മയക്കുമരുന്ന് ഉപയോഗമെന്ന് സംശയം; വടകരയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത് ആറുപേര്‍
കോഴിക്കോട്: യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം കൂടുവരുന്നതായി കണക്കുകള്‍. കഴിഞ്ഞ ദിവസമാണ് രണ്ട് യുവാക്കളെ ഒഞ്ചിയത്തെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ
അടുത്ത് നിന്ന് സിറിഞ്ചുകളും കണ്ടെത്തിയിരുന്നു. ഒരു വര്‍ഷത്തിനിടെ വടകര മേഖലയില്‍ മാത്രം മയക്കുമരുന്ന് ഉപയോഗിച്ച് മരിച്ചതെന്ന് സംശയിക്കുന്ന ആറ് കേസുകളാണുള്ളത്. ഈ പ്രദേശങ്ങളില്‍ മയക്കുമരുന്നിന്റെ ഉപയോഗം കൂടുന്നതില്‍ ആശങ്കയിലാണ് നാട്ടുകാര്‍. ഒഞ്ചിയം സംഭവത്തിന് ശേഷം സംശയം നിലനില്‍ക്കുന്ന മരണങ്ങള് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കണക്കുകളും പൊലീസ് എടുത്തുവരുന്നുണ്ട്.
ഈ പ്രദേശത്ത് തന്നെ മൂന്ന് മാസം മുമ്പ് ഒരു യുവാവിനെ വഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ മരണത്തിലും മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നുണ്ട്. കൊയിലാണ്ടിയിലെ ഒരു യുവാവ് മരിച്ചതും മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്നാണെന്നാണ് സംശയം. മറ്റൊരു യുവാവിനെ അബോധാവസ്ഥയിലും കണ്ടെത്തിയിരുന്നു.
വടകര ടൗണിലെ ലോഡ്ജില്‍ ഒരു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഓര്‍ക്കാട്ടേരിയിലും ദുരൂഹ സാഹചര്യത്തില്‍ ഒരു യുവാവ് മരിച്ചിരുന്നു. ഒഞ്ചിയം ഭാഗത്ത് പ്രവാസിയായ യുവാവിനെ കൈനാട്ടി മേല്‍പ്പാലത്തിന് അടിഭാഗത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."