കണ്‍സല്‍ട്ടന്‍സി രാഷ്ട്രീയത്തിന്റെ സാധ്യത തേടുന്ന കോണ്‍ഗ്രസ്
ലോകത്ത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്നുമുതലാണ് കണ്‍സല്‍ട്ടന്റുകളെ ആശ്രയിച്ചു തുടങ്ങിയതെന്ന് വ്യക്തമല്ല. ചില രാഷ്ട്രീയ ചരിത്രകാരന്മാര്‍ പറയുന്നത് 1930കളില്‍ അമേരിക്കയിലാണ് കണ്‍സല്‍ട്ടന്റുകള്‍ക്ക് രാഷ്ട്രീയത്തില്‍ പങ്കാളിത്തം നല്‍കിയതെന്നാണ്. അമേരിക്കയില്‍ ക്ലെം വിറ്റ്കര്‍, ലിയോണ്‍ ബാക്സ്റ്റര്‍ എന്നിവരാണ് ആദ്യമായി രാഷ്ട്രീയ കണ്‍സല്‍ട്ടന്‍സി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കണ്‍സല്‍ട്ടന്റുകളുടെ നിര്‍ദേശാനുസരണം രാഷ്ട്രീയതന്ത്രങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയത് എന്നാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. 2009ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഒഡിഷയില്‍ വിപ്ലവ് കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനം നവീന്‍ പട്‌നായിക്കിന്റെ പാര്‍ട്ടിക്ക് രാഷ്ട്രീയതന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചു നല്‍കിയെന്ന കരുതുന്നു. ബി.ജെ.പിയുമായുള്ള സഖ്യം ഒഴിവാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടത് ഇവരുടെ ഉപദേശം അനുസരിച്ചാണെന്നായിരുന്നു അന്നത്തെ കഥ. ആ പരീക്ഷണം വിജയിച്ചു.
എന്തായാലും ഇന്ത്യന്‍ രാഷ്ട്രീയത്തെ കീഴ്‌മേല്‍ മറിച്ച 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പാണ് പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടന്‍സി എന്നതിനെ മുഖ്യസ്ഥാനത്ത് കൊണ്ടുവന്നത്. പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ സ്ഥാപനവും നടത്തിയ ഇടപെടലുകള്‍ മോദിക്ക് പ്രചാരണ രംഗത്ത് വലിയ മേല്‍ക്കൈയുണ്ടാക്കി കൊടുത്തുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ചായ് പെ ചര്‍ച്ച, 3ഡി ഹോളോഗ്രാം റാലികള്‍ എന്നീ പ്രചാരണ രീതികള്‍ വലിയ പ്രയോജനം ചെയ്തുവെന്നും കരുതുന്നു. അങ്ങനെ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കണ്‍സല്‍ട്ടന്‍സിയുടെ പര്യായമായി പ്രശാന്ത് കിഷോര്‍ മാറി. പിന്നീട് ബിഹാര്‍, ആന്ധ്രപ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലും പ്രശാന്ത് കിഷോര്‍ മാജിക്ക് പ്രകടമാക്കി.
ഇപ്പോള്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടാണ് പ്രശാന്ത് കിഷോര്‍ വാര്‍ത്തകളില്‍ നിറയുന്നത്. ചരിത്രത്തിലെ വന്‍ തിരിച്ചടികളിലൂടെ വര്‍ഷങ്ങളായി കടുന്നുപോവുന്ന കോണ്‍ഗ്രസ്, പ്രശാന്ത് കിഷോറില്‍ പ്രതീക്ഷകള്‍ വയ്ക്കുന്നു; അദ്ദേഹത്തിന് സുപ്രധാന പദവി നല്‍കുന്നുവെന്ന വാര്‍ത്തവരുന്നു. എന്നാല്‍ പിന്നീട് പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന്റെ ഭാഗമാകാന്‍ വിസമ്മതിക്കുന്നു, വീണ്ടും ചര്‍ച്ചകള്‍ നടക്കുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സജീവമായിട്ടുള്ളത്.
പ്രശാന്ത് കിഷോര്‍ നാളെ കോണ്‍ഗ്രസിന്റെ ഭാഗമാകുമോ അതോ മറ്റേതെങ്കിലും പാര്‍ട്ടിക്ക് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുമോ എന്നറിയില്ല. എന്നാല്‍ 2019ന് ശേഷം മുഴുസമയ അധ്യക്ഷന്‍ ഇല്ലാത്ത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആശയപരമായ എല്ലാ പ്രതിസന്ധികളും പ്രശാന്ത് കിഷോറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കാണാം എന്നതാണ് യാഥാര്‍ഥ്യം.
പ്രശാന്ത് കിഷോര്‍ ഒരു കണ്‍സല്‍ട്ടന്റില്‍നിന്നുമാറി രാഷ്ട്രീയപ്പാര്‍ട്ടികളുടെ തന്നെ ഭാഗമായി മാറിയിട്ടുണ്ട്. നേരത്തെ ബിഹാറില്‍ നിതീഷ് കുമാര്‍ അദ്ദേഹത്തിന് പാര്‍ട്ടിയില്‍ ഉന്നതമായ പദവി നല്‍കിയിരുന്നു. പിന്നീട് അദ്ദേഹവുമായി പിണങ്ങി പാര്‍ട്ടി വിട്ടു. ബംഗാളില്‍ മമത വന്‍ വിജയം നേടുമ്പോള്‍ അവരുടെ കൂടെ പ്രശാന്ത് കിഷോറുമുണ്ടായിരുന്നു. ഇതുകഴിഞ്ഞാണ് അതിജീവനത്തിനുള്ള മാര്‍ഗങ്ങള്‍ തേടുന്ന കോണ്‍ഗ്രസ് തങ്ങളുടെ രാഷ്ട്രീയഭാവി പ്രശാന്ത് കിഷോറിലാണെന്ന് കണ്ടെത്തിയത്. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന് മുന്നില്‍വച്ച നിര്‍ദേശങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ ആവേശത്തിലാക്കിയെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പക്ഷേ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന തരത്തില്‍ തനിക്ക് പാര്‍ട്ടിയില്‍ സ്ഥാനം നല്‍കണമെന്ന പ്രശാന്ത് കിഷോറിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ലെന്നാണ് സൂചന. കോണ്‍ഗ്രസിന് സംഘടനപരമായ കെട്ടുറപ്പും നേതൃത്വവുമാണ് വേണ്ടതെന്ന് പറഞ്ഞ പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയില്‍ ചേരുന്നില്ലെന്നും വ്യക്തമാക്കി. എന്നിട്ടും ഇപ്പോഴും പ്രശാന്ത് കിഷോറുമായുള്ള ചര്‍ച്ച കോണ്‍ഗ്രസ് അവസാനിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്തുകൊണ്ടാവും ഇന്ത്യയിലെ കോളോണിയല്‍ വിരുദ്ധ കാലം തൊട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ച, സ്വാതന്ത്ര്യത്തിനു ശേഷം ദീര്‍ഘകാലം അധികാരം കൈയാളിയ ഒരു പാര്‍ട്ടിക്ക്, ഒരു കണ്‍സല്‍ട്ടന്‍സി സഹായത്തോടെ അതിന്റെ തിരിച്ചടികള്‍ മറികടക്കാന്‍ കഴിയുമെന്ന് തോന്നുന്നത്?
