വേണം ഒരു നേതൃത്വം
കേരളത്തിലെ കോണ്‍ഗ്രസ് എന്ന് രക്ഷപ്പെടും? എങ്ങനെ രക്ഷപ്പെടും? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ സീറ്റില്‍നിന്ന് ഒന്നുപോലും ഇത്തവണ കൂടുതല്‍ കിട്ടിയില്ല, അഞ്ചുവര്‍ഷക്കാലം കഴിഞ്ഞുപോയിട്ടും. ഒരു രാജ്യത്തിനോ, സംസ്ഥാനത്തിനോ അഞ്ചുവര്‍ഷം എന്നത് ഒരു നീണ്ട കാലഘട്ടമല്ല. വ്യക്തികള്‍ക്കാകാം, തീര്‍ച്ചയായും. പക്ഷേ കേരളത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കടുത്ത സ്തംഭനത്തിലെത്തിയിരിക്കുന്നുവെന്നു പറയാതെ വയ്യ. ഈ സ്തംഭനത്തില്‍നിന്നു കോണ്‍ഗ്രസിനെ എങ്ങനെ രക്ഷപ്പെടുത്തും? ആരു രക്ഷപ്പെടുത്തും?
തൊലിപ്പുറത്തെ ചില്ലറ ചികിത്സകൊണ്ടു മാറ്റാവുന്നതല്ല പാര്‍ട്ടിയെ ബാധിച്ചിരിക്കുന്ന രോഗം. കാര്യം ഗൗരവമുള്ളതു തന്നെയാണ്. പാറശ്ശാല മുതല്‍ കാസര്‍കോടു വരെ സകല ജില്ലകളിലും കോണ്‍ഗ്രസിന് അടിപതറിയിരിക്കുന്നു. അല്‍പം പച്ചപ്പുണ്ടായിരുന്ന എറണാകുളം തന്നെ ശോഷിച്ചുപോയി. മുന്നണിയിലെ രണ്ടാംകക്ഷിയായിരുന്ന ലീഗിന്റെ കോട്ടകളിലും കനത്തവിള്ളല്‍. വോട്ടു ശതമാനം നന്നെ കുറഞ്ഞു. ആര്‍.എസ്.പി 2016-ലെപ്പോലെ ഇപ്പോഴും ശൂന്യം. മുമ്പൊക്കെ തിരുവനന്തപുരം മുതല്‍ ചവറ വരെ പരന്നു കിടക്കുന്ന പാര്‍ട്ടിയെന്ന് ആര്‍.എസ്.പിയെ വിശേഷിപ്പിക്കാമായിരുന്നു. പിന്നീടത് ചവറ മുതല്‍ ചവറ വരെ നീണ്ടു കിടക്കുന്ന പാര്‍ട്ടിയായി. ഇപ്പോഴിതാ തുടര്‍ച്ചയായി രണ്ടാം തവണയും പൂജ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പില്‍ പോലും ആര്‍.എസ്.പിക്ക് നേട്ടമൊന്നും കിട്ടിയില്ല. ശ്രീകണ്ഠന്‍ നായര്‍, ബേബി ജോണ്‍, ടി.കെ. ദിവാകരന്‍ എന്നിങ്ങനെ കേരള രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാക്കള്‍ ഒരു കാലത്തു നയിച്ച പാര്‍ട്ടിയാണ് ദാ, താഴെ കിടന്നുരുളുന്നു.
സി.എം.പിയുടെ കാര്യവും കഷ്ടംതന്നെ. സി.പി ജോണിനെ പോലെ വളരെ സമര്‍ഥനായൊരു നേതാവാണ് തലപ്പത്ത്. ഇത്തവണ ഒരു സീറ്റുണ്ടായിരുന്നു. ജയിച്ചില്ല. 2016-ല്‍ സി.പി ജോണ്‍ കുന്നംകുളത്തു മത്സരിച്ചു തോറ്റു. ഇപ്രാവശ്യം ജോണിനു സീറ്റു പോലും കൊടുത്തില്ല. എല്ലാം കോണ്‍ഗ്രസ് കൈയിലെടുത്തു. നിരത്തിപ്പിടിച്ചു സ്ഥാനാര്‍ഥികളെ നിര്‍ത്തി. പുതിയവരും പഴയ ആള്‍ക്കാരുമൊക്കെ തോറ്റു. ഇടതുമുന്നണി ചെറിയൊരു ഘടകകക്ഷിയായ ജനാധിപത്യ കേരളാ കോണ്‍ഗ്രസിനു വരെ ഒരു സീറ്റ് കൊടുത്തു. അതും സെക്രട്ടേറിയറ്റ് മന്ദിരം നിലകൊള്ളുന്ന തിരുവനന്തപുരം സീറ്റ്. വാശിയേറിയ ത്രികോണ മത്സരത്തില്‍ പാര്‍ട്ടി നേതാവ് ആന്റണി രാജു സീറ്റ് പിടിച്ചെടുത്തു. യു.ഡി.എഫ് നേതൃത്വമാവട്ടെ സി.പി ജോണിനോടു സീറ്റിന്റെ കാര്യം മിണ്ടുക പോലും ചെയ്തില്ല. ജോണ്‍ പുറകെ നടന്നു കെഞ്ചാനും പോയില്ല.
കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തെ പറഞ്ഞുവിട്ടപ്പോള്‍ത്തന്നെ യു.ഡി.എഫ് നേതൃയോഗത്തില്‍ അരുതേ എന്നാവര്‍ത്തിച്ചഭ്യര്‍ഥിച്ചതാണ് ജോണ്‍. കോണ്‍ഗ്രസ് നേതാക്കളുണ്ടോ സമ്മതിക്കുന്നു, അവര്‍ക്കു ലക്ഷ്യം പലതായിരുന്നു. ഒന്ന്, കേരളാ കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യം അവസാനിപ്പിക്കുക. രണ്ട്, കേരള കോണ്‍ഗ്രസ് ഒഴിവാകുമ്പോള്‍ കോട്ടയം ജില്ലയില്‍ ഒഴിവുവരുന്ന സീറ്റുകള്‍ സ്വന്തമാക്കുക. ഇരിക്കൂര്‍ വിട്ട് സ്വന്തം നാടായ കോട്ടയത്തേയ്ക്കു മടങ്ങിവരുന്ന കെ.സി ജോസഫും മുതിര്‍ന്ന നേതാവ് ജോസഫ് വാഴയ്ക്കനും മുന്‍ ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനിയുമൊക്കെ ഇങ്ങനെ ഒഴിവുവരുന്ന സീറ്റുകള്‍ നോക്കിയിരിക്കുകയായിരുന്നു. ഒക്കെയും പാഴ്‌സ്വപ്നങ്ങളായി.
ഒന്നു വിരട്ടാമെന്നല്ലാതെ, കേരളാ കോണ്‍ഗ്രസിനെ അങ്ങോടിച്ചു വിടാമെന്നു കരുതിയിരുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. കുറച്ചുനാള്‍ പുറത്തുനിന്ന് മടുക്കുമ്പോള്‍ തിരികെപോന്നോളും എന്നും കരുതി. ഇടതുപക്ഷത്തേയ്ക്കു പോകാന്‍ നോക്കിയാല്‍ അവിടെ കാനം രാജേന്ദ്രന്‍ തടസം നില്‍ക്കുമെന്നും പ്രതീക്ഷവച്ചു. ഇടതുപക്ഷത്ത് രണ്ടാം കക്ഷിയായ സി.പി.ഐക്ക് കേരളാ കോണ്‍ഗ്രസ് പോലെയൊരു പാര്‍ട്ടി കൂടി മുന്നണിയിലോട്ടുവരുന്നത് ഇഷ്ടപ്പെട്ടില്ലെന്നയിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ കണക്കുകൂട്ടല്‍. പക്ഷേ കാനം മിണ്ടിയതേയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ കാനത്തെ പൂട്ടിക്കളഞ്ഞു എന്നാണു കഥ. മുഖ്യമന്ത്രി തന്നെയാണ് ജോസ് കെ. മാണിയെ ഇടത്തേയ്ക്ക് കൊണ്ടുവരാന്‍ വഴിയൊരുക്കിയത്. വാരിക്കോരി സീറ്റും നല്‍കി. റാന്നി സീറ്റു വരെ. അഞ്ചു സീറ്റുമായാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നിയമസഭയിലെത്തുന്നത്. പി.ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനു കിട്ടിയത് രണ്ടു സീറ്റ്. മുന്നണിക്കു ഭരണം കിട്ടിയതുമില്ല. ആകെ നഷ്ടക്കച്ചവടം.
