HOME
DETAILS

അഴിമതിക്കുരുക്കിൽ എ.എ.പി

  
backup
March 11 2023 | 04:03 AM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b5%bd-%e0%b4%8e-%e0%b4%8e-%e0%b4%aa%e0%b4%bf

പ്രൊഫ. റോണി കെ ബേബി


കേന്ദ്രസർക്കാരിന്റെ പകപോക്കലും മനീഷ് സിസോദിയയുടേതടക്കമുള്ള മന്ത്രിമാരുടെ അറസ്റ്റുമെല്ലാം ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അഴിമതിക്കെതിരേ സമരം ചെയ്താണ് ആം ആദ്മി പാർട്ടി രാഷ്ട്രീയരംഗത്തേക്കു വന്നത്. എന്നാൽ പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അഴിമതിക്കേസിൽ ജയിലിനുള്ളിലായിരിക്കുകയാണ്. അനധികൃത സ്വത്തു സമ്പാദനക്കേസിൽ ആം ആദ്മിയുടെ മറ്റൊരു മന്ത്രിയായിരുന്ന സത്യേന്ദ്ര ജെയിനും ജയിലിലാണ്. മനീഷ് സിസോദിയയുടെയും സത്യേന്ദ്ര ജെയിന്റെയും അറസ്റ്റുകൾ കനത്ത ആഘാതമാണ് ആം ആദ്മി പാർട്ടിക്ക് ഏൽപ്പിച്ചിരിക്കുന്നത്.


മുൻപിലുള്ളത്
വെല്ലുവിളികൾ


വലിയ പരിഷ്‌കരണമെന്ന നിലയിൽ നടപ്പാക്കുകയും വിവാദമായപ്പോൾ പിൻവലിക്കുകയും ചെയ്ത ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ മനീഷ് സിസോദിയയെ അറസ്റ്റുചെയ്തത്. കേവലം മദ്യ ഇടപാടല്ല, ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ സാധ്യതകളെയും ഭാവിയെയുംതന്നെ പിടിച്ചുകുലുക്കാൻ ശേഷിയുള്ളതാണ് ഈ കേസ് എന്നതുകൊണ്ടുതന്നെ പാർട്ടിയേയും നേതാവായ അരവിന്ദ് കേജ്‌രിവാളിനെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. 2012 നവംബറിൽ പാർട്ടി രൂപീകരിച്ചതിനുശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് അരവിന്ദ് കെജ്‌രിവാളിന് മുൻപിലുള്ളത്. ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ എന്ന അഴിമതിവിരുദ്ധ പ്രസ്ഥാനത്തെ രാഷ്ട്രീയവത്കരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ കെജ്‌രിവാളും അണ്ണാ ഹസാരെയും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ആം ആദ്മി പാർട്ടി രൂപീകരിച്ചത്. അണ്ണാ ഹസാരെ രാഷ്ട്രീയപ്പാർട്ടി രൂപീകരണത്തിന് എതിരായിരുന്നു. പാർട്ടിയുടെ രൂപീകരണത്തിന് കാരണമായ അഴിമതിവിരുദ്ധ നിലപാടുകൾ അഴിമതിയുടെ പേരിൽത്തന്നെ തിരിഞ്ഞുകൊത്തുമ്പോൾ ചരിത്രത്തിന്റെ വിരോധാഭാസം എന്ന് മാത്രമേ പറയാൻ കഴിയു.


ഉയരുന്നത് ഗൗരവ
ആരോപണങ്ങൾ


ആം ആദ്മി പാർട്ടി എം.എൽ.എയും ഡൽഹി വഖ്ഫ് ബോർഡ് ചെയർമാനുമായ അമാനത്തുല്ലാ ഖാനെ വഖ്ഫ് ബോർഡിൽ ക്രമക്കേട് ആരോപിച്ച് 2020ൽ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി പൊലിസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സത്യേന്ദ്ര ജയിൻ അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ആം ആദ്മി പാർട്ടി മന്ത്രി സത്യേന്ദ്ര ജയിൻ അറസ്റ്റിലായത്. ഇദ്ദേഹത്തിനെതിരേ സുകേഷ് ചന്ദ്രശേഖർ ഉന്നയിച്ച പത്തുകോടി രൂപയുടെ അഴിമതി ആരോപണം ആം ആദ്മി പാർട്ടിയെ പിടിച്ചു കുലുക്കിയിരുന്നു. ഇതിന്റെ ആഘാതം തീരുന്നതിന് തൊട്ടുപിന്നാലെയാണ് മനീഷ് സിസോദിയ അകത്താകുന്നത്. ഡൽഹി സർക്കാർ രൂപീകരിച്ച ഫീഡ്ബാക്ക് യൂനിറ്റ് രാഷ്ട്രീയ എതിരാളികളുടെ വിവരങ്ങൾ രഹസ്യമായി ശേഖരിച്ചെന്ന സി.ബി.ഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മനീഷ് സിസോദിയയെക്കെതിരേ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈയിടെ അനുമതി നൽകിയിരുന്നു. 2016ൽ പ്രവർത്തനമാരംഭിച്ച ഫീഡ്ബാക്ക് യൂനിറ്റിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ എതിരാളികളെ കുടുക്കാനുള്ള കേസുകൾ ഒരുക്കിയെന്നാണു സി.ബി.ഐ റിപ്പോർട്ട്. യൂനിറ്റ് രൂപീകരണത്തിനു മേൽനോട്ടം വഹിച്ച മനീഷ് സിസോദിയയ്‌ക്കെതിരേ കേസ് രജിസ്റ്റർ ചെയ്യണമെന്നും സി.ബി.ഐ ശുപാർശ ചെയ്തിരുന്നു.


