ജഗ്‌മോഹന്‍ ചോരയൊഴുക്കിയ കശ്മിര്‍
1990 ജനുവരി 19ന് കശ്മിരില്‍ ജഗ്‌മോഹന്‍ മല്‍ഹോത്ര ഗവര്‍ണറായി വീണ്ടും ചുമതലയേറ്റെടുത്ത തൊട്ടടുത്ത ദിവസമാണ് കശ്മിരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരതകളിലൊന്നായ ഗാവാകദല്‍ കൂട്ടക്കൊലയുണ്ടാകുന്നത്. കശ്മിര്‍ അന്ന് ഗവര്‍ണറുടെ നേരിട്ടുള്ള ഭരണത്തിന് കീഴിലായിരുന്നു. ജഗ്‌മോഹനെ കശ്മിര്‍ ഗവര്‍ണറായി നിയമിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല രാജിവച്ചിരുന്നു. കൂട്ടക്കൊലയ്ക്ക് ജഗ്‌മോഹന്‍ മാത്രമായിരുന്നു ഉത്തരവാദി.
മൈസൂമയിലെ ഗാവാകദലിലുള്ള ഇടുങ്ങിയ പാലത്തിലൂടെ വരികയായിരുന്നു കശ്മിരികളുടെ പ്രകടനം. തീര്‍ത്തും സമാധാനപരമായിരുന്നു അത്. എന്നാല്‍, പാലത്തിന്റെ ഒരു വശം അടച്ചു നിന്ന സൈന്യം പ്രകടനക്കാര്‍ക്കെതിരേ ഒരു കാര്യവുമില്ലാതെ നിറയൊഴിച്ചു. കുറെപ്പേര്‍ വെടിയേറ്റു മരിച്ചു. പാലത്തില്‍നിന്ന് തണുത്തുറഞ്ഞ ഝലം നദിയിലേക്ക് ചാടിയും ചിലര്‍ മരിച്ചു. മരണസംഖ്യ 300 കടന്നിരുന്നു. എന്നാല്‍, ഗവര്‍ണര്‍ അത് 50 എന്ന നുണയിലൊതുക്കി. ഗാവാകദല്‍ കൂട്ടക്കൊലയുടെ സ്മാരകം ലാല്‍ചൗക്കിനടുത്തുള്ള ഗാവാകദലില്‍ ഇപ്പോഴുമുണ്ട്. മൈസൂമ ജെ.കെ.എല്‍.എഫിന്റെ ശക്തി കേന്ദ്രമായി മാറിയതും കശ്മിരില്‍ യുവാക്കള്‍ കൂട്ടത്തോടെ ആയുധമെടുത്ത് തെരുവിലിറങ്ങിയതും ഗാവാകദല്‍ കൂട്ടക്കൊലയെത്തുടര്‍ന്നാണ്.
രണ്ടാം വരവില്‍ കശ്മിരിലൊരു കൂട്ടക്കൊല ജഗ്‌മോഹന്‍ പദ്ധതിയിട്ടതാണെന്ന് കരുതണം. ജഗ്‌മോഹന്‍ ചുമതലയെടുത്ത അന്ന് രാത്രിയാണ് കശ്മിരില്‍ നിന്ന് പണ്ഡിറ്റുകളുടെ പലായനമെന്ന സര്‍ക്കാരിന്റെ ഔദ്യോഗിക കുടിയൊഴിപ്പിക്കല്‍ തുടങ്ങുന്നത്. കശ്മിര്‍ സമരത്തെ ഒന്നോ രണ്ടോ ആഴ്ചകള്‍ കൊണ്ട് സമ്പൂര്‍ണ സൈനികാതിക്രമത്തിലൂടെ ഇല്ലായ്മ ചെയ്യാമെന്ന് കരുതിയിരുന്നയാളായിരുന്നു ജഗ്‌മോഹന്‍.
