പ്ലസ് ടു: ഉത്തരസൂചിക തയാറാക്കിയ അധ്യാപകരോട് വിശദീകരണം തേടി
തിരുവനന്തപുരം
പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചികയിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകരോട് വിശദീകരണം തേടി. ഉത്തരസൂചിക തയാറാക്കിയ 12 അധ്യാപകരോട് അച്ചടക്ക നടപടികളുടെ ഭാഗമായി വിശദീകരണം തേടിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പറിനൊപ്പം ചോദ്യകർത്താവ് തയാറാക്കിയ ഉത്തരസൂചിക അന്തിമ മൂല്യനിർണത്തിനായി ഉപയോഗിക്കാമെന്നും പുതിയ ഉത്തരസൂചിക പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഡയറക്ടർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
ഉത്തരസൂചികയിലെ ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടി വിവിധ ജില്ലകളിലെ കെമിസ്ട്രി മൂല്യനിർണയം അധ്യാപകർ ബഹിഷ്‌കരിച്ചിരുന്നു. കെമിസ്ട്രി മൂല്യനിർണയത്തിനുളള ഉത്തരസൂചിക തയാറായപ്പോൾ തന്നെ പിഴവുകൾ അധ്യാപകർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പതിനാല് ജില്ലകളിൽനിന്നു തെരഞ്ഞെടുത്ത അധ്യാപകരാണ് മൂല്യനിർണയത്തിന്റെ സ്‌കീം തയാറാക്കി ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർക്ക് സമർപ്പിച്ചത്.
ഈ ഉത്തരസൂചികയിലാണ് പിഴവുണ്ടായതെന്നാണ് വകുപ്പ് അധികൃതർ പറയുന്നത്.
എന്നാൽ വകുപ്പ് അധികൃതർക്കുണ്ടായ പിഴവ് അധ്യാപകരുടെ മേൽ കെട്ടിവയ്ക്കുകയാണെന്ന ആരോപണമാണ് ഹയർസെക്കന്ററി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ഉന്നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."