ഗുജറാത്തില്‍നിന്ന് പലതും പഠിക്കാനുണ്ട്
വിദ്യ നേടാന്‍ എവിടെ പോകുന്നതും നല്ല കാര്യമാണ്. നമ്മുടെ നാട്ടില്‍നിന്ന് ഒരുപാട് കുട്ടികള്‍ മറ്റു പല രാജ്യങ്ങളിലും പോയി പഠിച്ചു വിദ്യ നേടുന്നുണ്ട്. തിരിച്ച് പല രാജ്യങ്ങളില്‍നിന്നും പലരും ഇന്ത്യയിലേക്കും വരുന്നു. ദേശാതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് പടരേണ്ടതാണ് വിദ്യ. അതുകൊണ്ടുതന്നെ ദൂരദേശങ്ങളില്‍ പോയി വിദ്യ നേടുന്നവരെ തടയുന്നത് ശരിയല്ല.
വൈവിധ്യമേറിയ പാഠങ്ങള്‍ പഠിക്കാനുള്ള സൗകര്യം നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തന്നെയുണ്ട്. അക്കൂട്ടത്തില്‍ പുതിയ കാലത്തിന്റെ രാഷ്ട്രീയവും വികസനവും പഠിക്കാന്‍ മികച്ചൊരു സ്ഥലമാണ് ഗുജറാത്ത്. ഇടവും വലവും നോക്കാതെ എങ്ങനെ വികസനം നടപ്പാക്കണമെന്നും തുടര്‍ഭരണം ഉറപ്പാക്കാന്‍ എന്തൊക്കെ തന്ത്രങ്ങള്‍ സ്വീകരിക്കണമെന്നുമൊക്കെയുള്ള കാര്യങ്ങളില്‍ മികച്ച ശിക്ഷണം അവിടെ ലഭിക്കും. അവിടെ അതൊക്കെ മികച്ച രീതിയില്‍ പ്രയോഗവല്‍കരിച്ച കളരിയാശാന്‍ നരേന്ദ്രമോദി ഇപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തവണ രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി കേന്ദ്രം മാത്രമല്ല നിരവധി സംസ്ഥാനങ്ങളും ഭരിക്കുകയും ചെയ്യുന്നു. ഇത്രയേറെ പ്രൊഫഷണല്‍ പ്രാഗത്ഭ്യമുള്ള ഒരിടത്തുനിന്ന് വിദ്യ പഠിക്കാന്‍ രാജ്യത്തെ ഏത് അധികാര രാഷ്ട്രീയക്കാരും കൊതിച്ചുപോകുന്നത് സ്വാഭാവികമാണ്.
ആ കൊതിയുള്ള നിരവധി നേതാക്കള്‍ കേരളത്തിലുമുണ്ടെങ്കിലും അവരില്‍ ബഹുഭൂരിപക്ഷവും അത് വെളിപ്പെടുത്താറില്ല. കേരളത്തിലെ സവിശേഷ രാഷ്ട്രീയ സാഹചര്യമാണ് അതിനു കാരണം. ഇവിടെ അധികാര രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ മതേതരവാദി ആയിരിക്കണമെന്നാണ് വയ്പ്പ്. അല്ലെങ്കില്‍ മതേതരവാദിയെന്ന് നടിക്കുകയെങ്കിലും വേണം. ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിലെ മോദി ലൈനിന്റെ മുന്നേറ്റത്തിന് തുടക്കം കുറിച്ച മുസ്‌ലിം വംശഹത്യയുടെയും തുടര്‍ച്ചയായ വര്‍ഗീയാതിക്രമങ്ങളുടെയും കറപുരണ്ടിട്ടുണ്ട് ഗുജറാത്ത് മോഡല്‍ രാഷ്ട്രീയത്തില്‍. അതുകൊണ്ട് ഗുജറാത്തിനെപ്പറ്റി നല്ലതെന്തെങ്കിലും പറയുന്നതുപോലും മഹാപാതകകമായി കണക്കാക്കുന്ന നാടാണ് കേരളം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും ഗുജറാത്ത് മോഡല്‍ വികസനതന്ത്രം പഠിക്കാന്‍ കൊതിമൂത്ത് അക്കാര്യം പറഞ്ഞുപോയ ചില നേതാക്കളുണ്ട് കേരളത്തില്‍. അക്കൂട്ടത്തിലൊരാളാണ് ഉമ്മന്‍ ചാണ്ടി നയിച്ച യു.ഡി.എഫ് മന്ത്രിസഭയില്‍ അംഗമായിരുന്ന ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. അതിന്റെ പേരില്‍ അദ്ദേഹം കേട്ട പഴി ചെറുതല്ല. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി അദ്ദേഹത്തോട് അതിന് വിശദീകരണം തേടുക പോലുമുണ്ടായി. മറ്റൊരാള്‍ അധികാര രാഷ്ട്രീയത്തില്‍ അസാധാരണ മെയ്‌വഴക്കമുള്ള എ.പി അബ്ദുല്ലക്കുട്ടിയാണ്. അദ്ദേഹം ഒരിക്കല്‍ ഗുജറാത്ത് പ്രേമം ചെറുതായൊന്ന് വെളിപ്പെടുത്തിയപ്പോള്‍ സി.പി.എമ്മില്‍നിന്ന് പുറത്തായി കോണ്‍ഗ്രസില്‍ അഭയം തേടി. വീണ്ടും ഒരിക്കല്‍ക്കൂടി ആ ആഗ്രഹം വെളിപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസില്‍നിന്നും പുറത്തായി. എങ്കിലും നഷ്ടമൊന്നും സംഭവിച്ചില്ലെന്നു മാത്രമല്ല ലാഭമുണ്ടാകുകയും ചെയ്തു. ബി.ജെ.പിയുടെ ദേശീയ ഉപാധ്യക്ഷനായി മാറിയ അബ്ദുല്ലക്കുട്ടിക്ക് പിന്നീട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പദവിയും കിട്ടി.
ഗുജറാത്തില്‍നിന്ന് പഠിക്കാനാഗ്രഹിച്ച ഷിബുവിനെയും അബ്ദുല്ലക്കുട്ടിയെയും ഏറ്റവുമധികം പഴിപറഞ്ഞത് സി.പി.എമ്മുകാരായിരുന്നു. അതങ്ങനെ തന്നെ വേണമല്ലോ. സംഘ്പരിവാര്‍ വിരോധത്തിലും മതേതരത്വത്തിലും പത്തരമാറ്റ് പൊലിമയുള്ള പാര്‍ട്ടി സി.പി.എമ്മാണെന്ന് അറിയാത്തവര്‍ ആരും കാണില്ല കേരളത്തില്‍. ഗുജറാത്തില്‍നിന്ന് പഠിക്കാന്‍ കെ. സുരേന്ദ്രനെപ്പോലുള്ളവര്‍ ഉപദേശിച്ചപ്പോള്‍ കേരളത്തിന് അവിടെനിന്ന് ഒന്നും പഠിക്കാനില്ലെന്ന് വെട്ടിത്തുറന്നു പറഞ്ഞ് വന്‍ കൈയടി നേടിയവരാണ് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും.
അതൊക്കെ അന്നു പറഞ്ഞത് ശരിതന്നെയാണ്. എന്നാല്‍ ഇപ്പോള്‍ ഗുജറാത്തില്‍നിന്ന് എന്തൊക്കെയോ പഠിക്കാനുണ്ടെന്ന് സി.പി.എമ്മിനും അവര്‍ നയിക്കുന്ന സംസ്ഥാന സര്‍ക്കാരിനും തോന്നിത്തുടങ്ങിയിട്ടുണ്ട്. അതൊരു കുറ്റമൊന്നുമല്ല. എന്തും മാറ്റത്തിനു വിധേയമാണെന്നത് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നാണ്. മാര്‍ക്‌സിസത്തെ മുറുകെ പിടിക്കുന്നൊരു പാര്‍ട്ടിക്ക് ഇങ്ങനെയൊക്കെയുള്ള നയംമാറ്റമുണ്ടാകുന്നത് സ്വാഭാവികം.
അങ്ങനെയാണ് ഗുജറാത്ത് മോഡല്‍ വികസനവും ഭരണനിര്‍വഹണവും പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ രണ്ടംഗ സംഘത്തെ കേരള സര്‍ക്കാര്‍ അങ്ങോട്ടയച്ചത്. അവിടെ ഇഗവേണന്‍സിനുള്ള ഡാഷ് ബോര്‍ഡ് സംവിധാനമടക്കമുള്ള കാര്യങ്ങള്‍ പഠിക്കാനാണ് അവര്‍ പോയത്. പഠനം തുടങ്ങിയപ്പോള്‍ നമ്മുടെ ചീഫ് സെക്രട്ടറി ശരിക്കും അന്തംവിട്ടെന്നാണ് തോന്നുന്നത്. ഗുജറാത്തിന്റെ ഡാഷ് ബോര്‍ഡ് സംവിധാനം മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞത് അതുകൊണ്ടായിരിക്കണം. അവിടെയും തീര്‍ന്നില്ല അദ്ദേഹത്തിന്റെ വിജ്ഞാനതൃഷ്ണ. ഗുജറാത്തിന്റെ മികച്ച നേട്ടമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകീര്‍ത്തിച്ച വിദ്യാസമീക്ഷാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും അദ്ദേഹം പഠിച്ചു. ഗുജറാത്ത് മാതൃക മൊത്തം പഠിച്ച് നൂറില്‍ നൂറ് മാര്‍ക്ക് അദ്ദേഹം നേടുമെന്നാണ് തോന്നുന്നത്.