സമരത്തിന് കശ്മിരിലെ ഹിന്ദുക്കളായ പണ്ഡിറ്റുകളിലൊരു വിഭാഗത്തിന്റെ പിന്തുണയും ഇടകലര്‍ന്നുള്ള താമസവും തടസമായിരുന്നു. ഇതോടെയാണ് ഹിന്ദുക്കളെ ജമ്മുവിലേക്കും ഡല്‍ഹിയിലേക്കും ആറു മാസത്തേക്ക് മാറ്റുകയും സൈനിക നടപടി പൂര്‍ത്തിയായ ശേഷം തിരിച്ചെത്തിക്കുകയുമെന്ന ജഗ്‌മോഹന്റെ പദ്ധതിയുണ്ടാകുന്നത്. പക്ഷേ, കാര്യങ്ങള്‍ കൈവിട്ടു പോയി. കൂട്ടക്കൊലകള്‍ നടന്നെങ്കിലും സായുധ സമരം നീണ്ടു. പണ്ഡിറ്റുകള്‍ക്ക് പിന്നൊയൊരിക്കലും തിരിച്ചെത്താന്‍ കഴിഞ്ഞില്ല. കശ്മിരിലെ പണ്ഡിറ്റുകളുടെ പലായത്തിന് ഒരേഒരു ഉത്തരവാദി ജഗ്‌മോഹനാണെന്ന് ഫാറൂഖ് അബ്ദുല്ല ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. നിരവധി എഴുത്തുകാരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കശ്മിരില്‍ സായുധ സമരം ശക്തിപ്പെടുത്താന്‍ 1984 മുതല്‍ 1989 വരെ കശ്മിര്‍ ഗവര്‍ണറായിരിക്കെ ജഗ്‌മോഹന്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് അക്കാലത്ത് സംസ്ഥാനത്തിന്റെ മൊത്തം ചുമതലയുണ്ടായിരുന്ന ഐ.ജി എ.എം വതാലി എഴുതിയ കശ്മിര്‍ ഇന്‍തിഫാദയെന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഗവര്‍ണര്‍ പദവയില്‍ കശ്മിരില്‍ ജഗ്‌മോഹന്റെ ആദ്യ തവണയായിരുന്നു ഇത്. യുവാക്കള്‍ ആയുധങ്ങളെടുക്കുന്നത് തടയാന്‍ അതിര്‍ത്തികള്‍ അടച്ചിടുകയും ആയുധങ്ങള്‍ ലഭിക്കുന്ന വഴി ഇല്ലാതാക്കുകയും ചെയ്യുകയായിരുന്നു ഏക മാര്‍ഗം. ആയുധവും പരിശീലനവും പണവും നല്‍കാന്‍ തയാറായി പാകിസ്താന്‍ തൊട്ടടുത്തുണ്ടായിരുന്നു. എന്നാല്‍, പാക്കധീന കശ്മിരിലേക്കുള്ള അതിര്‍ത്തികള്‍ തുറന്നിടാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയ പോലെയായിരുന്നു കാര്യങ്ങളെന്ന് വതാലി പറയുന്നു. 'എല്ലാം തുറന്നു കിടക്കുകയായിരുന്നു. ആരും ഒന്നും തടഞ്ഞില്ല.
യുവാക്കള്‍ കൂട്ടത്തോടെ പരിശീലനത്തിനും ആയുധത്തിനുമായി പാക്കധീന കശ്മിരിലേക്ക് പോയി. അവരെ തടയാന്‍ ആരുമുണ്ടായിരുന്നില്ല. പൊലിസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ചിലരെയെല്ലാം അറസ്റ്റ് ചെയ്തു. എന്നാല്‍ അതുകൊണ്ട് മാത്രം മതിയാവുമായിരുന്നില്ല. അതിര്‍ത്തിയിലേക്ക് ആളെ എത്തിക്കാന്‍ ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്ന് ഷെയര്‍ ടാക്‌സികളും ബസുകളും ബോര്‍ഡ് വച്ച് സര്‍വിസ് നടത്തി. ടൂര്‍ കമ്പനികള്‍ അതിര്‍ത്തിയിലേക്ക് ആളെ കൊണ്ടുവിടാന്‍ സര്‍വിസ് തുടങ്ങി. ബസുകള്‍ ആളെ വിളിച്ചുകയറ്റി കൊണ്ടുപോകാന്‍ തുടങ്ങി'.
