മനുഷ്യ ബന്ധത്തിന്റെ മധുരമുള്ള വിഭവങ്ങള്‍, ഏലംകുളം കുന്നക്കാവ് മനയിലെ നോമ്പ്തുറ... അനുഭവം പങ്കുവെച്ച് നജീബ് കാന്തപുരം എം.എല്‍.എ
മലപ്പുറം: ജാതിയുടെയും മതത്തിന്റെയുമടക്കം നിരവധി വിഷയങ്ങളെടുത്തിട്ട് കലഹിച്ച് കൊണ്ടിരിക്കുന്ന ഈ കാലത്ത് മനുഷ്യബന്ധത്തിന്റെ മധുരമുളള വിഭവങ്ങള്‍ വിളമ്പി നാട്ടുകാരെയെല്ലാം വിളിച്ചുവരുത്തി ഇഫ്താര്‍ സംഘടിപ്പിച്ചിരിക്കുകയാണ് ശങ്കരന്‍ വക്കീലും പാര്‍വതിയും...
ഏലംകുളം കുന്നക്കാവ് മനക്കലെ അഡ്വ .ശങ്കരന്‍ പാര്‍വ്വതി ദമ്പതികളുടെ സ്‌നേഹവിരുന്നിലെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...
ഇന്ന് മനസ്സ് നിറഞ്ഞ നോമ്പുതുറയായിരുന്നു. ജീവിതത്തിലാദ്യമായി പ്യൂര്‍ വെജ് ഇഫ്താര്‍. ഏലം കുളം കുന്നക്കാവിലെ പ്രസിദ്ധമായ മനയില്‍. നാട്ടുകാരെയെല്ലാം വിളിച്ച് ഒരുമയോടെ ഇരുത്തിയത് ശങ്കരന്‍ വക്കീലും ഭാര്യ പാര്‍വ്വതിയും.
കഴിഞ്ഞ ദിവസം പുരുഷോത്തമന്‍ നമ്പൂതിരിയാണ് ഒരുമയുടെ നോമ്പ് തുറ വിളിച്ചത്. വക്കീലിന്റെ വീട്ടിലാണെന്നും ഒഴിവാകരുതെന്നും പറഞ്ഞു.
എളാട് ക്രിയ കമ്മ്യൂണിന്റെ ഉദ്ഘാടനത്തിനു എല്ലാര്‍ക്കും ഭക്ഷണം കൊടുക്കണമെന്ന് നിര്‍ബന്ധം പറഞ്ഞത് വക്കീലായിരുന്നു. രണ്ടായിരത്തിലേറെ പേര്‍ക്ക് അന്ന് ഭക്ഷണം നല്‍കിയത് വക്കീലാണ്. അത്ര നല്ല സല്‍ക്കാര പ്രിയനാണ്.
നോമ്പ് തുറ കഴിഞ്ഞ് ഞങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ മനയില്‍ വിശാലമായ സൗകര്യമൊരുക്കി.
ഈ കാലുഷ്യം നിറഞ്ഞ കാലത്ത് എത്രയെത്ര മനുഷ്യരാണ് ഇത്ര മനോഹരമായ ഒരുമയുണ്ടാക്കുന്നത്. ആ മുറ്റത്ത് ഇന്ന് വിളമ്പിയ ഭക്ഷണം ഇന്ത്യ ആഗ്രഹിക്കുന്ന രുചിക്കൂട്ടാണ്. ശരിയായ മനുഷ്യ ബന്ധത്തിന്റെ മധുരമുള്ള വിഭവങ്ങള്‍.
ഞാന്‍ പ്രസംഗത്തിനിടയില്‍ പറഞ്ഞു. ഇതൊരു ഇഫ്താര്‍ വിരുന്ന് മാത്രമല്ല. നല്ല മനുഷ്യര്‍ അവസാനിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുന്ന സുകൃതമാണ്.
മടങ്ങാന്‍ നേരത്ത് വക്കീലിന്റെ ഭാര്യ പാര്‍വ്വതി മക്കളെയെല്ലാം കൂട്ടി വന്ന് എന്നോട് പറഞ്ഞു.
ഇതുവരെ ഞങ്ങള്‍ ഈ വീടിനു പേരിട്ടിട്ടില്ല. ഞങ്ങള്‍ ഈ വീടിനു സുകൃതം എന്ന് പേരിടുകയാണ്.
നന്ദി ചേച്ചി,
ജീവിതത്തിലാദ്യമായി ഞാന്‍ ഇന്ന് ഒരു വീടിനു പേരിട്ടു. അതും ഏലംകുളം കുന്നക്കാവ് മനക്കലെ അഡ്വ .ശങ്കരന്‍ പാര്‍വ്വതി ദമ്പതികളുടെ വീടിന്.
ഈ കുടുംബം ഈ നാടിന്റെ സുകൃതമല്ലാതെ മറ്റെന്താണ് ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."