പത്തേമാരിയിലെ ഗള്‍ഫ് യാത്ര
അലയടിച്ചുയരുന്ന ഓളപ്പരപ്പിനു മുകളിലൂടെ കാണാക്കര തേടി കടലുകടന്ന ദിനം ഓര്‍മയില്‍ ഇന്നുമുണ്ട്. കേട്ടറിവുകളുടെ ബലത്തില്‍ സുഖവും സന്തോഷവും ജീവിത പ്രാരാബ്ധങ്ങളുടെ മേല്‍ പണയപ്പെടുത്തി കടലുകടക്കുന്നവരുടെ കൂട്ടത്തിലേക്ക് ഞാനും കണ്ണിചേര്‍ന്ന ദിവസം. അഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ്. ശൈഖ് ശഖ്ബൂത്തില്‍ നിന്നും ശൈഖ് സാഇദ് ആല്‍ നഹിയാന്റെ കൈവെള്ളയില്‍ അറബ് എമിറേറ്റുകളുടെ അധികാരം വന്നതോടെ സ്വാതന്ത്ര്യത്തിന്റെ പതാക രാജ്യമൊട്ടാകെ പാറിക്കളിക്കുന്ന 70കളിലാണ് യാത്ര ആരംഭിക്കുന്നത്.
ചരിത്രത്തിലും ചിത്രത്തിലും മാത്രം കണ്ടുകേട്ട നാടിനെ അനുഭവിച്ചറിയാന്‍ പോകുന്നതിന്റെ ആകാംക്ഷ. നാട്ടില്‍ തൊഴിലില്ലാത്ത അവസ്ഥയും ജീവിതസാഹചര്യങ്ങളുമാണ് കൗമാരക്കാരനായ എന്നെ കടലുകടക്കാന്‍ പ്രേരിപ്പിച്ചത്. ഒടുവില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങളെല്ലാം എടുത്തു സഞ്ചിയിലാക്കി കുറച്ചു പണവും ഭക്ഷണവും കൈയില്‍ കരുതി വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങി, കഴുത്തറ്റം വെള്ളം നിറഞ്ഞുനില്‍ക്കുന്ന പല്ലാര്‍പാടം നീന്തിക്കടന്ന് സുഹൃത്തായ അജിതപ്പടിയിലെ കുഞ്ഞുഹാജിയുടെ വീട്ടിലേക്ക്. അവിടെനിന്നു നേരെ കുറ്റിപ്പുറത്തേക്ക്. പിന്നെ തീവണ്ടി വഴി തൃക്കരിപ്പൂരിലേക്ക്.
തൃക്കരിപ്പൂരിനടുത്ത് കടല്‍ത്തീരത്തുള്ള ചെറിയ തുരുത്തിലെത്തിയ ഞങ്ങള്‍ക്ക് പത്തേമാരി എത്തിച്ചേരാത്തതിനാല്‍ ആ തുരുത്തില്‍ തങ്ങേണ്ടിവന്നു. രണ്ടുദിവസത്തിനു ശേഷം ചെറിയ തോണികളില്‍ കയറി ഞങ്ങളെല്ലാവരും തീരത്തോടടുത്ത പത്തേമാരിയിലേക്ക് കയറാനായി പുറംകടലിലേക്ക് പോയി. അന്നേരം പേടിയും പ്രതീക്ഷയും ഒരുപോലെ അനുഭവപ്പെട്ടിരുന്നു. തോണി പത്തേമാരിയോടടുപ്പിച്ചു. തോണിയിലേക്ക് തൂക്കിയിട്ടിരിക്കുന്ന കയറില്‍ പിടിച്ചു തൂങ്ങിവേണം പത്തേമാരിയിലേക്ക് കയറാന്‍. കയറാനറിയാത്തവരും തോണിയും പത്തേമാരിയും തിരമാലകളുടെ ഓളത്തിനനുസരിച്ചാടുമ്പോള്‍ പലരും പിടിവിട്ട് വെള്ളത്തിലേക്ക് വീഴുന്നു. വിറച്ച കൈകൊണ്ടാണ് ഞാന്‍ താഴേക്ക് തൂക്കിയിട്ട വടത്തില്‍ പിടിച്ചത്. ആവുന്നത്ര പരിശ്രമിച്ചു മുകളിലേക്ക് തൂങ്ങിവലിഞ്ഞു കയറിക്കൊണ്ടിരുന്നു. മുകളിലെത്തുമ്പോള്‍ പത്തേമാരിയിലേക്ക് കയറാന്‍ അതിലുള്ളവര്‍ 'കൈ' നീട്ടിതന്ന് സഹായിക്കും. എനിക്ക് നേരെ നീട്ടിയ കൈകള്‍ കണ്ട് ഞാന്‍ ഞെട്ടി. മൊയ്തീന്‍ ഹാജി, മരക്കാര്‍ക്ക, എം.പി ബവുക്ക, കരിമ്പനക്കല്‍ ഹൈദുക്ക, പി. മുഹമ്മദ് ഹാജി എന്നിങ്ങനെ സ്വന്തം നാട്ടുകാര്‍ തന്നെയായിരുന്നു. ആ നിമിഷം തന്ന സന്തോഷവും സമാധാനവും ഒരിക്കലും മറക്കാനാവാത്തതായിരുന്നു.