വാഹനം ചെല്ലുന്നതിനപ്പുറത്തേക്ക് ദോംറി ഗലിയിലെ മലനിരകള്‍ കയറി വേണം പോകാന്‍. മലകടക്കാന്‍ കുതിരകളെ വാടകയ്ക്ക് നല്‍കുന്ന സര്‍വിസ് തുടങ്ങി. മലനിരകളിലൂടെ കുതിര സവാരിക്കാര്‍ കൂട്ടത്തോടെ അതിര്‍ത്തി മുറിച്ചുകടന്നു. ആളുകള്‍ കുതിരപ്പുറത്ത് മലകയറിപ്പോകുന്നത് ദൂരെ നിന്നും കാണാമായിരുന്നു. ആരും തടഞ്ഞില്ല. അതിര്‍ത്തി അടച്ചില്ല. മാസങ്ങളോളം അത് തുടര്‍ന്നു. അതിര്‍ത്തി കടന്ന് പോയവര്‍ തിരിച്ചെത്തിയത് ആയുധങ്ങളുമായാണ്. അതിനായി കാത്തിരിക്കുകയായിരുന്നു ജഗ്‌മോഹന്‍. കൂട്ടക്കൊലയ്ക്ക് വേണ്ട എല്ലാ സാഹചര്യവുമൊരുക്കുകയായിരുന്നു അദ്ദേഹം. ആര്‍ക്കുമത് മനസിലായില്ല. സൈന്യത്തെ ജഗ്‌മോഹന്‍ മറുവശത്ത് തയാറാക്കി നിര്‍ത്തിയിരുന്നു. 1988 സെപ്റ്റംബര്‍ 18ന് ശ്രീനഗര്‍ ടെലകോം ഓഫിസ് ആക്രമിക്കപ്പെട്ടു. അന്ന് രാത്രി തന്റെ വീടും ആക്രമിക്കപ്പെട്ടതായി വതാലി എഴുതുന്നു. 'രാജ്ഭവനില്‍ ജഗ്‌മോഹന്‍ വിളിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലും അതിര്‍ത്തികള്‍ അടക്കാന്‍ താന്‍ പറഞ്ഞു.
എന്നാല്‍, ജഗ്‌മോഹനോ സൈനിക കമാന്‍ഡര്‍മാര്‍ക്കോ താല്‍പര്യമില്ലായിരുന്നു. അതൊന്നും തടയേണ്ടതില്ലെന്ന സൈനിക കമാന്‍ഡര്‍മാരിലൊരാള്‍ പറഞ്ഞു. നിങ്ങള്‍ ചെയ്യുന്നത് ചതിയാണെന്ന ഞാന്‍ പറഞ്ഞു. ആളുകള്‍ അതിര്‍ത്തി കടക്കുന്നത് തടഞ്ഞാല്‍ തന്നെ ആക്രമണം നിയന്ത്രണവിധേയമാവും. ആയുധങ്ങളുമായി അവര്‍ തിരികെയെത്താന്‍ സമ്മതിക്കരുത്. ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. യോഗത്തിലുണ്ടായിരുന്ന ഫാറൂഖ് അബ്ദുല്ല മാത്രമായിരുന്നു എന്നെ പിന്തുണച്ചത്. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ആയുധങ്ങളും പണവും ലഭിക്കുന്നുവെന്നതിന് തെളിവ് വേണമെന്നായിരുന്നു സൈന്യത്തിന്റെ നിലപാട്. പാകിസ്താനില്‍ പരിശീലനം നേടി തിരികെയെത്തിയ ചിലരെ അറസ്റ്റ് ചെയ്തിരുന്നു. ആ തെളിവുകള്‍ ഞാന്‍ നല്‍കി. എന്നാല്‍ അതൊന്നും അവര്‍ പരിഗണിച്ചില്ല. സൈനികാക്രമണത്തോടായിരുന്നു ഗവര്‍ണര്‍ക്ക് താല്‍പര്യം. ഫാറൂഖ് അതിനെ എതിര്‍ക്കുന്നുണ്ടായിരുന്നു. ഒരു ദിവസം ചീഫ് സെക്രട്ടറി മൂസ റാസ അപ്രതീക്ഷിതമായി ഓഫിസില്‍ കയറി വന്നു. തന്റെ കീഴിലുള്ള സി.