കൊവിഡ്: ഗുജറാത്തില്‍ ചാണക ചികിത്സയ്ക്ക് വരിനിന്ന് ജനങ്ങള്‍
ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയ്ക്ക് ചാണകം ഉപയോഗിക്കാമെന്ന പ്രചാരണത്തിനെതിരേ ആരോഗ്യവിദഗ്ധര്‍ രംഗത്ത്. ചാണകം ഉപയോഗിച്ചാല്‍ കൊവിഡ് ഭേദഗമാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും അശാസ്ത്രീയമായ ചികിത്സകളിലൂടെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
കൊവിഡ് സുഖപ്പെടുത്താനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചികിത്സയ്‌ക്കെന്ന പേരില്‍ ഗുജറാത്തിലെ ഗോശാലകളിലേയ്ക്ക് ആളുകള്‍ കൂട്ടമായെത്തുന്നത് വാര്‍ത്തയായതിനു പിന്നാലെയാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഇത്തരം പ്രചാരണങ്ങള്‍ തെറ്റിദ്ധാരണ പരത്താനും അശാസ്ത്രീയമായ ചികിത്സാരീതിക്ക് പിന്നാലെപോകാന്‍ ജനങ്ങളെ പ്രേരിപ്പിക്കുമെന്നും ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്‌ചെയ്തു.
കൊവിഡിനെതിരേ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ചാണകത്തിനോ ഗോമൂത്രത്തിനോ കഴിയുമെന്നതിന് ഒരുശാസ്ത്രീയ തെളിവുകളുമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശീയ അധ്യക്ഷന്‍ ഡോ. ജെ. ജയലാല്‍ പറഞ്ഞു. 'ചാണക ചികിത്സ' പൂര്‍ണമായും വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇങ്ങനെയുള്ളവ ഉപയോഗിക്കുന്നതും കഴിക്കുന്നതും ആരോഗ്യപരമായ അപകടസാധ്യതകളും ഉണ്ടാക്കും. മറ്റ് രോഗങ്ങള്‍ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കും പടരാന്‍ ഇടയാക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ ഗോശാലകളില്‍ കൊവിഡ് ചികിത്സയ്‌ക്കെന്ന പേരില്‍ ആളുകള്‍ എത്തുന്നത് ദേശീയമാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. ഗുജറാത്തിലെ ശ്രീ സ്വാമിനാരായണ്‍ ഗുരുകുല വിശ്വവിദ്യാ പ്രതിഷ്ഠാനം ഗോശാലയില്‍ 'ചാണക ചികിത്സ'യ്ക്കായി എത്തുന്നവരുടെ ചിത്രങ്ങളും റോയിട്ടേഴ്‌സ് പുറത്തുവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."