കൊച്ചി: മതഭ്രാന്ത് പിടിച്ച പിസി ജോര്‍ജ്ജിനെ ചങ്ങലക്കിടാന്‍ കുടുംബക്കാര്‍ തയ്യാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എന്‍ എസ് നുസൂര്‍. മുസ് ലിം വിരുദ്ധ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജിന് എഴുതിയ തുറന്ന കത്തിലാണ് നുസൂറിന്റെ വാക്കുകള്‍. പൂഞ്ഞാറില്‍ തോറ്റത് കയ്യിലിരുപ്പ് കൊണ്ടാണ്. അതിന് കേരളത്തിലുള്ള എല്ലാവരും അദ്ദേഹത്തെ സഹിക്കണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും നുസൂര്‍ പറഞ്ഞു.
വര്‍ഗ്ഗീയതക്കെതിരെ യുവാക്കള്‍ എല്ലാകാലത്തും നിലപാട് എടുക്കാനുള്ളവരാണ്. താങ്കളും അതിന് എതിരാകില്ലെന്ന് വിശ്വസിക്കുന്നെന്ന് പറഞ്ഞുകൊണ്ടാണ് നുസൂര്‍ ഷോണ്‍ ജോര്‍ജ്ജിനോടുള്ള കുറിപ്പ് ആരംഭിക്കുന്നത്. താങ്കളുടെ പിതാവ് ഇന്നലെ ഹിന്ദു മഹാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം കേള്‍ക്കുകയുണ്ടായി. പ്രായമാകുമ്പോള്‍ പിതാക്കന്മാര്‍ പലതും വിളിച്ച് പറയും. അത് ഏറ്റവുമധികം ബാധിക്കുന്നത് മക്കളെയായിരിക്കുമെന്നും നുസൂര്‍ പറയുന്നു.
കത്തിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട ഷോൺ ജോർജ്ജ്,
വർഗ്ഗീയതക്കെതിരെ നമ്മൾ യുവാക്കൾ എല്ലാകാലത്തും നിലപാട് എടുക്കാനുള്ളവരാണ്. അതിൽ താങ്കൾ എതിരാകില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷെ താങ്കളുടെ പിതാവ് ഇന്നലെ ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ പ്രസംഗം കേൾക്കുകയുണ്ടായി.പൂഞ്ഞാറിൽ തോറ്റത് കയ്യിലിരുപ്പ് കൊണ്ടാണ്. അതിന് കേരളത്തിലുള്ള എല്ലാപേരും അദ്ദേഹത്തെ സഹിക്കണമെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല.പ്രായമാകുമ്പോൾ പിതാക്കന്മാർ പലതും വിളിച്ച് പറയും. അത് ഏറ്റവുമധികം ബാധിക്കുന്നത് മക്കളെയായിരിക്കും. അദ്ദേഹം തികഞ്ഞ മുസ്ലീം വിരുദ്ധത പ്രകടമാക്കുന്നത് ബിജെപി യുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ്.അത് താങ്കൾക്ക് ബിജെപി യുടെ ദയാദാക്ഷണ്യത്തിന് വേണ്ടിയിട്ടാണെന്ന് മനസിലാക്കുന്നു. അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞത് പോലെ ക്രിസ്ത്യൻ പള്ളികളുടെ നിയന്ത്രണാവകാശം സർക്കാർ ഏറ്റെടുക്കുന്നതിനോട് താങ്കൾക്ക് യോജിപ്പുണ്ടോ? ആരാധനാലയങ്ങളുടെ നിയന്ത്രണാവകാശം സർക്കാർ ഏറ്റെടുക്കണമെന്ന് ഒരാവശ്യം സർക്കാർ പറഞ്ഞാൽ ഞാൻ വ്യക്തിപരമായി അതിനെ അനുകൂലിക്കും. അതിന് ഉപാധികളുണ്ടെങ്കിൽ മാത്രം.ലവ് ജിഹാദിനെപ്പറ്റിയൊക്ക അദ്ദേഹം സംസാരിച്ചു.അങ്ങനെ ഒരു ജിഹാദ് ബോധപൂർവ്വം നാട്ടിലുണ്ടെന്ന് എനിക്കഭിപ്രായമില്ല. താങ്കളുടെ വിവാഹത്തിന് താങ്കൾ അനുഭവിച്ച മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അവസാനം "മാമോദിസ മുക്കിയിട്ടല്ലേ വിവാഹത്തിന് താങ്കളുടെ പിതാവ് സമ്മതിച്ചുള്ളൂ. ഇത്രയൊക്കെ ചെയ്തിട്ട് നാട്ടിൽ മതസ്പർദ്ദ വളർത്താൻ വല്ലതും വിളിച്ച് പറയുമ്പോൾ ചെറുപ്പക്കാരൻ എന്ന നിലയിലും മകനെന്ന നിലയിലും താങ്കൾ അതിനെ തടയണം. ആലങ്കാരികമായി പറഞ്ഞാൽ ചങ്ങലക്കിടണം എന്നും പറയാം. ഇല്ലെങ്കിൽ ചിലപ്പോൾ നാട്ടുകാർ തന്നെ പഞ്ഞിക്കിടും എന്ന് പറഞ്ഞാൽ തെറി വിളിക്കാം എന്നല്ലാതെ ഒന്നും ചെയ്യാനും കഴിയില്ല.താങ്കൾ എന്നെപ്പറ്റി സംശയിക്കേണ്ട. ഞാൻ തികഞ്ഞ RSS -SDPI വിരോധി തന്നെയാണ്. എല്ലാകാലത്തും. പിതാവിനെ നല്ല ബുദ്ധി ഉപദേശിക്കും എന്ന വിശ്വാസത്തോടെ.