ഏരിയാ കമ്മിറ്റി ഓഫിസിൽ പീഡനശ്രമം; സി.പി.എം ലോക്കൽ സെക്രട്ടറി പുറത്ത്
സ്വന്തം ലേഖകൻ
കണ്ണൂർ
സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിൽ പാർട്ടി പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ലോക്കൽ സെക്രട്ടറിക്കെതിരേ നടപടി. പേരാവൂർ ഏരിയാ കമ്മിറ്റി അംഗവും കണിച്ചാർ ലോക്കൽ സെക്രട്ടറിയുമായ കെ.കെ ശ്രീജിത്തിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടിയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനാൽ പാർട്ടിയിൽ വഹിക്കുന്ന സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായാണ് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ വാർത്താക്കുറിപ്പിലുള്ളത്.
ഡി.വൈ.എഫ്.ഐയുടെ ബ്ലോക്ക് ഭാരവാഹിയായ വനിതാ നേതാവാണ് ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ഇയാൾക്കെതിരേ പാർട്ടിയിൽ പീഡന പരാതി നൽകിയത്.
ഏപ്രിൽ 22നാണ് പരാതിക്കാധാരമായ സംഭവം. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിൽ ഇരുവരും പ്രതിനിധികളായിരുന്നു. സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഏരിയ കമ്മിറ്റി ഓഫിസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിനും സി.പി.എം ജില്ലാ കമ്മിറ്റിക്കും യുവതി പരാതി നൽകിയിരുന്നു.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗം പരാതിയിൽ അടിയന്തര നടപടി എടുക്കാൻ പേരാവൂർ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ സെക്രട്ടറിയുടെ നടപടി. സംഭവത്തിൽ യുവതി ഇതുവരെ പൊലിസിൽ പരാതി നൽകിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."