'ഗോഡ് ' സെ
സംഘ് പരിവാറിന് കണ്ണില്‍ കരടായ ചില ജന്മങ്ങള്‍ ഇനിയുമുണ്ട് ഇന്ത്യയില്‍. അതില്‍ പ്രമുഖനാണ് ഗുജറാത്തിലെ ഗുജറാത്ത് നിയമസഭാംഗം ജിഗ്‌നേഷ് മെവാനി. പശു ചത്തിട്ടും മോരിലെ പുളിപ്പ് പോയില്ലെന്നൊക്കെയേ കേരളീയര്‍ക്ക് പറയാനാവൂ. ഒരു പശു ചത്തപ്പോള്‍ ഒരു പ്രസ്ഥാനം ഉയര്‍ന്നുവന്നുവെന്ന് ബിസിനസ് ലൈന്‍ എഴുതിയത് ജിഗ്‌നേഷ് മെവാനിയുടെ രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ചിനെ മുന്നില്‍ വച്ചാണ്. അപ്പോള്‍ പിന്നെ നരേന്ദ്ര മോദിയുടെ അധികാരത്തിന്റെ ദണ്ഡ് എപ്പോഴെല്ലാം അദ്ദേഹത്തിന് നേരെ നീണ്ടില്ല ? എങ്കിലല്ലേ അത്ഭുതപ്പെടേണ്ടൂ.
ഇക്കഴിഞ്ഞ 20ന് ഗുജറാത്തിലെ പാലന്‍പൂരിലെ വസതിയില്‍ ജിഗ്‌നേഷിനെ അറസ്റ്റ് ചെയ്യാന്‍ വന്നത് അസമിലെ കൊക്രാജര്‍ സ്റ്റേഷനിലെ പൊലിസുകാരാണ്. മോദിക്ക് ഗോഡ്‌സെ ആരാധ്യനാണെന്ന മെവാനിയുടെ ട്വീറ്റ്, മത വികാരം വ്രണപ്പെടുത്തി പോലും. 'ഗോഡ്‌സെയെ ഗോഡായി കാണുന്ന് മോദി ഗുജറാത്തില്‍ വരുമ്പോള്‍, വര്‍ഗീയ ലഹളകളുണ്ടായ ഹിമ്മത് നഗറിലെയും കംബാറ്റിലെയും വെരാവലിലെയും ജനങ്ങളോട് സമാധാനം പാലിക്കാന്‍ അങ്ങ് പറയണം' എന്നായിരുന്നു ട്വീറ്റ്. ഈ കേസില്‍ അഞ്ചു ദിവസം കഴിഞ്ഞ് ജാമ്യം കിട്ടിയപ്പോള്‍ മറ്റൊരു കേസ് ചമച്ചു വീണ്ടും കുടുക്കി. കസ്റ്റഡിയിലിരിക്കെ വനിതാ പൊലിസുകാരിയെ അപമാനിച്ചുവെന്ന്! വീണ്ടും അറസ്റ്റ്. നാലഞ്ചു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും ജാമ്യം.
മുംബൈയില്‍ ഗുജറാത്തി മാസികക്കു വേണ്ടി മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച ജിഗ്‌നേഷ്, കര്‍ഷകരുടെ ആത്മഹത്യയെകുറിച്ച ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് അടിസ്ഥാന വര്‍ഗ രാഷ്ട്രീയത്തിലേക്കെത്തുന്നത്. മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് അഭിഭാഷകനും ആക്റ്റിവിസ്റ്റുമായി മാറുകയായിരുന്നു.
മെവാനി, സംഘ് പരിവാര്‍ രാഷ്ട്രീയത്തെ അതിന്റെ മുരട്ടു വെച്ച് തന്നെ നേരിടുന്നു. അതും അവര്‍ക്ക് ഏറെ പരുക്കേല്‍പിക്കുന്ന ദളിത് രാഷ്ട്രീയം വച്ച്. 2016ലാണ് ഗുജറാത്തിലെ ഉനയില്‍ ചത്ത പശുവിന്റെ തോല്‍ പൊളിച്ചതിന് ഏഴ് ദലിതരെ പശു സംരക്ഷ വേഷമണിഞ്ഞ സംഘ് പരിവാരം മാരകമായി തല്ലിയത്.
ദളിതുകളെ അദ്ദേഹം സംഘടിപ്പിച്ചു. ഗുജറാത്തിലെ ഭൂപരിധി നിയമത്തിന്റെ ഭാഗമായി ആയിക്കണക്കിന് ഏക്കര്‍ ഭൂമി ദളിതര്‍ക്ക് നല്‍കിയെന്ന് രേഖയിലുണ്ടെങ്കിലും ആര്‍ക്കും ലഭിച്ചില്ലെന്ന് മനസിലാക്കിയ ജിഗ്‌നേഷ് അത്തരം കേസുകള്‍ ഹൈക്കോടതിയില്‍ കൈകാര്യം ചെയ്തു വരുന്നതിനിടയിലാണ് ഉന സംഭവം. ദളിത് സംഘടനകളുടെ കൂട്ടായ്മയുണ്ടായി.
