ഈദുല്‍ ഫിത്വ്ര്‍ പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം
മഹാമാരിയുടെ ഭീതിക്കിടയില്‍ ലോക മുസ്‌ലിംകള്‍ ഒരു പെരുന്നാള്‍ കൂടി ആഘോഷിക്കുകയാണ്. വ്രതവിശുദ്ധിയുടെ വിജയാഘോഷമായി വിശ്വാസികള്‍ക്ക് സ്രഷ്ടാവ് നല്‍കിയതാണ് പെരുന്നാള്‍. ഇസ്‌ലാമിലെ രണ്ടു പെരുന്നാളുകളും രണ്ടു വലിയ ആരാധനകളുമായി ബന്ധപ്പെട്ടതാണ്. ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളില്‍ പെട്ട നോമ്പ്, ഹജ്ജ് എന്നിവയാണവ. അതിനാല്‍ ഇസ്‌ലാമിലെ പെരുന്നാള്‍ ആഘോഷം വെറും ആഘോഷമായിട്ടല്ല അല്ലാഹു സംവിധാനിച്ചത്. തികഞ്ഞ ആരാധനയായിട്ടാണ്.
ആധുനിക സങ്കല്‍പത്തിലെ ആഘോഷത്തില്‍നിന്ന് വളരെ വ്യത്യസ്തമാണ് ഇസ്‌ലാമിലെ ആഘോഷം. അല്ലാഹു ഏറെ ശ്രേഷ്ഠമായി പ്രഖ്യാപിച്ച റമദാനില്‍ പൂര്‍ണമായി സഹവസിക്കാന്‍ ലഭിച്ച അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള ആഘോഷമാണ് ഈദുല്‍ ഫിത്വ്‌റ്. ഹജ്ജിനോടനുബന്ധിച്ചാണ് ഈദുല്‍ അദ്ഹാ. ഈ രണ്ട് ആഘോഷങ്ങളുമായി ബന്ധപ്പെട്ടും അല്ലാഹു പ്രത്യേകമായ ദാനധര്‍മം മത നിയമമാക്കിയിട്ടുണ്ട്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഫിത്വ്‌റ് സകാത്തും ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള ഉദ്ഹിയ്യത്തും. രണ്ടും ജനങ്ങള്‍ക്ക് ഭക്ഷണമാണ്. രണ്ട് ആരാധനകളുടെയും ഭക്ഷണവുമായി അല്ലാഹു ബന്ധിപ്പിച്ചിരിക്കുന്നു. തന്റെ സഹജീവികള്‍ക്ക് വിശപ്പകറ്റാനുള്ള മാര്‍ഗമായാണ് ആരാധനയുടെ ഭാഗമായി പോലും അല്ലാഹു ഇവകളെ നിര്‍ണയിക്കുന്നത്.
മാനവിക മൂല്യങ്ങളുള്ളതാണ് ഇസ്‌ലാമിക തത്ത്വങ്ങള്‍. പെരുന്നാളിന് പട്ടിണി കിടക്കരുതെന്നു മാത്രമല്ല ഇസ്‌ലാമിന്റെ തത്ത്വമെന്ന് ഇതില്‍നിന്ന് മനസിലാക്കാം. നിങ്ങള്‍ പട്ടിണി കിടക്കാതെ ആഹരിക്കണമെന്ന് നിര്‍ദേശിക്കുന്നതിന് പകരം, തന്റെ കുടുംബത്തിലെ ഓരോ കുഞ്ഞിന്റെയും എണ്ണമെടുത്ത് ഇല്ലാത്തവന് ഭക്ഷണം നല്‍കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അശരണരുടെ കണ്ണീരൊപ്പാനുള്ള ശീലം വളര്‍ത്തുകയാണ് ഒരു ആരാധനയില്‍ കൂടി. ഈദുല്‍ അദ്ഹയോടനുബന്ധിച്ച് ആരാധനയായ 'ബലി' എന്നത് ആരാധനാകര്‍മമാകുന്നതോടൊപ്പം, അത് പട്ടിണി മാറ്റുന്നതിനുള്ള ഉപാധി കൂടിയാകുന്നു. കഴിവുള്ളവന്‍ ചെയ്യേണ്ട കര്‍മമാണ് ബലി. പക്ഷേ, ബലിമാംസം എല്ലാവരിലും എത്തുന്നതോടെ ബലി നിര്‍വഹിക്കാന്‍ കഴിവുള്ളവനും കഴിവില്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാകുന്നു.