കേരളത്തിലെ ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകളും ഉള്‍പ്പൊരുളുകളും അറിയാതെ ഇവിടെ രാഷ്ട്രീയം കളിക്കാനാവില്ലെന്ന സത്യം കോണ്‍ഗ്രസ് നേതാക്കള്‍ക്കറിയാത്തതല്ല. ആവശ്യം വരുമ്പോള്‍ ഒന്നും ഓര്‍മവരില്ലെന്നു മാത്രം. 1957-ലെ ആദ്യത്തെ തെരഞ്ഞെടുപ്പുവരുമ്പോള്‍ എല്ലാം ഭദ്രമെന്നായിരുന്നു കോണ്‍ഗ്രസ് കരുതിയിരുന്നത്. അതു തീരെ ശരിയല്ലെന്ന് അന്നു പറഞ്ഞത് രാഷ്ട്രീയക്കാരനല്ലാത്ത ഫാദര്‍ വടക്കന്‍ എന്ന കത്തോലിക്കാ പുരോഹിതനായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒറ്റയ്ക്കുനിന്നു എതിര്‍ത്തു തോല്‍പ്പിക്കാനാവില്ലെന്ന് ഫാദര്‍ വടക്കന്‍ അന്നേ പറഞ്ഞു. ചിട്ടയായ ജനകീയ പ്രവര്‍ത്തനംകൊണ്ടും സംഘടനാ പ്രവര്‍ത്തനംകൊണ്ടും ജനങ്ങള്‍ക്കു പ്രിയപ്പെട്ട പാര്‍ട്ടിയായി കമ്യൂണിസ്റ്റ് പാര്‍ട്ടി മാറിക്കഴിഞ്ഞിരുന്നുവെന്ന് രാഷ്ട്രീയം പഠിച്ചുകൊണ്ടിരുന്ന ഫാദര്‍ വടക്കന്‍ അന്നുതന്നെ മനസിലാക്കി, കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണി എന്നൊരു പ്രസ്ഥാനവും സ്വന്തം നിലയ്ക്ക് വടക്കനച്ചന്‍ കെട്ടിപ്പടുത്തു. പി.എസ്.പി, മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികളെക്കൂടി കൂട്ടുപിടിച്ച് ഐക്യമുന്നണിയുണ്ടാക്കി മത്സരിച്ചാലേ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തോല്‍പ്പിനാവൂ എന്നായിരുന്നു ഫാദര്‍ വടക്കന്റെ കണക്കുകൂട്ടല്‍. ഇത് കോണ്‍ഗ്രസ് നേതാക്കളോടൊക്കെ പറയുകയും കണക്കുകള്‍ നിരത്തി കാണിച്ചുകൊടുക്കുകയും ചെയ്തു. പക്ഷേ അവരാരും തിരിഞ്ഞുനോക്കിയില്ല.
തിരുവിതാംകൂറില്‍ ഭരണമേറ്റ 1948 മുതല്‍ കോണ്‍ഗ്രസ് തന്നെയാണ് ഭരിച്ചത്. കടുത്ത വര്‍ഗീയതയും ജാതിപ്പോരും വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലും പരസ്പര വിശ്വാസമില്ലായ്മയും കൊണ്ട് ഭരണമേറ്റ സര്‍ക്കാരുകളൊക്കെ താഴെ പോയി. പട്ടം മുതല്‍ പറവൂര്‍ ടി.കെ നാരായണപിള്ള മുതല്‍ എ.ജെ ജോണ്‍ മുതല്‍ പനമ്പിള്ളി വരെ. കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടി കണ്ടിട്ടുതന്നെയാണ് ഫാദര്‍ വടക്കന്‍ ജയം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരിക്കുമെന്നു മുന്നറിയിപ്പു നല്‍കിയത്. വടക്കനച്ചന്‍ പറഞ്ഞതുപോലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റയ്ക്കു ഭരണം പിടിച്ചെടുത്തു. ഇ.എം.എസ് മുഖ്യമന്ത്രിയായി. പിന്നെ വിമോചന സമരം. അടുത്ത തെരഞ്ഞെടുപ്പു നടന്നത് 1960 ല്‍. കോണ്‍ഗ്രസ് മുന്നണിയുണ്ടാക്കിത്തന്നെ മത്സരിച്ചു. പി.എസ്.പിയും മുസ്‌ലിം ലീഗും കൂട്ടിന്. ഇത്തവണ ജയിച്ചു. പി.എസ്.പി നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രി. ഫാദര്‍ വടക്കന്‍ പറഞ്ഞു 'ഞാന്‍ 1957-ല്‍ പറഞ്ഞത് കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ അനുവര്‍ത്തിച്ചു'. കോണ്‍ഗ്രസ് ഭരണത്തിന്റെ കുഴപ്പങ്ങളില്‍ മനം മടുത്ത് ഫാദര്‍ വടക്കന്‍ പിന്നീട് കമ്യൂണിസ്റ്റ് അനുഭാവിയായത് കേരള രാഷ്ട്രീയത്തിലെ ഒരു പ്രധാന ഏട്.
