പോരാട്ടത്തിന്റെ പന്തുവഴികൾ
എ.പി കുഞ്ഞാമു
ജർമനിയുടെ അന്തർദേശീയ ഫുട്‌ബോൾ താരം മെസൂട്ട് ഓസിൽ വീണ്ടും വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെ ശബ്ദമുയർത്തിക്കൊണ്ടാണ് ഓസിൽ ഇപ്പോൾ മാധ്യമശ്രദ്ധയിൽ വന്നത്. ഇന്ത്യയിലെ മുസ്‌ലിം സഹോദരങ്ങളുടെ സുരക്ഷയിലും ക്ഷേമത്തിലും ഉത്കണ്ഠ പ്രകടിപ്പിച്ച ട്വീറ്റിൽ ഓസിൽ ഇപ്രകാരം ചോദിച്ചു: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്? ഓസിലിന്റെ ട്രാക്ക് റിക്കാർഡ് വച്ചു ചിന്തിക്കുമ്പോൾ ഇങ്ങനെയൊരു നടപടി തീർത്തും പ്രതീക്ഷിതം.
2014ലെ ലോകകപ്പിൽ വിജയിച്ച ജർമൻ ടീമിൽ അംഗമായിരുന്നു ഓസിൽ. 2009ലെ യൂറോപ്യൻ അണ്ടർ 21 ടൂർണമെന്റ് ജയിച്ച ടീമിലും ഓസിൽ കളിച്ചു. അന്താരാഷ്ട്ര ഫുട്‌ബോളിൽ ആഴ്‌സനലിന്റെയും റയൽ മാഡ്രിഡിന്റെയും താരമെന്ന നിലയിൽ പ്രശസ്തനായ ഓസിൽ ടർക്കിഷ് സൂപ്പർ ലീഗ് ക്ലബായ ഫെനർബാഹ്‌സെയുടെ ക്യാപ്റ്റനാണ്. കളിയിലെ സാങ്കേതിക നൈപുണ്യത്തിന്റെയും പാസിങ് മികവിന്റെയും സർഗാത്മകതയുടെയും പേരിൽ പ്രശസ്തനായ ഈ മിഡ്ഫീൽഡർക്ക് നാട്ടിലും പുറത്തും ആരാധകർ ഏറെയുണ്ട്. പക്ഷേ, കളിയിലെ മിടുക്കിനോടൊപ്പം കളിക്കളത്തിനുപുറത്ത് കൈക്കൊള്ളുന്ന നിലപാടുകളും പലപ്പോഴും ഓസിലിന് മാധ്യമശ്രദ്ധ ഉണ്ടാക്കിക്കൊടുക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ അദ്ദേഹത്തിന്റെ മതമേതാണെന്നും നാടേതാണെന്നുമൊക്കെ ചർച്ച ചെയ്യപ്പെടും. പല മുദ്രകളും അയാൾക്കുമേൽ ചാർത്തപ്പെടും.
എല്ലാ അർഥത്തിലും ജർമൻ പൗരനാണ് ഓസിൽ. വെസ്റ്റ് ജർമനിയിലെ ഗെൽസെൻകിർഷനിൽ ജനനം. തുർക്കിയിൽനിന്ന് കുടിയേറിയവരാണ് മാതാപിതാക്കൾ. തുർക്കി വംശജരായ കുട്ടികളോടൊപ്പം ടർക്കിഷ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. എങ്കിലും ജർമൻ സമൂഹവുമായി തികച്ചും ഉൾച്ചേർന്ന വ്യക്തിത്വം. ഒരു ഘട്ടത്തിലും ഓസിലിന്റെ കാര്യത്തിൽ ആർക്കും മറ്റൊരൊഭിപ്രായമില്ല. എന്നിട്ടും ഓസിൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് അദ്ദേഹം ജീവിതത്തിൽ ഇസ്‌ലാം മതം കൂടെക്കൊണ്ടുനടന്നു എന്നതുതന്നെ. പരസ്യമായി നിസ്‌കരിക്കുന്നു, നോമ്പെടുക്കുന്നു. 2016ൽ മക്കയിൽ പോയി ഉംറാ തീർഥാടനം നടത്തി. ഇസ്‌ലാമിക ജീവിതക്രമങ്ങൾ പരിപൂർണമായും പാലിക്കുന്ന ആൾ.