ഫിത്വ്‌റ് സകാത്തില്‍ ആത്മീയ സംസ്‌കരണം നേടുന്നതോടൊപ്പം സമൂഹത്തോടുള്ള ബാധ്യതകൂടി നിര്‍വഹിക്കപ്പെടുന്നു. അന്നേ ദിവസം ആരും പട്ടിണി കിടക്കാതിരിക്കാനുള്ള മുന്‍കരുതല്‍. ബലിപെരുന്നാള്‍ ദിവസം ബലിമൃഗത്തിന്റെ മാംസം വിതരണം ചെയ്യാനുള്ള കല്‍പനയിലും ഈ സാമൂഹ്യമാനം പ്രകടമാണ്.
പെരുന്നാള്‍ ദിനത്തില്‍ നല്ല ഭക്ഷണം കഴിക്കുന്നതും റസൂല്‍(സ്വ) പ്രത്യേകം ഓര്‍മപ്പെടുത്തിയ കാര്യമാണ്. തശ്രീഖിന്റെ ദിനങ്ങള്‍ 'ഭക്ഷിക്കുന്നതിന്റെയും കുടിക്കുന്നതിന്റെയും അല്ലാഹുവിനെ ധാരാളമായി ഓര്‍മിക്കുന്നതിന്റെയും ദിനമാണ്' എന്ന് റസൂല്‍(സ്വ) പറഞ്ഞതായി ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീസില്‍ കാണാം. തിന്നുവാനും കുടിക്കുവാനും പറഞ്ഞതിന്റെ കൂടെ അല്ലാഹുവിനെ കൂടുതല്‍ സ്മരിക്കാന്‍ ഓര്‍മപ്പെടുത്തിയത് ശ്രദ്ധേയമാണ്.
ബന്ധങ്ങള്‍ നന്നാക്കി പരമാവധി ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ നാം ശ്രമിക്കണം. കൊറോണക്കാലത്തെ കഷ്ടപ്പെടുന്നവരുടെ ദുരിതത്തിന് നമ്മെ കൊണ്ട് ആവുംവിധം അറുതി വരുത്തണം. സര്‍ക്കാരും ആരോഗ്യവകുപ്പും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിച്ചു മാത്രമേ ആഘോഷങ്ങള്‍ നടത്താവൂ. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് വിസ്മരിക്കരുത്. പകര്‍ച്ചവ്യാധികള്‍ തടയുകയെന്നത് തിരുനബി(സ്വ)യുടെ സുന്നത്താണ്.
'പ്ലേഗ് പടരുന്ന ഘട്ടത്തില്‍ ക്ഷമിച്ചും പ്രതിഫലമാഗ്രഹിച്ചും, തനിക്കല്ലാഹു വിധിച്ചതല്ലാതെ മറ്റൊന്നും സംഭവിക്കുകയില്ല എന്നതുള്‍ക്കൊണ്ട് വീട്ടിലിരിക്കുന്നവനാരോ അവന് ഒരു രക്തസാക്ഷിയുടെ പ്രതിഫലമുണ്ട്' (മുസ്‌നദ് അഹ്മദ്). ഇത് എല്ലാ പകര്‍ച്ചവ്യാധികള്‍ക്കും ബാധകമാണ്. മാത്രമല്ല, 'അസുഖബാധിതമായവയെ ആരോഗ്യപൂര്‍ണമായവയുടെ അരികിലേക്ക് കൊണ്ടുവരരുത് ' എന്ന നബിവചനം വളരെ പ്രസിദ്ധമാണല്ലോ. രോഗവ്യാപനം തടയാന്‍ ആവുന്നതെല്ലാം ചെയ്യണമെന്ന് അത് സൂചിപ്പിക്കുന്നു. അതുപോലെ 'പകര്‍ച്ചവ്യാധി ഒരു നാട്ടിലുണ്ടെന്ന് കേട്ടാല്‍ നിങ്ങള്‍ അങ്ങോട്ട് പോകരുത്, ഇനി നിങ്ങള്‍ ഒരു നാട്ടിലുണ്ടായിരിക്കെ അവിടെ പകര്‍ച്ചവ്യാധിയുണ്ടായാല്‍ പേടിച്ചരണ്ട് മറ്റു നാടുകളിലേക്ക് ഓടിപ്പോകുകയുമരുത്' എന്നതും ഇന്ന് വളരെയധികം കാലികപ്രസക്തമായ നബിവചനമാണ്. രോഗവ്യാപനം തടയാനുള്ള മുന്‍കരുതല്‍ മാര്‍ഗങ്ങളില്‍ ഇവ വളരെ സുപ്രധാനവുമാണ്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവ കേവലം മാര്‍ഗങ്ങളല്ല, മതപരമായ ബാധ്യതയും ഉത്തരവാദിത്വവും കൂടിയാണ്. തിരുനബി(സ്വ)യുടെ സുന്നത്തുമാണ്. മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്ന് നോക്കിയല്ല നാം പ്രവര്‍ത്തിക്കേണ്ടത്. ആര്‍ക്കെങ്കിലും സര്‍ക്കാര്‍ ഇളവ് നല്‍കുന്നു എന്നത് നാം നോക്കേണ്ടതില്ല. നമുക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ നേടണം എന്നത് നേര്. പക്ഷേ, നമ്മുടെ കാരണത്താല്‍ ഒരാള്‍ക്കും ബുദ്ധിമുട്ടുണ്ടാകരുത്. ഇപ്പോഴത്തെ സാഹചര്യം വളരെ ഗൗരവമേറിയതാണ്. സാമൂഹിക പ്രതിബദ്ധതയില്ലാത്തവര്‍ അവരുടെ സൗകര്യം അനുസരിച്ച് പ്രോട്ടോക്കോളില്‍ ഇളവ് വരുത്തുന്നത് സമൂഹത്തോടുള്ള വഞ്ചനയാണെന്ന് മനസിലാക്കണം. നമ്മോട് മതം അനുശാസിച്ച രൂപത്തിലുള്ള ആരാധനാ കര്‍മങ്ങളില്‍ മുഴുകുക. പ്രതിസന്ധിഘട്ടത്തിലെ അനുഷ്ഠാന മുറകള്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തുപോകാതിരിക്കുക. അതുകൊണ്ട് നബി (സ്വ) പഠിപ്പിച്ചതുപോലെ ക്ഷമയോടെ, പ്രതിഫലേച്ഛയോടെ സല്‍ക്കര്‍മ്മങ്ങളില്‍ മുഴുകി വീട്ടിലിരിക്കുക, സുരക്ഷിതരാകുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ ശുഭസൂചകമല്ല. ഫലസ്തീനില്‍ സിയോണിസ്റ്റ് ഭീകരര്‍ അക്രമം അഴിച്ചുവിടുകയാണ്. പിഞ്ചുകുഞ്ഞുങ്ങളടക്കം ജൂതക്രൂരതയ്ക്ക് ഇരയാകുന്നു. സമാധാനകാംക്ഷികള്‍ എല്ലാം രംഗത്തുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു ഭാഗത്ത് കൊവിഡിന്റെ ദുരന്തം നമ്മെ കീഴടക്കുമ്പോള്‍ മറുഭാഗത്ത് സാമ്രാജ്യത്വം അവരുടെ താല്‍പര്യങ്ങള്‍ നടപ്പാക്കുകയാണെന്ന് മറക്കരുത്. മഹാമാരിക്കിടയിലും ഇന്ത്യയില്‍നിന്ന് കേള്‍ക്കുന്ന വാര്‍ത്തകളും വേദനിപ്പിക്കുന്നത് തന്നെയാണ്. ഈ പെരുന്നാള്‍ ആഘോഷത്തിനിടയില്‍ നാം പ്രധാനമായും ഓര്‍ക്കേണ്ടവരാണ് പിറന്ന നാട്ടില്‍നിന്ന് ആട്ടിയോടിക്കപ്പെടുന്ന ഫലസ്തീനികളടക്കമുള്ളവരും ജീവന്‍പോലും സമര്‍പ്പിച്ച് കൊവിഡ് മഹാമാരിക്കെതിരേ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരും. ഫലസ്തീന്‍ അടക്കം അടിച്ചമര്‍ത്തപ്പെട്ട നാടുകളിലെ പോരാളികള്‍ക്കും കൊവിഡ് പോരാളികള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതാവട്ടെ നമ്മുടെ ഈദാഘോഷം. റമദാനില്‍ നേടിയ ആത്മീയ ചൈതന്യം കാത്തുസൂക്ഷിക്കാനും പൂര്‍വോപരി ആത്മീയ ഉണര്‍വോടെ മുന്നേറാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ലോകസമാധാനത്തിനായി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക.
(സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."