നരേന്ദ്ര മോദി അധികാരത്തിലെത്തി എട്ടു വര്‍ഷത്തിനിടെ രാജ്യം നേരിട്ട പ്രതിസന്ധികള്‍ കുറച്ചൊന്നുമല്ല. ഹിന്ദുത്വ രാഷ്ട്രീയമുപയോഗിച്ച് ഭരണഘടനയെ അപ്രസക്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികളായിരുന്നു അവ. നോട്ടുനിരോധനം മുതല്‍ പൗരത്വ നിയമ ഭേദഗതി, പിന്നീട് കര്‍ഷക പ്രക്ഷോഭം തുടങ്ങി ഹിന്ദുത്വ ഭരണകൂടത്തിനെതിരേ വലിയ ചെറുത്തുനില്‍പ്പുകളാണ് ചെറു ഗ്രൂപ്പുകളും സംഘടനകളും കഴിഞ്ഞ കാലങ്ങളില്‍ നടത്തിയത്. ഇതില്‍ കര്‍ഷക പ്രക്ഷോഭം, ഇന്ത്യയുടെ സമര ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ ഒരു ഏടാകുകയും ചെയ്തു. ഈ പ്രക്ഷോഭകാലത്തെല്ലാം മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് എന്ത് ചെയ്യുകയായിരുന്നു എന്ന ചോദ്യം പലരും പലതവണ ചോദിച്ചതാണ്. ഈ സമരങ്ങള്‍ക്ക് വളരെ നിഷ്‌ക്രിയമായി പിന്തുണ പ്രഖ്യാപിക്കാനല്ലാതെ അതിനെ മോദി സര്‍ക്കാരിനെതിരേ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ പോയതെന്തു കൊണ്ടാവും?
ജനാധിപത്യത്തെ ആന്തരികവല്‍ക്കരിക്കാന്‍ ശ്രമിക്കാത്ത, അതിനായുള്ള രാഷ്ട്രീയപ്രയോഗങ്ങള്‍ നടത്താന്‍ വിസമ്മതിക്കുന്ന പ്രസ്ഥാനമായി മാറിയതിനെ തുടര്‍ന്നുള്ള ഏറ്റവും മോശമായ പ്രതിസന്ധി നിറഞ്ഞ കാലത്തിലൂടെയാണ് കോണ്‍ഗ്രസ് കടന്നുപോകുന്നത്. 2019 ലെ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതാണ് രാഹുല്‍ ഗാന്ധി. ഇനി തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നും അന്ന് അദ്ദേഹം പറഞ്ഞതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. ഏതാനും മാസങ്ങള്‍ക്കു ശേഷം താല്‍ക്കാലിക പ്രസിഡന്റായി സോണിയാഗാന്ധി എത്തുകയും ചെയ്തു. എങ്കിലും ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് രാജിവച്ച രാഹുല്‍ ഗാന്ധി തന്നെയായിരുന്നു പിന്നീടും പാര്‍ട്ടിയെ നിയന്ത്രിച്ചത്. ജയിക്കുമായിരുന്ന തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ്, പഞ്ചാബിലെ അമരീന്ദര്‍ സിങ്ങിനെ മാറ്റി പിന്നീട് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകുകയും ചെയ്ത തീരുമാനം പോലും എടുത്തത് ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് രാജിവച്ച രാഹുല്‍ ഗാന്ധി തന്നെയായിരുന്നു. ഇങ്ങനെ ജനാധിപത്യത്തെ പരിഹാസ്യമാക്കി മാറ്റിയുള്ള, സൗകര്യമുള്ളപ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരും ആശയ വ്യക്തതയില്ലാത്ത നേതൃത്വത്തിനും പരിഹാരമായി, ഒരു ടെക്‌നോക്രാറ്റ് വന്നാല്‍ മതിയെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് എത്തിയിരിക്കുന്നത് എന്നത് ആ പാര്‍ട്ടി രാഷ്ട്രീയമായി എത്തിപ്പെട്ട കടുത്ത വ്യക്തതയില്ലായ്മയുടെ പ്രതിഫലനമാണ്.
ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വത്തിന് മറുപടിയായി തങ്ങളാണ് നല്ല ഹിന്ദുവെന്ന് പറഞ്ഞാണ്, അല്ലാതെ മതേതരത്തിന്റെ നിലപാട് ഉയര്‍ത്തിപ്പിടിച്ചല്ല കോണ്‍ഗ്രസ് പ്രതിരോധിക്കാറുള്ളത്. ഞങ്ങളാണ് നല്ല ഹിന്ദുക്കള്‍, എന്നും ഞാനും ഒരു ബ്രഹ്മണന്‍ തന്നെ എന്നും മിക്ക തെരഞ്ഞെടുപ്പ് സമയങ്ങളിലും രാഹുല്‍ ഗാന്ധി പറയുന്നത് കേട്ടിട്ടുണ്ട്. ഇങ്ങനെ ഹിന്ദുത്വത്തെ മൃദുഹിന്ദുത്വംകൊണ്ടും തന്റെ ബ്രാഹ്മണ സ്വത്വം ഉയര്‍ത്തിയും നേരിടാമെന്നും തൊഴിലാളികര്‍ഷക വിരുദ്ധ സമീപനങ്ങളെയും ഭരണഘടനാ അട്ടിമറി ലക്ഷ്യമിടുന്നവരെയും പ്രസ്താവനാരാഷ്ട്രീയംകൊണ്ട് നേരിടാമെന്ന ബോധ്യത്തിലാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. പാര്‍ട്ടി അണികളുടെ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ നേതൃത്വത്തെ തെരഞ്ഞെടുക്കട്ടെ എന്ന് തീരുമാനിക്കാനുള്ള ആത്മവിശ്വാസമില്ലാത്തവര്‍ ഇപ്പോഴും പാര്‍ട്ടിയെ നിയന്ത്രിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ബദലുകള്‍ മുന്നോട്ടുവയ്ക്കാനും കഴിഞ്ഞകാല സമീപനങ്ങള്‍ പുനഃപരിശോധിക്കാനുമുള്ള ധാര്‍മികതയല്ല കോണ്‍ഗ്രസ് നേതൃത്വം കാണിക്കുന്നത്. ഇവിടെയാണ് അവര്‍ കണ്‍സല്‍ട്ടന്‍സി സേവനം ആവശ്യപ്പെടുന്നത്. ഭിന്ന നിലപാടുകള്‍ ഏറ്റുമുട്ടുന്ന ജനാധിപത്യ പക്രിയയില്‍ യഥാര്‍ഥത്തില്‍ എവിടെയാണ് ഒരു കണ്‍സല്‍ട്ടന്‍സിക്ക് സ്ഥാനം?
ഇവിടെയാണ് ഇന്ത്യയിലെ മുഖ്യധാര രാഷ്ട്രീയം ചില വിഷയങ്ങളെ സ്വാഭാവികവല്‍ക്കരിച്ചിട്ടുണ്ടെന്ന് കരുതേണ്ടത്. 1991ല്‍ ഇന്ത്യയില്‍ ഉദാരവല്‍ക്കരണ നടപടികള്‍ ആരംഭിച്ചപ്പോള്‍ അതിനെ എതിര്‍ത്ത പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുമുണ്ടായിരുന്നു. ഇടതും തീവ്രവലതും അതിനെ എതിര്‍ത്തു. എന്നാല്‍ അധികം വൈകാതെ തന്നെ ഉദാരവല്‍ക്കരണത്തെ ഇന്ത്യയിലെ മുഖ്യധാര പാര്‍ട്ടികള്‍ സ്വാഭാവികമായ, എല്ലാവരും നടപ്പാക്കേണ്ട ഒന്നായി കണ്ടു. ബംഗാളിലും ഇപ്പോള്‍ കേരളത്തിലും ഇടതുപക്ഷവും അത് ചെയ്യുന്നു. അതേ അവസ്ഥ ഹിന്ദുത്വത്തിനും ഉണ്ടാകുന്നുവെന്നതാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളി. ഹിന്ദുത്വത്തിന്റെ പല പല വേര്‍ഷനുകള്‍ തന്ത്രപരമായി പയറ്റുന്നതാണ് അധികാര രാഷ്ട്രീയത്തിലേക്കുള്ള വഴിയെന്ന് പലരും മനസ്സിലാക്കുന്നു. അങ്ങനെ ഒരു അവസ്ഥ ഉണ്ടായാല്‍, നയപരിപാടികളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടികളെ നേരിടുകയെന്നത് സാധ്യമാവില്ല. പിന്നെയുള്ളത് ചില തന്ത്രങ്ങളാണ്. ബിസിനസ് നീക്കങ്ങളാണ്. അവിടെയാണ് കണ്‍സല്‍ട്ടന്റുകള്‍ വരുന്നത്. ഒരു തെരഞ്ഞെടുപ്പില്‍ മോദിക്കും തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ മമതയ്ക്കും വിജയമൊരുക്കുന്ന മാനേജര്‍മാര്‍.ആ മാനേജരെ കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."