2018ലെ യൂറോപ്യൻ ലീഗിൽ കളിക്കുമ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഒരു ഫാൻ ഓസിലിനു നേരെ റൊട്ടിക്കഷണമെറിഞ്ഞു. അതു നെറ്റിത്തടത്തോട് ചേർത്ത് പ്രാർഥിക്കുകയാണ് അദ്ദേഹം ചെയ്തത്. ഭക്ഷണം നൽകിയ ദൈവത്തോടുള്ള നന്ദി പ്രകടിപ്പിക്കുകയെന്ന ഇസ്‌ലാമിക മൂല്യമാണ് അതു ചെയ്യിച്ചത് എന്നായിരുന്നു ഓസിലിന്റെ ഭാഷ്യം. ഈ ഇസ്‌ലാമികമാനം യൂറോപ്യൻ മതേതരത്വത്തിനു പലപ്പോഴും പിടിക്കാറില്ല എന്നു മാത്രം.
ഓസിലിന്റെ രാഷ്ട്രീയനിലപാടുകളും വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. 2019ൽ സിങ്കിയാങ് പ്രവിശ്യയിൽ ചൈനീസ് ഭരണകൂടം ഉയ്ഗൂർ മുസ്‌ലിംകൾക്കു നേരെ നടത്തുന്ന പീഡനങ്ങൾക്കെതിരിൽ അദ്ദേഹം ശബ്ദമുയർത്തി. ഓൺലൈനിൽ കവിത പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു ആ പ്രതിഷേധം. കവിതയുടെ പശ്ചാത്തലത്തിൽ കിഴക്കൻ തുർക്കിസ്താൻ പതാകയും. സിങ്കിയാങ്ങിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് നടപ്പാക്കിയ പുനർവിദ്യാഭ്യാസ പദ്ധതിയെന്ന തടങ്കൽപ്പാളയത്തെ എതിർക്കാത്തതിന്റെ പേരിൽ അറബ് ഭരണകൂടങ്ങളെ നിശിതമായി വിമർശിക്കുകയും ചെയ്തു. ഇതേതുടർന്ന് ചൈനയിലെ മാധ്യമങ്ങൾ ചൊടിച്ചു. ആഴ്‌സനലും മാഞ്ചസ്റ്ററും തമ്മിൽ നടന്ന മത്സരം അവർ നീക്കി. അദ്ദേഹത്തിന്റെ പ്രസ്താവനകൾ തങ്ങൾക്ക് സ്വീകാര്യമല്ലെന്ന് ചൈനീസ് ഫുട്‌ബോൾ അസോസിയേഷൻ ആവർത്തിച്ചുപറഞ്ഞു. എന്നാൽ അത്തരം നിലപാടുകളെല്ലാം വ്യക്തിയുടെ രാഷ്ട്രീയമാണെന്നും കളിയുമായി ബന്ധമില്ലെന്നുമായിരുന്നു ആഴ്‌സനലിന്റെ വിശദീകരണം.
ഇസ്‌റാഈലിന്റെ അധിനിവേശത്തിൽ ഫലസ്തീന് അനുകൂലമായ തുറന്ന നിലപാട് പുലർത്തിയിരുന്നു ഓസിൽ. 2021ൽ തന്റെ ക്ലബിലെ സഹതാരങ്ങൾക്കൊപ്പം ഫലസ്തീനെ സ്വതന്ത്രമാക്കുക എന്നെഴുതിയ ടി ഷർട്ട് ധരിച്ച് പ്രത്യക്ഷപ്പെട്ടു. നഗോർണോകരാ ബാഷ് യുദ്ധത്തിൽ അസർബൈജാന് ഒപ്പമായിരുന്നു അദ്ദേഹം. ബ്രിട്ടനിലെ ഏഷ്യക്കാർക്കു നീതി ലഭിക്കണമെന്ന ആവശ്യമുയർത്താനും ഓസിൽ മടിച്ചില്ല. ഓസിലിന്റെ ഇത്തരം നിലപാടുകളും അദ്ദേഹം മുൻകൈയെടുത്ത് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും സൂക്ഷ്മതലത്തിൽ പരിശോധിക്കുമ്പോൾ ഇസ്‌ലാമിക മാനവികതയോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം പ്രകടമാവുന്നുണ്ട്. ഇന്ത്യയിലെ മുസ്‌ലിംകളുടെ പ്രശ്‌നങ്ങളെ മനുഷ്യാവകാശങ്ങളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുമ്പോൾ ഈ ആഭിമുഖ്യവും അനുതാപവും തന്നെയാണ് വെളിവാകുന്നത്.