ഇനി ചത്ത പശുവിന്റെ തോല് പൊളിക്കാന്‍ വേറെ ആളെ നോക്കിക്കോ എന്ന നിലപാടെടുക്കാന്‍ ദളിത് സമുദായത്തിന് കെല്‍പുണ്ടാക്കി. ദളിത് മഹാസഭ എന്ന മഹാ സമ്മേളനത്തിന് പിന്നാലെ അഹമ്മദാബാദില്‍ നിന്ന് ഉനയിലേക്ക് 380 കിലോ മീറ്റര്‍ പദയാത്ര. പശുവിന്റെ വാല്‍ നിങ്ങള്‍ പിടിച്ചോ, ഞങ്ങള്‍ക്ക് ഞങ്ങളെ ഭൂമി തരൂ എന്ന മുദ്രാവാക്യമായിരുന്നു അന്ന് മുഴക്കിയത്.
2016 ഒക്‌ടോബറില്‍ തീവണ്ടി തടയല്‍ സമരത്തെ ഗുജറാത്തിലെ മാധ്യമങ്ങള്‍ മറച്ചുവച്ചപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കി.അതോടെ മെവാനിയെ ഡല്‍ഹിയില്‍ നിന്ന് വരും വഴി അഹമ്മദാബാദില്‍ നിന്ന് പൊലിസ് അറസ്റ്റ് ചെയ്തു. സ്വന്തം പിറന്നാള്‍ പ്രമാണിച്ച് മോദി ഗുജറാത്ത് സന്ദര്‍ശിക്കാനിരിക്കുന്നതിനാല്‍ രണ്ടാം ദിവസം വീണ്ടും കസ്റ്റഡിയില്‍!
2017ലെ തെരഞ്ഞെടുപ്പില്‍ വഡ്ഗാമില്‍ മെവാനി മത്സരിച്ചത് സ്വതന്ത്രനായാണ്. കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെന്ന് മാത്രമല്ല രാഹുല്‍ ഗാന്ധി മെവാനിക്കായി മണ്ഡലത്തില്‍ പ്രചാരണത്തിനെത്തുകയും ചെയ്തു. ഭീകര ബന്ധമുള്ള എസ്.ഡി.പി.ഐയില്‍ നിന്ന് ജിഗ്‌നേഷ് ഫണ്ട് സ്വീകരിച്ചുവെന്ന് വരെയെത്തി ബി.ജെ.പിയുടെ ആക്ഷേപം. അദ്ദേഹം പറഞ്ഞു:
'ബി.ജെ.പി.ക്കാര്‍ പറയുന്നു ഞാന്‍ ഭീകരവാദികളില്‍ നിന്ന് പണം സ്വീകരിച്ചുവെന്ന്. ഞാന്‍ ആര്‍.എസ്.എസില്‍ നിന്ന് പണം സ്വീകരിച്ചിട്ടില്ലല്ലോ'
എച്ച്.കെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ നിന്നാണ് മേവാനി ബി.എ നേടിയത്. ഇവിടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയെങ്കിലും അവസാന നിമിഷം സംഘ് പരിവാറിന്റെ എതിര്‍പ്പ് കാരണം അധികൃതര്‍ക്ക് പരിപാടി റദ്ദാക്കേണ്ടിവന്നു. ഇതിന്റെ പേരില്‍ കോളജിന്റെ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും ഒന്നിച്ച് രാജിവയ്‌ക്കേണ്ടിയും വന്നു.
അംബേദ്കറിസ്റ്റായിരിക്കുമ്പോഴും ദളിതുകളും ന്യൂനപക്ഷങ്ങളും അടക്കം അടിച്ചമര്‍ത്തപ്പെടുന്ന എല്ലാവരുടെയും യോജിച്ച പോരാട്ടത്തിലൂടെ സ്ഥിതി സമത്വ ഇന്ത്യ എന്ന സ്വപ്നം സൂക്ഷിക്കുന്ന ആളാണ് ജിഗ്‌നേഷ് മേവാനി. കനയ്യകുമാറുമൊത്ത് ഈയിടെയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗുജറാത്തിലും അസമിലും മേവാനിയെ അറസ്റ്റ് ചെയ്തതില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നു. ചന്ദ്രശേഖര്‍ ആസാദ് റാവണിനൊപ്പം അടിസ്ഥാന വര്‍ഗത്തില്‍ നിന്നുള്ള കനല്‍ തരിയാണിത്.
രാഹുലിന്റെ പ്രത്യേക താല്‍പര്യത്തില്‍ കോണ്‍ഗ്രസിലെത്തിയ ഇദ്ദേഹത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് എത്ര കാലം സഹിക്കാന്‍ പറ്റുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."