അതിനു പിന്നാലെയാണ് കൂനിന്മേൽ കുരുവെന്നപോലെ മദ്യനയക്കേസ് വരുന്നത്. 2021-22 ലെ ഡൽഹി എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും ക്രമക്കേട് ആരോപിക്കുന്നതാണ് വിവാദമായ ഡൽഹി മദ്യനയക്കേസ്. മദ്യനയം നടപ്പാക്കിയ സമയത്തെ എക്‌സൈസ് കമ്മിഷണർ അർവ ഗോപി കൃഷ്ണ, ഡപ്യൂട്ടി കമ്മിഷണർ ആനന്ദ് തിവാരി, അസിസ്റ്റന്റ് കമ്മിഷണർ പങ്കജ് ഭട്‌നാഗർ, എ.എ.പി കമ്യൂണിക്കേഷൻ വിഭാഗം മേധാവിയായിരുന്ന വിജയ് നായർ തുടങ്ങിയ ഉന്നതരും പ്രതികളാണ്. സ്വകാര്യ കമ്പനികൾക്ക് വൻതോതിൽ ലാഭമുണ്ടാക്കാൻ അവസരം നൽകുന്ന രീതിയിൽ മദ്യനയം രൂപീകരിക്കാൻ ആം ആദ്മി പാർട്ടി നേതാക്കൾക്ക് 100 കോടി രൂപ നൽകിയെന്നതാണ് ഇ.ഡിയുടെ ആരോപണം.


തിരിഞ്ഞുകൊത്തുന്ന
അഴിമതിവിരുദ്ധ നിലപാടുകൾ


കൂടുതൽ സംസ്ഥാനങ്ങളിലേക്ക് രാഷ്ട്രീയലക്ഷ്യവുമായി നീങ്ങുന്നതിനിടെയാണ് അഴിമതിക്കേസുകളിൽ കുടുങ്ങി എ.എ.പിയുടെ രണ്ടു വന്മരങ്ങൾ വീഴുന്നത്. അഴിമതിവിരുദ്ധത പറഞ്ഞ് അധികാരത്തിലെത്തിയ ആം ആദ്മി പാർട്ടിയുടെ വിശ്വാസ്യതക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് മന്ത്രിമാരുടെ അറസ്റ്റുകൾ. ഡൽഹിക്ക് പുറത്ത് പഞ്ചാബിലും അധികാരം നേടി ദേശീയതലത്തിൽ പാർട്ടിക്ക് വേരോട്ടമുണ്ടാക്കാനുള്ള കെജ്‌രിവാളിന്റെ ശ്രമങ്ങൾക്കും അറസ്റ്റ് വലിയ തിരിച്ചടി നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഡൽഹി ഭരണത്തിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന മനീഷ് സിസോദിയയുടെ വീഴ്ച പാർട്ടിക്ക് ഏൽപ്പിക്കുന്ന പരുക്ക് ചില്ലറയല്ല. വകുപ്പുകളില്ലാത്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഭരണത്തിലും പാർട്ടിയിലും ഏറ്റവും വിശ്വാസമുള്ള കരങ്ങളിൽ വിലങ്ങുവീണതോടെ ആം ആദ്മി പാർട്ടിക്കു മുന്നിൽ ചോദ്യങ്ങളേറെയാണ്. ഡൽഹി സർക്കാരിൽ ആകെയുള്ള 33 വകുപ്പിൽ പ്രധാനപ്പെട്ട ഇരുപതോളം വകുപ്പുകൾ കൈകാര്യ ചെയ്തിരുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രാജിവച്ചതോടെ ഭരണനിർവഹണം അടക്കമുള്ള ഭാവികാര്യങ്ങളിൽ അമ്പരപ്പിലായിരിക്കുകയാണ് ആം ആദ്മി പാർട്ടിയും പ്രവർത്തകരും. 2014ൽ അധികാരത്തിലെത്തിയതിനുശേഷം ഇതുവരെ സിസോദിയയാണ് ബജറ്റ് അവതരിപ്പിച്ചിരുന്നത്.


പാളിയ ഹിന്ദുത്വ പരീക്ഷണം


ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുത്വ കാർഡിറക്കിയ അരവിന്ദ് കെജ്‌രിവാളിനെതിരേ വലിയ വിമർശനം ഉയർന്നിരുന്നു. ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാൻ്റെയും ചിത്രം പുതിയ കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തണമെന്നാണ് പ്രധാനമന്ത്രിയോട് കെജ്‌രിവാൾ ആവശ്യപ്പെട്ടത്. രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് പറഞ്ഞുകൊണ്ടാണ് കെജ് രിവാൾ കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ഹിന്ദുത്വ തന്ത്രങ്ങൾ പ്രയോഗിച്ച് ആം ആദ്മി പാർട്ടിയും അരവിന്ദ് കേജ്‌രിവാളും നേട്ടമുണ്ടാക്കുന്നതിൽ അസ്വസ്ഥതപ്പെട്ടിരുന്ന ബി.ജെ.പിക്ക് അപ്രതീക്ഷിതമായി കിട്ടിയ ആയുധമാണ് ഈ അറസ്റ്റുകൾ. ആം ആദ്മിയുടെ അഴിമതിവിരുദ്ധ പ്രതിഛായക്കും മതേതര നിലപാടുകൾക്കും ഏറ്റ കനത്ത തിരിച്ചടിയാണ് ഈ വിവാദങ്ങളെന്ന് പറയേണ്ടിയിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago