സില്‍വര്‍ലൈനിനെതിരേ സി.പി.ഐ ജില്ലാ കൗണ്‍സിലുകള്‍
കോഴിക്കോട്; സില്‍വര്‍ലൈനില്‍ ശക്തമായ എതിര്‍പ്പുമായി സി.പി.ഐ ജില്ലാ കൗണ്‍സിലുകള്‍. പദ്ധതിയെ അനുകൂലിക്കുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പാര്‍ട്ടിയില്‍ നീക്കം ശക്തമായിട്ടുണ്ട്.
കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, മലപ്പുറം ജില്ലാ കൗണ്‍സിലുകളില്‍ സില്‍വര്‍ ലൈനിനെതിരേ കടുത്ത വിമര്‍ശനമാണുയര്‍ന്നത്. ഈ ജില്ലകളില്‍ ഭൂരിപക്ഷം കൗണ്‍സില്‍ അംഗങ്ങളും പദ്ധതിക്കെതിരാണെന്ന് ചില നേതാക്കള്‍ പറയുന്നു.
സി.പി.ഐ ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ലോക്കല്‍ സമ്മേളനങ്ങളിലേക്കു കടന്ന സമയമാണിത്. പലയിടങ്ങളിലും സി.പി.ഐ പ്രവര്‍ത്തകര്‍ സില്‍വര്‍ലൈന്‍ വിരുദ്ധ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം, പ്രത്യേകിച്ച് കാനം രാജേന്ദ്രന്‍ പദ്ധതിയെ പിന്തുണയ്ക്കുന്നത് താഴേക്കിടയിലെ പ്രവര്‍ത്തകര്‍ക്ക് സമരവേദികളില്‍ വലിയ പ്രയാസം സൃഷ്ടിക്കുന്നു.
ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ അവരില്‍നിന്ന് ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനാവാത്ത അവസ്ഥയിലാണ് മണ്ഡലം, ജില്ലാ നേതാക്കള്‍. ആ വികാരം കൂടിയാണ് ജില്ലാ കൗണ്‍സില്‍ യോഗങ്ങളില്‍ ഉയരുന്നത്.
സമരത്തില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകരെ തടയാനാവാത്ത അവസ്ഥയും ജില്ലാ നേതാക്കള്‍ക്കുണ്ട്. തടഞ്ഞാല്‍ പാര്‍ട്ടിവിട്ടു പോകുമെന്ന ഭീഷണി നിരവധി പ്രവര്‍ത്തകര്‍ മുഴക്കുന്നുമുണ്ട്. ഈ അവസ്ഥയില്‍ പാര്‍ട്ടിപദവികളുടെ പേരു പറയാതെ നാട്ടിലെ പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ സമരത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കാന്‍ നിര്‍ബന്ധിതരാകുകയാണ് പല ജില്ലകളിലെയും നേതാക്കള്‍.
സമരം ചെയ്യുന്നവര്‍ക്ക് ഉമ്മ കൊടുത്ത ചരിത്രം പൊലിസിനില്ലെന്ന കാനത്തിന്റെ പ്രസ്താവന പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്. സമരക്കാരെ കാനം അധിക്ഷേപിച്ചു എന്ന വിമര്‍ശനം ജില്ലാ കൗണ്‍സില്‍ യോഗങ്ങളില്‍ ഉയര്‍ന്നു.
കാനത്തിന്റെ മകന്റെ പേരിലുള്ള ചില ആരോപണങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ ആഭ്യന്തര വകുപ്പിന്റെ കൈവശമുണ്ടെന്നും ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി കാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വരുതിയിലാക്കിയിരിക്കുകയാണെന്നുമുള്ള ആരോപണവും ജില്ലാ കൗണ്‍സില്‍ യോഗങ്ങളില്‍ ഉയര്‍ന്നു.
കാനത്തിനെതിരേ പാര്‍ട്ടിയില്‍ ശക്തമായ പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സമ്മേളനത്തിലേക്കെത്തുന്നതോടെ ഈ നീക്കം കൂടുതല്‍ ശക്തമാകുമെന്നാണ് സൂചന. സില്‍വര്‍ലൈന്‍ സംബന്ധിച്ച് സംസ്ഥാന നേതൃത്വം ഇപ്പോള്‍ സ്വീകരിച്ച നിലപാട് വൈകാതെ തിരുത്തേണ്ടിവരുമെന്ന് ചില ജില്ലാ നേതാക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."