ഖലിസ്ഥാൻ വിരുദ്ധ മാർച്ച് അക്രമാസക്തം പൊലിസ് ആകാശത്തേക്ക് വെടിവച്ചു, കർഫ്യൂ
പട്യാല
പഞ്ചാബിലെ പട്യാലയിൽ ഖലിസ്ഥാൻ വിരുദ്ധ മാർച്ചിനിടെ സംഘർഷം. പൊലിസ് ആകാശത്തേക്ക് നിറയൊഴിച്ചു.
തുടർന്ന് സ്ഥലത്ത് കർഫ്യു ഏർപ്പെടുത്തി. ശിവസേന നേതാവ് ഹരീഷ് സിംഗ്ലയാണ് ഖലിസ്ഥാൻ വിരുദ്ധ മാർച്ചിന് നേതൃത്വം നൽകിയത്. ഇതിനെതിരേ കാളിമാതാ ക്ഷേത്രത്തിനു പുറത്ത് സിഖ് ആക്ടിവിസ്റ്റുകളും നിഹാംഗുകളും പ്രതിഷേധവുമായി രംഗത്തെത്തി.
തുടർന്നാണ് കല്ലേറും അക്രമവുമുണ്ടായത്. തുടർന്ന് രാത്രി 7 മുതൽ രാവിലെ 6 വരെ കർഫ്യൂ ഏർപ്പെടുത്തി. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പട്യാല റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ രാകേഷ് അഗർവാൾ പറഞ്ഞു. പ്രതിഷേധക്കാർ ആക്രമിക്കപ്പെട്ടുവെന്ന അഭ്യൂഹം പ്രചരിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ശിവസേനയുടെ മാർച്ചിനെ നേരിടാൻ സിഖ് സായുധ സംഘമായ നിഹാംഗുകൾ ദുഖ് നിവാരൺ സാഹിബ് ഗുരുദ്വാരക്കു പുറത്ത് സംഘടിച്ചു.
ഇവിടെ നിന്ന് കാളിമാതാ ക്ഷേത്രം ലക്ഷ്യമാക്കി ഖലിസ്ഥാൻ അനൂകൂല മുദ്രാവാക്യം മുഴക്കി നീങ്ങി. ഇവരെ പൊലിസ് തടയുകയായിരുന്നു. പട്യാല സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് ഉന്തിലും തള്ളിലും നിസാര പരുക്കേറ്റു.
സംഘർഷത്തിനു പിന്നാലെ പൊലിസ് നഗരത്തിൽ ഫ്ളാഗ് മാർച്ച് നടത്തി. 10 കമ്പനി പൊലിസിനെ അയൽ ജില്ലകളിൽ നിന്ന് വിന്യസിച്ചു.
അക്രമങ്ങളിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നടുക്കം പ്രകടിപ്പിച്ചു. ഡി.ജി.പിയുമായി സംസാരിച്ചെന്നും ക്രമസമാധാന നില ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."