ആര്‍.പി.എഫുകാരെ പൊലിസിനെപ്പോലെ തെരുവില്‍ വിന്യസിക്കണമെന്ന് നിര്‍ബന്ധിച്ചു. കൂട്ടക്കൊലയായിരുന്നു ലക്ഷ്യമെന്ന് തനിക്കുറപ്പായിരുന്നു. അതിനാല്‍ താനതിന് തയാറായില്ല. സൈനിക വിന്യാസത്തിനു മാത്രം സാഹചര്യം അപ്പോഴും മോശമായിരുന്നില്ല. അപ്പോഴും സായുധ സമരം തടയാന്‍ കഴിയുമായിരുന്നു. സമ്മര്‍ദം ശക്തമായതോടെ താന്‍ ലീവെടുത്തു പോയതായും തന്റെ അസാന്നിധ്യത്തില്‍ അവര്‍ അതെല്ലാം ചെയ്തതായും' വതാലി എഴുതി.
കശ്മിരില്‍ പാപാടു എന്ന ക്രൂരമായ പീഡന കേന്ദ്രം സ്ഥാപിക്കപ്പെടുന്നതും ജഗ്‌മോഹന്റെ കാലത്താണ്. എന്നാല്‍ രണ്ടാം വരവില്‍ കശ്മിരില്‍ കാര്യങ്ങള്‍ തന്റെ കൈയിലല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് വൈകിയാണ്. അരാജകത്വമായിരുന്നു എവിടെയും. 1990 മെയില്‍ മിര്‍വായിസ് മൗലവി മുഹമ്മദ് ഫാറൂഖ് വെടിയേറ്റു മരിച്ചു. ഖബറടക്കല്‍ ചടങ്ങിലുണ്ടായ വെടിവയ്പ്പില്‍ പിന്നെയും 60 പേര്‍ മരിച്ചു. മറ്റൊരു വഴിയുമില്ലാതായതോടെ വി.പി സിങ് സര്‍ക്കാര്‍ അഞ്ചു മാസം കൊണ്ട് ജഗ്‌മോഹനെ തിരികെ വിളിച്ചു. പിന്നാലെ അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നു. വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മന്ത്രിയായി. ജഗ്‌മോഹന് 2016ല്‍ പത്മ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം അറിയപ്പെടുന്നത് കശ്മിരിലെ കൂട്ടക്കൊലയുടെയും പീഡനത്തിന്റെയും സൈനികാതിക്രമത്തിന്റെയും ബലാത്സംഗങ്ങളുടെയും പേരിലാണെന്നായിരുന്നു ജമ്മു കശ്മിര്‍ സെന്റര്‍ ഫോര്‍ സിവില്‍ സൊസൈറ്റിയെന്ന സംഘടന വാര്‍ത്താക്കുറിപ്പിറക്കിയത്. കശ്മിരില്‍ കൂട്ടക്കൊല നടത്തുകയെന്ന സംഘ്പരിവാര്‍ താല്‍പര്യത്തെ തൃപ്തിപ്പെടുത്താനായെന്നത് മാത്രമായിരുന്നു ഗവര്‍ണറെന്ന നിലയില്‍ ജഗ്‌മോഹന്റെ നേട്ടം. മറുവശത്ത് കശ്മിരിനെ ഒരിക്കലും വഴങ്ങാത്ത ഇന്ത്യാ വിരുദ്ധതയിലേക്കും അവിശ്വാസത്തിലേക്കും നയിച്ചവരുടെ പട്ടികയെടുത്താല്‍ അതില്‍ മുന്നില്‍ നില്‍ക്കുക ജഗ്‌മോഹനാണ്. അദ്ദേഹം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ അന്തരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."