ജെ.ഡി.എസ്-എല്‍.ജെ.ഡി ലയനം വേണമെന്നു സി.പി.എം, ആന്റണി രാജുവും ഗണേഷും മന്ത്രിമാരാകും
തിരുവനന്തപുരം: ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കെ.ബി ഗണേഷ്‌കുമാര്‍ (കേരള കോണ്‍ഗ്രസ് ബി) എന്നിവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ ഇടതുമുന്നണിയില്‍ ധാരണ.
സി.പി.എം-സി.പി.ഐ നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ രണ്ടു പാര്‍ട്ടികള്‍ക്കും മന്ത്രിസ്ഥാനം നല്‍കണമെന്ന കാര്യത്തില്‍ ഏതാണ്ടു തീരുമാനമായതാണു വിവരം. ഇക്കാര്യം ഇരുപാര്‍ട്ടികളുടെയും നേതാക്കളെ അറിയിച്ചു. തീരുമാനം പുറത്തുപോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ്-എമ്മുമായി ചര്‍ച്ച നടന്നെങ്കിലും മന്ത്രിമാരുടെ എണ്ണത്തില്‍ തീരുമാനമായില്ല.
രണ്ടു മന്ത്രിമാര്‍ വേണമെന്ന ആവശ്യമാണു കേരള കോണ്‍ഗ്രസ്-എം ചര്‍ച്ചയില്‍ മുന്നോട്ടുവച്ചത്. ഇതിനു കഴിയില്ലെന്ന നിലപാടിലാണു സി.പി.എം. രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കാമെന്നു സി.പി.എം അറിയിച്ചിട്ടുണ്ട്. ജനതാദള്‍-എസിനോടും ലോക് താന്ത്രിക് ജനതാദളിനോടും ലയിച്ച് ഒരു പാര്‍ട്ടിയാകാന്‍ സി.പി.എം ആവശ്യപ്പെട്ടു. രണ്ടു പാര്‍ട്ടികളും നിര്‍ദേശത്തോടു യോജിച്ചിട്ടില്ല. മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തില്‍ ജെ.ഡി.എസും എല്‍.ജെ.ഡിയും ഉറച്ചുനില്‍ക്കുകയാണ്. ഒരു പാര്‍ട്ടിയാകാതെ മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലാണു സി.പി.എം. ഇരുപാര്‍ട്ടികളുടെയും നേതാക്കളോടു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇതേ നിലപാട് ആവര്‍ത്തിച്ചതായാണു വിവരം. എന്‍.സി.പിക്കു മന്ത്രിസ്ഥാനം ലഭിക്കും. ഇക്കാര്യം എന്‍.സി.പി നേതാക്കളെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിസ്ഥാനമുണ്ടായിരുന്ന കോണ്‍ഗ്രസ്-എസിന് ഇക്കുറി മന്ത്രിസ്ഥാനം നല്‍കില്ല. മന്ത്രിസ്ഥാനം രാമചന്ദ്രന്‍ കടന്നപ്പള്ളി ആവശ്യപ്പെട്ടെങ്കിലും ഇത്തവണ പരിഗണിക്കാന്‍ കഴിയില്ലെന്നു സി.പി.എം നേതാക്കള്‍ അദ്ദേഹത്തോടു വ്യക്തമാക്കിയിട്ടുണ്ട്. ഐ.എന്‍.എല്‍, ആര്‍.എസ്.പി-ലെനിനിസ്റ്റ് എന്നീ പാര്‍ട്ടികള്‍ക്കും മന്ത്രിസ്ഥാനം ലഭിക്കില്ല. 17-ന് ഇടതുമുന്നണി യോഗം ചേരുമ്പോള്‍ മന്ത്രിസ്ഥാനം തീരുമാനിക്കപ്പെട്ട പാര്‍ട്ടികള്‍ മന്ത്രിമാര്‍ ആരെന്ന വിവരം അറിയിക്കണമെന്നാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."