമിഴ്നാട് അംബേദ്കര്‍ സര്‍വകലാശാല ഷീന ഷുക്കൂറിന് 2009- ല്‍ പി.എച്ച്.ഡി ബിരുദം നല്‍കിയത്. യു.ജി.സി അംഗീകരിച്ച ടേണിറ്റിന്‍ സോഫ്റ്റ് വെയറില്‍ പരിശോധിച്ചപ്പോള്‍ 60 ശതമാനം കോപ്പിയടി നടന്നതായി കണ്ടെത്തിയതായി അവര്‍ ആരോപിക്കുന്നു. പ്രബന്ധത്തിലെ നാലാം ചാപ്റ്ററില്‍ മദ്രാസ് യൂണിവേഴ്സിറ്റിയിലെ കെ ശ്രീധരവാര്യര് 1969 ല്‍ പ്രസിദ്ധീകരിച്ച മരുമക്കത്തായം അലൈഡ് സിസ്റ്റം ഓഫ് ലോ എന്ന ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ അതുപോലെ പകര്‍ത്തിയതായി പരാതിയില്‍ പറയുന്നു.
മുന്‍ ഹൈക്കോടതി ജസ്റ്റിസ് അബ്ദുല്‍ ഗഫൂറിന്റെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. ഡോക്ടറേറ്റോ പി.ജി ബിരുദമോ ഇല്ലാത്ത ജസ്റ്റിസ് ഗഫൂര്‍ എങ്ങനെ ഷീനയുടെ ഗൈഡ് ആയി എന്ന ചോദ്യവും പരാതിക്കാര്‍ ഉന്നയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."