1967-ല്‍ ഇ.എം.എസ് വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ കെ. കരുണാകരനായിരുന്നു പ്രതിപക്ഷ നേതാവ്. ഒപ്പമുള്ളത് വെറും ഒന്‍പതു കോണ്‍ഗ്രസുകാര്‍. അവിടെ നിന്നാണ് മുന്നണിയുണ്ടാക്കി കരുണാകരന്‍ കോണ്‍ഗ്രസിനെ വളര്‍ത്തിയത്. പുതിയ കക്ഷികളെ മുന്നണിയില്‍ ചേര്‍ത്തും ഉള്ളവയെ പിടിച്ചുനിര്‍ത്തിയും അദ്ദേഹം മുന്നണി ബന്ധങ്ങള്‍ സൂക്ഷ്മതയോടെ പരിപാലിച്ചു. സി.പി.എമ്മിലെ കരുത്തനായ നേതാവായിരുന്ന എം.വി രാഘവന്‍ ഒരുദാഹരണം. ബദല്‍രേഖാ വിവാദത്തിന്റെ പേരില്‍ സി.പി.എമ്മില്‍ കുഴപ്പങ്ങള്‍ മൂര്‍ച്ഛിച്ചപ്പോള്‍ എം.വി.ആര്‍ പാര്‍ട്ടിക്കു പുറത്തായി. മുഖ്യമന്ത്രിയായിരിക്കെ കെ. കരുണാകരനെ പലവട്ടം അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിട്ടുള്ള നേതാവാണ് എം.വി.ആര്‍. അദ്ദേഹത്തെ കൂടെക്കൂട്ടാനും മന്ത്രിസ്ഥാനം കൊടുക്കാനും വേണ്ടത്ര അംഗീകാരം കൊടുക്കാനും കരുണാകരന്‍ ശ്രദ്ധിച്ചു. അതുപോലെ തന്നെയാണ് കെ.ആര്‍. ഗൗരിയമ്മയെയും അദ്ദേഹം കരുതിയത്.
ഐക്യമുന്നണി രാഷ്ട്രീയം ആരോഗ്യകരമായി വളര്‍ന്നുവന്ന സംസ്ഥാനമാണു കേരളം. ശക്തമായ രണ്ടു മുന്നണികള്‍ നേര്‍ക്കുനേര്‍ നോക്കിനിന്നു പോരാടുന്ന സംസ്ഥാനം. രണ്ടു മുന്നണികളും ഒന്നിടവിട്ട ഇടവേളകളില്‍ ഭരണം പങ്കിടുകയും ചെയ്തു. അതിനിടയില്‍ ഇടം തേടി പോരാട്ടം തുടങ്ങിയ ബി.ജെ.പിക്ക് ഇനിയും എങ്ങുമെത്താനായില്ല. ഇത്തവണ രണ്ടു മുന്നണികളും തമ്മിലുള്ള പോര് അതിരൂക്ഷമായതിനാല്‍ ബി.ജെ.പിക്ക് കനത്ത പരാജയം നേരിടേണ്ടിവരികയും ചെയ്തു. കൈയിലിരുന്ന നേമം സീറ്റും നഷ്ടപ്പെട്ടു. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ആ ശൂന്യതയിലേക്ക് ബി.ജെ.പി കടന്നുകയറുമെന്ന സംസാരം ശക്തമായിരുന്നു. കരുത്തുചോര്‍ന്ന ബി.ജെ.പി ഇന്ന് ആര്‍ക്കും ആകര്‍ഷണമാവണമെന്നില്ല. പക്ഷേ കോണ്‍ഗ്രസ് സ്വന്തം കാര്യം നോക്കണം. നല്ല നേതാക്കള്‍ നേതൃത്വത്തില്‍ വരണം. കടിപിടി കൂടിയും ഗ്രൂപ്പ് കളി നടത്തിയും സമയം കളയുന്ന നേതാക്കളൊക്കെ സമര്‍ഥരായ യുവാക്കള്‍ക്കു വഴി മാറണം.
സമുദായമായാലും രാജ്യമായാലും സംസ്ഥാനമായാലും ആപല്‍ഘട്ടങ്ങളില്‍ രക്ഷയുമായി വലിയ നായകന്മാര്‍ എത്തിച്ചേരും. കേരളത്തില്‍ കോണ്‍ഗ്രസ് ആകെ തളര്‍ന്നിരിക്കുന്നു. ഞങ്ങളൊക്കെ നയിച്ചോളാമെന്നു പറയുന്നവരെ കേള്‍ക്കാതിരിക്കുകയാണ് വേണ്ടത്. കോണ്‍ഗ്രസിനൊരു പുതിയ നേതാവിനെയാണ് വേണ്ടത്. ഒരു വലിയ കരുത്തന്‍ നേതാവിനെ. 52 ഇഞ്ചു നെഞ്ചും കൈയൂക്കമല്ല കരുത്തിന്റെ അര്‍ഥം. പുതിയ കാഴ്ചപ്പാടുള്ള, പുതിയ ദിശാബോധമുള്ള നേതാവ്, നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."