കൊവിഡ് ഭീതിയില്‍ ആഘോഷങ്ങള്‍ വീട്ടിലൊതുക്കി വീണ്ടും ഈദ്
കോഴിക്കോട്: കൊവിഡ് മഹാമാരി പിടിമുറുക്കുന്നതിനിടെ വിശ്വാസികള്‍ ആഘോഷങ്ങളെല്ലാം വീട്ടിലൊതുക്കി വീണ്ടുമൊരു ഈദുല്‍ ഫിത്വര്‍. ഭൂരിപക്ഷം വിശ്വാസികളും വീട്ടില്‍ വച്ചു തന്നെയാണ് പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചത്.
ഒരുമാസം നീണ്ട വ്രതാനുഷ്ടാനത്തിന് ശേഷമെത്തുന്ന ഈദ് ആഘോഷത്തിന് പള്ളികളില്‍ ജമാഅത്ത് നിസ്‌കാരവും ജുമുഅയും ഇല്ലാതായത് വിശ്വാസികളുടെ അധരങ്ങളെ കണ്ണീരണിയിച്ചു. എന്നാല്‍ പള്ളികളില്‍ ഇമാമിന്റേയും മുഅദ്ദിന്റേയും മറ്റു ജീവനക്കാരുടേയും നേതൃത്വത്തില്‍ മിക്ക പള്ളികളിലും നിസ്‌കാരം നടന്നു. രാവുകളെ ധന്യമാക്കി പള്ളികളില്‍ നിന്നുയരുന്ന കൂട്ടമായ തക്ബീര്‍ ധ്വനികളും ഇത്തവണ ഉണ്ടായില്ലെങ്കിലും പരിമിതമായ ആളുകള്‍ പങ്കെടുത്ത തക്ബീര്‍ വിശ്വാസികള്‍ക്ക് വലിയ ആശ്വാസമായി. സ്വന്തക്കാരും ബന്ധക്കാരും അയല്‍വാസികളും ആയ നിരവധിപേര്‍ കൊവിഡ് ബാധിച്ച് വീടുകളില്‍ ക്വാറന്റൈനിലും ആശുപത്രികളിലും കഴിയുകയാണ് എന്നതും ഈ പെരുന്നാളിന് വിശ്വാസികളുടെ വേദനയായാവും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലും കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാലും ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനും പരിമിതിയുണ്ടാവുമെന്നത് പെരുന്നാള്‍ ആഘോഷങ്ങളെ സാരമായി ബാധിക്കും.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ട നിരവധി പേര്‍ക്ക് ഇത്തവണ പെരുന്നാള്‍ വിഭവങ്ങളൊരുക്കാനും ഫിത്വര്‍ സക്കാത്ത് നല്‍കാനും മാര്‍ഗം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്നുണ്ട്. ഇത്തരക്കാരെ സഹായിക്കാന്‍ സന്നദ്ധ സംഘടനകളും വ്യക്തികളും വ്യാപകമായി റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്്. മുന്‍ കാലങ്ങളില്‍ ദരിദ്രരെ മാത്രം ലക്ഷ്യമിട്ട് നടത്തിയരുന്ന റിലീഫ് പ്രവര്‍ത്തനങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്ന ഇടത്തരം കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്താന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നതാണ് ഇത്തവണത്തെ പ്രധാന പ്രത്യേക.
ലോക്ക് ഡൗണ്‍ അപ്രതീക്ഷിതമായിരുന്നുവെന്നതിനാല്‍ വളരെ ചുരുക്കം പേര്‍ മാത്രമാണ് ഇത്തവണ പെരുന്നാളിന് പുത്തനുടുപ്പുകള്‍ എടുത്തിരുന്നുള്ളു. പുതുവസ്ത്രം എന്ന സുന്നത്് നേടുന്നതിന് വീടുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നവരെ ആശ്രയിക്കുയാണ് പലരും. കഴിഞ്ഞതവണ പെരുന്നാള്‍ പ്രമാണിച്ച് ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയിരുന്നു. ബേക്കറി, വസ്ത്രക്കടകള്‍, മിഠായിക്കടകള്‍, ഫാന്‍സി സ്റ്റോറുകള്‍, ചെരിപ്പുകടകള്‍ എന്നിവ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുമണിവരെ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാന്‍ അനുമതിയുള്ളു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."