'സര്‍വശക്തന് സ്തുതി' പതിനെട്ട് ആണ്ടിന് ശേഷം ആ ഉമ്മ ചിരിച്ചു; ഒപ്പം കാരുണ്യമായ് പെയ്തിറങ്ങിയ കേരളവും
കോഴിക്കോട്: 18 വര്‍ഷമായി ആ ഉമ്മയൊന്ന് മനസറിഞ്ഞ് ചിരിച്ചിട്ട്. ഒന്നര വ്യാഴവട്ടക്കാലമായി കണ്ണീര്‍ പ്രാര്‍ഥനകളായിരുന്നു അവരുടെ ജീവിതം. ഒടുവില്‍ കാരുണ്യം തുള്ളി തുള്ളിയായി പെയ്തിറങ്ങി കടലോളം നിറഞ്ഞ കഴിഞ്ഞ വൈകുന്നേരം, മകന്റെ മോചനം യാഥാര്‍ഥ്യമാവുമെന്ന സന്തോഷവാര്‍ത്ത തന്നെ തേടിയെത്തിയപ്പോള്‍ ആ ഉമ്മയുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി വിടര്‍ന്നു. ഫറോഖ് കോടമ്പുഴ മച്ചിലകത്ത് ഫാത്തിമയുടെ പ്രാര്‍ഥനകള്‍ക്കും കണ്ണീരിനുമൊടുവില്‍ വിരിഞ്ഞ നിറകണ്‍ചിരി. ധനസമാഹരണം ലക്ഷ്യംകണ്ടെന്ന വിവരം കേട്ടപ്പോള്‍ സര്‍വശക്തന് സ്തുതി എന്നായിരുന്നു റഹീമിന്റെ ഉമ്മ ഫാത്തിമയുടെ പ്രതികരണം. അവനെ ഒന്നുകണ്ടാല്‍ മതി. എല്ലാദിവസവും അവനുവേണ്ടി പ്രാര്‍ഥിക്കുകയായിരുന്നു. ഇത്രയും തുക പിരിച്ചെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇത്രയും തുക കണ്ടെത്താന്‍ കഴിയുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എല്ലാവരോടും നന്ദിയുണ്ട്- കണ്ണീരടങ്ങാതെ ഫാത്തിമ പറഞ്ഞു.
പതിനെട്ടാണ്ടായി ആ ഉമ്മയുടെ കണ്ണില്‍ നിന്നിറ്റു വീണ കണ്ണീര്‍തുള്ളികള്‍ക്ക് പകരമായി കേരളം നല്‍കിയത് 34 കോടി സ്‌നേഹമാണ്. ഇന്നോളം കാണാത്തൊരു സഹാനുഭൂതിയുമായ അനേകായിരം മനുഷ്യര്‍ കൈകോര്‍ത്തു പിടിച്ചപ്പോള്‍ അത് ലോകത്തെ തന്നെ അതിശയിപ്പിച്ച സ്‌നേഹച്ചങ്ങലയാവുകയായിരുന്നു. മങ്ങാത്ത ആ മനുഷ്യനന്മയുടെ കൈപിടിച്ച് അബ്ദുല്‍റഹീം നാട്ടിലേക്ക് തിരികെയെത്തും. അതിനായി കാത്തിരിക്കുകയാണ് മാനവികതയുടെ 'റിയല്‍ കേരള സ്റ്റോറി' രചിച്ച മലയാളികള്‍ ഈ ഉമ്മയ്‌ക്കൊപ്പം. 34,45,47,519 രൂപയാണ് കുറഞ്ഞ ദിവസത്തിനുള്ളില്‍ സ്വരൂപിച്ചത്.
കൈയബദ്ധം മൂലം സഊദി ബാലന്‍ മരിക്കാനിടയായ സംഭവത്തില്‍ 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് റഹീം. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ 15 മില്യണ്‍ റിയാലാണ് (34 കോടി രൂപ) സഊദി ബാലന്റെ കുടുംബം ആവശ്യപ്പെട്ടത്. ഇതോടെ റഹീമിന്റെ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാര്‍ നിയമ സഹായ സമിതി രൂപീകരിച്ച് തുക സ്വരൂപിക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു. പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ ക്രൗഡ്ഫണ്ടിങ് ഡൊണേഷന്‍ കലക്ഷന്‍ ആപ്പിലൂടെയാണ് ഫണ്ട് സ്വരൂപിച്ചത്. ഇതിനുപുറമെ വ്യക്തികളും സംഘടനകളും നേരിട്ടും തുകയെത്തിച്ചു. 34 കോടി രൂപ സ്വരൂപിക്കലായിരുന്നു ലക്ഷ്യം. ഏപ്രില്‍ 16ന് മുമ്പ് തുക നല്‍കണമെന്നാണ് സഊദിയിലെ കുടുംബം അറിയിച്ചത്. എന്നാല്‍, കാരുണ്യം പ്രവഹിച്ചപ്പോള്‍ മൂന്ന് ദിവസം മുമ്പുതന്നെ തുക സ്വരൂപിക്കാനായി. 30 കോടി കവിഞ്ഞതോടെ ഇന്നലെ ഉച്ചയ്ക്ക് തന്നെ ക്രൗഡ് ഫണ്ടിങ് നിര്‍ത്തിവച്ചിരുന്നു. മണിക്കൂറുകള്‍ക്കുള്ളിലാണ് നാല് കോടി രൂപ കൂടി ലഭിച്ചത്. സെക്കന്‍ഡില്‍ ലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം എല്ലാവരും ഇതില്‍ പങ്കാളികളായി.
