കേരളം നല്‍കുമോ 'ചതി'ക്കുത്തരം
മഞ്ചേരി: കാല്‍പ്പന്താരാധകര്‍ കാത്തിരുന്ന കേരളം ബംഗാള്‍ സ്വപ്ന ഫൈനലിന് നാളെ കിക്കോഫ്. സന്തോഷ് ട്രോഫിയുടെ ഫൈനല്‍ ചരിത്രത്തില്‍ റഫറിയും ബംഗാളും നടത്തിയ ചതിയുടെ കഥ കേരളം മറന്നിട്ടില്ല. കാറ്റുനിറച്ച തുകല്‍ പന്തുകൊണ്ട് പ്രതികാരം വീട്ടാന്‍ കേരളം കാത്തിരുന്ന നിമിഷമാണ് ഒരിക്കല്‍കൂടി എത്തുന്നത്. കേരളം ബംഗാള്‍ ഫൈനല്‍ പോരാട്ടം നടന്നത് മൂന്ന് തവണ. മൂന്നില്‍ രണ്ട് ജയം ബംഗാളിന് സ്വന്തം. കേരളം ആദ്യമായി ഏറ്റുമുട്ടിയ 1984 ലെ കിരീടപ്പോരില്‍ മാത്രമാണ് ബംഗാള്‍ ആധികാരികമായി ജയിച്ചു കയറിയത്.
റഫറി 'അടിച്ച' അത്ഭുത ഗോള്‍
1987 ലെ സെമി ഫൈനലില്‍ ആദ്യ ചതി. വി.പി സത്യന്‍ നയിച്ച കൊല്‍ക്കത്ത സന്തോഷ് ട്രോഫിയില്‍ ബംഗാളിനൊപ്പം ചേര്‍ന്ന റഫറിയുടെ കളിയില്‍ കേരളത്തിന് തോല്‍വി.
മുഹമ്മദ് അഷ്‌റഫും യു. ഷറഫലിയും സി.കെ ജയചന്ദ്രനും ഹാരിസ് റഹ്മാനും എന്‍. ഗണേശനും ഉള്‍പ്പെട്ട താരനിരയായിരുന്നു ബൂട്ടുക്കെട്ടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ അനായാസം കേരളം ജയിച്ചു കയറി. സെമിയിലെ എതിരാളി ബംഗാള്‍. വിവാദങ്ങള്‍ നിറഞ്ഞ പോരാട്ടം. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോളിമാരില്‍ മുന്‍നിരക്കാരനായിരുന്ന ഭാസ്‌കര്‍ ഗാംഗുലിയായിരുന്നു ബംഗാള്‍ വലയ്ക്ക് മുന്നില്‍. 35ാം മിനുട്ടില്‍ ഗാംഗുലിയെ മറികടന്നു ഗണേശന്‍ ബംഗാളിനെതിരേ ഗോള്‍ നേടി. 10ന് കേരളം മുന്നിലെത്തിയതോടെ കാണികളുടെ സമനിലതെറ്റി. അസഭ്യവര്‍ഷവും കല്ലേറുമായി അവര്‍ കേരള താരങ്ങളെ ആക്രമിച്ചു. കാണികളോടും കളത്തില്‍ ബംഗാളിനോടും പ്രതിരോധം തീര്‍ത്ത് സത്യനും പോരാളികളും പിടിച്ചു നിന്നു. ഫൈനല്‍ വിസില്‍ ഉയരാന്‍ മിനുട്ടുകള്‍ മാത്രം. കേരളത്തിന്റെ വലയില്‍ പൊട്ടാന്നൊരു ഗോള്‍ വീഴുന്നു. റഫറി അടിച്ച അത്ഭുദ ഗോളായിരുന്നു അത്. കൃഷ്‌ണേന്ദു റോയ് ഉയര്‍ത്തി നല്‍കിയ പന്തിന് ദേബാശിഷ് റോയ് തലവെച്ചു. ഗോള്‍ ലൈന്‍ കടക്കും മുന്‍പേ കെ.എഫ് ബെന്നി തട്ടിയകറ്റിയ പന്ത് വലയിലായെന്ന് റഫറി വിധിച്ചു. ബംഗാളിന് റഫറിയുടെ വക സമനില ഗോള്‍. ഒടുവില്‍ ഷൂട്ടൗട്ടില്‍ കേരളത്തെ വീഴ്ത്തി ബംഗാള്‍ ഫൈനലിലേക്ക്.
റഫറി തടുത്തിട്ട 'ഗോള്‍'
1994 ലെ കട്ടക്ക് സന്തോഷ് ട്രോഫി കേരളം ബംഗാള്‍ ഫൈനല്‍ പോരാട്ടം കാല്‍പ്പന്താരാധകര്‍ക്ക് മറക്കാനാവില്ല. ഇഞ്ചോടിഞ്ച് പോരാട്ടവുമായി കളി 22 സമനിലയില്‍. ഫൈനല്‍ വിസിലിനായി റഫറി വാച്ചിലേക്ക് നോക്കിയ സമയത്ത് അത് സംഭവിച്ചു. മൈതാന മധ്യത്തുനിന്നും വി.പി ഷാജി തൊടുത്ത കിടിലന്‍ ലോങ് റേഞ്ചര്‍ ബംഗാള്‍ വലയില്‍ കയറി. കേരളം കിരീടം ഉറപ്പിച്ചു ആഹ്ലാദത്തില്‍ ആറാടി. അവിടെയും വില്ലനായി റഫറി അവതരിച്ചു. കാരണങ്ങളൊന്നുമില്ലാതെ ഗോള്‍ നിഷേധിച്ചു റഫറി ബംഗാളിന്റെ രക്ഷകനായി. ഷൂട്ടൗട്ടില്‍ 53 ന് കേരളത്തെ വീഴ്ത്തി ബംഗാള്‍ കിരീടം ചൂടി. ഇതിനെല്ലാം കൂടി ബംഗാളിനോടുള്ള പ്രതികാരമായിരുന്നു 2018ല്‍ കൊല്‍ക്കത്ത സാള്‍ട്ട് ലേക്കില്‍ കേരളം നല്‍കിയത്. രാഹുല്‍ വി. രാജ് നയിച്ച വി. മിഥുനും സീസണും ഉള്‍പ്പെട്ട സതീവന്‍ ബാലന്റെ പോരാളികള്‍ ബംഗാളിനെ കീഴടക്കി കിരീടം സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."