പിന്നെ ഇന്നത്തെ അവസ്ഥയില്‍ കേരള സര്‍ക്കാരിന് ഗുജറാത്തില്‍നിന്ന് എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടെന്നു തന്നെയാണ് തോന്നുന്നത്. ജനകീയ പ്രതിഷേധങ്ങളെ പൊലിസിനെ ഉപയോഗിച്ചു നേരിട്ട് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാനുള്ള വ്യഗ്രതയിലാണ് സംസ്ഥാന സര്‍ക്കാര്‍. സമാന രീതിയില്‍ ജനതയെ നേരിട്ട് പല പദ്ധതികളും നടപ്പാക്കി പരിചയമുള്ള സര്‍ക്കാരാണ് ഗുജറാത്തിലുള്ളത്. അക്കാര്യത്തില്‍ ഉപരിപഠനം നേടാന്‍ പറ്റിയ ഇടമാണ് ഗുജറാത്ത്. അവിടെ ഭരണത്തുടര്‍ച്ച ഉറപ്പുവരുത്താനുള്ള വര്‍ഗീയ രാഷ്ട്രീയോര്‍ജം ബി.ജെ.പി നേടിയെടുത്തത് മുസ്‌ലിം വംശഹത്യയിലൂടെയാണ്. ഇനിയും ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന കേരള ഭരണാധികാരികള്‍ക്കു വേണമെങ്കില്‍ അതുപോലുള്ള കലാപരിപാടികളും അവിടെനിന്ന് പഠിക്കാമല്ലോ.
ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നുണ്ട്. അതിനുള്ള പ്രചാരണം കൂടി ലക്ഷ്യംവച്ചാണ് ഗുജറാത്ത് മുഖ്യമന്ത്രി ഡാഷ് ബോര്‍ഡ് പഠിപ്പിക്കാന്‍ ഇതര സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളെ അങ്ങോട്ടു ക്ഷണിക്കുന്നതെന്നു കേള്‍ക്കുന്നുമുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ കേരള സര്‍ക്കാരില്‍നിന്ന് ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് അവിടുത്തെ ബി.ജെ.പി ഭരണകൂടത്തിന് രാഷ്ട്രീയമായി ഗുണം ചെയ്യും. അതിലും കുഴപ്പമില്ല. ഇങ്ങനെ പലതും പഠിപ്പിക്കുന്നതിനുള്ള ഗുരുദക്ഷിണയാണ് അതെന്ന് കരുതിയാല്‍ മതി.
പറഞ്ഞുവന്നപ്പോള്‍ പഴയ ചില കാര്യങ്ങള്‍ ഓര്‍ത്തുപോയി. ലോകത്ത് കമ്യൂണിസ്റ്റ് ചേരിയുടെ പ്രതാപകാലത്ത് കമ്യൂണിസ്റ്റ് ഇന്റര്‍നാഷനല്‍ എന്നൊരു സംവിധാനമുണ്ടായിരുന്നു. ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കൂട്ടായ്മയായിരുന്നു അത്. അക്കാലത്തും ചെങ്കൊടി പിടിക്കുകയും കമ്യൂണിസ്റ്റ് എന്ന പേര് ഉപയോഗിക്കുകയും ചെയ്തുകൊണ്ട് അടിസ്ഥാനവര്‍ഗത്തെ വഞ്ചിച്ച് മൂലധന ശക്തികളെ സേവിച്ചിരുന്ന ചില പാര്‍ട്ടികളുണ്ടായിരുന്നെന്ന് ചരിത്രം പറയുന്നു. അത്തരം പാര്‍ട്ടികളെ 'സോഷ്യല്‍ ഡമോക്രാറ്റുകള്‍' എന്നാണ് കമ്യൂണിസ്റ്റ് ഇന്റര്‍നാഷനല്‍ വിശേഷിപ്പിച്ചിരുന്നത്. ഇക്കൂട്ടര്‍ അധികാര രാഷ്ട്രീയ തന്ത്രമെന്ന നിലയില്‍ ചില രാജ്യങ്ങളില്‍ ഫാസിസ്റ്റ് ശക്തികളുമായി സഹകരിച്ചിരുന്നു. അവര്‍ക്ക് പിന്നീട് 'സോഷ്യല്‍ ഫാസിസ്റ്റുകള്‍' എന്ന വിശേഷണവും കമ്യൂണിസ്റ്റ് ഇന്റര്‍നാഷനല്‍ നല്‍കി.
കേരള സര്‍ക്കാരും ഗുജറാത്ത് സര്‍ക്കാരും തമ്മിലുള്ള സഹകരണത്തിന് ഈ വിശേഷണങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടന്നൊന്നുമല്ല പറഞ്ഞത്. ചിലപ്പോള്‍ പരസ്പരബന്ധമില്ലാത്ത കാര്യങ്ങളും നമ്മള്‍ ഓര്‍ത്തുപോകുമല്ലോ. മനുഷ്യമനസ്സ് അങ്ങനെയൊക്കെയാണല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."