വിവിധ പ്രവാസി സംഘടനകള്‍, മതസംഘടനകള്‍, ചാരിറ്റി സംഘടനകള്‍ എന്നിവയെല്ലാം ധനസമാഹരണത്തിന് രംഗത്തിറങ്ങി. ഒരു കോടി രൂപ നല്‍കിയതിന് പുറമെ യാചകയാത്ര നടത്തി ബോബി ചെമ്മണ്ണൂര്‍ ധനശേഖരണത്തില്‍ മുഖ്യപങ്ക് വഹിച്ചു. പെരുന്നാള്‍ ദിനത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ചും ധനശേഖരണം നടന്നു. ബസുകള്‍ കാരുണ്യയാത്ര നടത്തി ഒരുദിവസത്തെ കലക്ഷന്‍ റഹീമിന്റെ മോചനത്തുകയിലേക്ക് നല്‍കി. മഹല്ലുകള്‍ കേന്ദ്രീകരിച്ചും മറ്റും ബക്കറ്റ് പിരിവുകളും വിവിധ കൂട്ടായ്മകള്‍, സാംസ്‌കാരിക സംഘടനകള്‍, രാഷ്ടീയ യുവജന പ്രവര്‍ത്തകര്‍, ബസ് ജീവനക്കാര്‍, ഓട്ടോ തൊഴിലാളികള്‍, സാധാരണക്കാര്‍, വിവിധ ചാരിറ്റി പ്രവര്‍ത്തകര്‍, പണ്ഡിതന്മാര്‍, വ്‌ളോഗര്‍മാര്‍ തുടങ്ങി മലയാളി ലോകം ഒന്നാകെ ഫണ്ട് ശേഖരണം ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളിലും നിരവധി പേര്‍ രംഗത്തിറങ്ങി. റഹീമിന്റെ മോചനമെന്ന ചരിത്രദൗത്യത്തിന് ഞാനും പങ്കാളിയാകുന്നു എന്ന സ്റ്റാറ്റസ് കാംപയിനും ശ്രദ്ധേയമായി. അങ്ങനെ തുള്ളികളായി ഒഴുകിയെത്തിയ കാരുണ്യമഴ പെയ്തിറങ്ങിയപ്പോള്‍ സമാനതകളില്ലാത്ത ഫണ്ട് സമാഹരണത്തിന് നാട് സാക്ഷിയായി.
റഹീമിനു പുറം ലോകത്തേക്കെത്താന്‍ നടപടിക്രമങ്ങള്‍ മാത്രമാണ് ഇനി മുന്നിലുള്ളത്. ദിയാ നടപടികള്‍ അടുത്ത ആഴ്ചയോടെ ആരംഭിക്കും. പെരുന്നാള്‍ ലീവ് ഞായറാഴ്ച കഴിയുന്നതോടെ മറ്റു നടപടികള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കി റഹീമിനെ എത്രയും പെട്ടെന്ന് പുറത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവര്‍. മോചനത്തിനായി സ്വരൂപിച്ച 34 കോടി രൂപ വിദേശകാര്യമന്ത്രാലയം വഴി ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടിലേക്ക് മാറ്റുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി വ്യക്തമാക്കി. ഈ പണം റിയാദില്‍ ഒരു ബാങ്ക് അക്കൗണ്ട് തുറന്ന് അതിലേക്ക് മാറ്റിയ ശേഷമാണ് കോടതി വഴി ഈ ബാങ്കില്‍ നിന്ന് കൊല്ലപ്പെട്ട സഊദി പൗരന്റെ കുടുംബത്തിന് കൈമാറുക.
കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം ആവശ്യപ്പെട്ട ദിയാപണം സ്വരൂപിച്ചിട്ടുണ്ടെന്ന് വധശിക്ഷ വിധിച്ച സുപ്രിം കോടതിയെ അറിയിക്കും. തുടര്‍ന്ന് കോടതി കേസ് പരിഗണിക്കുന്നതോടെ അബ്ദുല്‍ റഹീമും സഊദി കുടുംബവും അഭിഭാഷകരുമായി കോടതിയില്‍ ഹാജരാകും. കോടതി ഇടപെടലില്‍ ദിയാപണമെന്ന ഒത്തുതീര്‍പ്പില്‍ കേസ് അവസാനിക്കുന്നതോടെ സഊദി കുടുംബത്തിന് 15 മില്യന്‍ റിയാലിന്റെ ചെക്ക് കൈമാറും. എങ്കിലും അബ്ധുല്‍ റഹീമിന് ജയിലില്‍ നിന്ന് പുറത്ത് കടക്കാന്‍ വീണ്ടും ദിവസങ്ങള്‍ എടുക്കുമെന്നാണ് കരുതുന്നത്. പൊലിസിലും കോടതിയിലുമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെയായിരിക്കും റഹീമിന് മോചനമാകുക. അഭിഭാഷകരുടെയും കോടതിയുടെയും ഫീസുകളടക്കം ഇനിയുമുണ്ട് ചെലവുകളെന്നും അദ്ദേഹം പറഞ്ഞു.
ഫണ്ട് ശേഖരണം നിര്‍ത്തിയിട്ടും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് പണവുമായി റഹീമിന്റെ വീട്ടിലേക്കെത്തിയത്. നിയമസഹായ സമിതി പണം സ്വീകരിക്കാതായതോടെ ചിലര്‍ റഹീമിന്റെ ഉമ്മയെ പണം ഏല്‍പ്പിച്ചു മടങ്ങുകയും ചെയ്തു. ഇനി കാത്തിരപ്പാണ്. മനുഷ്യനന്മയുടെ ചിറകേറി നാടണയുന്നത് കാണാനുള്ള കാത്തിരിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."