പത്തേമാരി മുന്നോട്ടു പോയിക്കൊണ്ടിരുന്നു. പതിയെ പച്ചപ്പെല്ലാം പിന്നിലേക്ക് പിന്നിലേക്ക് പോയ്മറഞ്ഞുകൊണ്ടിരുന്നു. പിന്നീടങ്ങോട്ട് ജീവനും ജീവിതവും മരണത്തോടു കൂട്ടിമുട്ടുന്ന രംഗങ്ങളായിരുന്നു. കണ്‍മുമ്പില്‍ വച്ചു കൂടെയുള്ളവരില്‍ ചിലര്‍ മരിച്ചുവീഴുന്നു. അവരെ പലകയില്‍ കിടത്തി കല്ലുകെട്ടി കടലില്‍തന്നെ മറവുചെയ്തു. കാറ്റിലും കടലിന്റെ മാറിയ ഗതിയിലും പത്തേമാരി ആടിയുലഞ്ഞു. മരണത്തെ മുന്നില്‍ കണ്ട സന്ദര്‍ഭങ്ങള്‍. പരിചയമില്ലാത്ത കടല്‍ക്കാറ്റേല്‍ക്കുമ്പോള്‍ തന്നെ പലരും ഛര്‍ദിച്ചു തളര്‍ന്നുവീണു.
രാവിലെ കിട്ടുന്ന ഒരു ചപ്പാത്തികൊണ്ട് ദിവസം മുഴുമിപ്പിക്കേണ്ട അവസ്ഥ. കടല്‍ക്കാറ്റും കാലാവസ്ഥയും ദീര്‍ഘയാത്രയും എഴുന്നേറ്റ് നടക്കാനാവാത്ത അവസ്ഥയിലേക്കെത്തിച്ചിരുന്നു. ജീവനോടെ മറുകരപറ്റുമെന്നു തോന്നിയിരുന്നില്ല അപ്പോഴൊന്നും. തമിഴരും കന്നഡക്കാരുമടക്കം നൂറുകണക്കിന് പേരുമായി നീണ്ട 15 ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഗോര്‍ഫുക്കാന്‍ തീരത്തെത്തി. ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടത് അന്നേരമാണ്. അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടേയിരുന്നു.
ഇന്നേവരെ കാണാത്ത ഈന്തപ്പനകളുടെ നാടാണ് കണ്‍മുന്നില്‍. മതിവരുവോളം നോക്കിനിന്നു. അറബിപ്പൊലിസിന്റെ കണ്ണുവെട്ടിക്കാനായി ആ രാത്രി കടല്‍ത്തീരങ്ങളിലെ പാറമടക്കുകളില്‍ കഴിഞ്ഞുകൂടി. തൊഴിലു തേടി ഒരുപാടലഞ്ഞു. പല തൊഴിലുകള്‍ ചെയ്തു. ശമ്പളമില്ലാതെ ഭക്ഷണത്തിന് മാത്രമായി മാസങ്ങളോളം ജോലിയെടുക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് മറ്റു ജോലികളിലേക്ക് പ്രവേശിക്കാനും മെച്ചപ്പെട്ട താമസസൗകര്യം തരപ്പെടുത്താനും കഴിഞ്ഞു. അക്കാലത്ത് ഗള്‍ഫ് സ്വപ്‌നംകണ്ടു വന്ന ഒട്ടേറെപേരെ സഹായിക്കാനും അവര്‍ക്ക് താമസിക്കാനും ജോലി നല്‍കാനും കഴിഞ്ഞതില്‍ വലിയ സന്തോഷം. അതിനിടയില്‍ പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനും കഴിഞ്ഞു. അക്കാലങ്ങളില്‍ നാട്ടില്‍നിന്ന് ഗള്‍ഫിലെത്തിയ നിരവധി രാഷ്ട്രീയമതസാംസ്‌കാരിക നേതാക്കളുമായി അടുത്തിടപഴകാനും സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞു. നാട്ടിലെ പ്രവാസി കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും പ്രവര്‍ത്തനങ്ങളെ ഏകോപിക്കാനും കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമേറെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."