ബുൾഡോസർ എന്ന പ്രതീകം
ബുൾഡോസർ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ന് ഭരണകൂട ഭീകരതയുടെ പ്രതീകമാണ്. തങ്ങൾക്ക് എതിർപ്പുള്ളവരെ തകർക്കാൻ ഭരണകൂടം ഉപയോഗിക്കുന്ന ആയുധമാണ്. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് ബുൾഡോസർ ബാബയെന്നറിയപ്പെട്ടത് ഭൂമി പിടിച്ചെടുക്കാൻ ബുൾഡോസറുകൾ ഉപയോഗിച്ചതോടെയാണ്. 67,000 ഏക്കർ ഭൂമിയാണത്രെ അദ്ദേഹത്തിന്റെ നിർദേശപ്രകാരം നിരപ്പാക്കി സർക്കാർ ഏറ്റെടുത്തത്. ഇത് അനധികൃത ഭൂമിയാണെന്നാണ് യോഗിയുടെ വാദം. പാവപ്പെട്ടവരുടെ ഭൂമിയെന്ന് പ്രതിപക്ഷവും. ഭൂമാഫിയക്കെതിരായ നീക്കമെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് യോഗി നടത്തിയ ഭൂമിയേറ്റെടുക്കലിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് മധ്യപ്രദേശിൽ ശിവരാജ് പാട്ടിൽ ബുൾഡോസർ രാഷ്ട്രീയത്തിന്റെ സാധ്യതകൾ പരീക്ഷിച്ചത്. റെയ്സൻ ജില്ലയിൽ ഒരു കലാപക്കേസിലെ പ്രതിയുടെ വീട് തകർക്കാൻ പൊലിസ് ബുൾഡോസർ ഉപയോഗിച്ചു. കഴിഞ്ഞ രാമനവമിയോടനുബന്ധിച്ചുണ്ടായ കലാപങ്ങളെ തുടർന്ന് കെർഗോണിൽ ന്യൂനപക്ഷ സമുദായാംഗങ്ങളുടെ നിരവധി വീടുകൾ അധികൃതർ തകർത്തത് ബുൾഡോസർ ഉപയോഗിച്ചാണ്. ശിവരാജ് പാട്ടീൽ ബുൾഡോസർ മാമ എന്നറിയപ്പെട്ടത് അതിന്റെ തുടർച്ച. ഡൽഹിയിലെ ജഹാംഗീർപുരിയിലായിരുന്നു ബുൾഡോസർ രാഷ്ട്രീയത്തിന്റെ ഏറ്റവും സഫലമായ പ്രയോഗം. അന്താരാഷ്ട്രതലത്തിൽ തന്നെ ഇന്ത്യയിലെ ജനാധിപത്യ ഭരണക്രമത്തിന്റെ തകർച്ചയുടെ സൂചനയായി അതു കണക്കാക്കപ്പെട്ടു. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധി മുൻകൈയെടുത്ത് ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിലെ ചേരി തുടച്ചുമാറ്റിയത് ബുൾഡോസർ ഉപയോഗിച്ചാണ്. അടിയന്തരാവസ്ഥയ്ക്കെതിരേ രാജ്യത്തുടനീളം പൊതുവികാരമുണരുന്നതിനും ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിനും ഈ ബുൾഡോസർ കാരണമായി എന്നാണ് പറയപ്പെടുന്നത്.
ഏറ്റവുമൊടുവിൽ ബുൾഡോസർ രാഷ്ട്രീയത്തിന്റെ പുലിവാലു പിടിച്ചത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ്. കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തിയപ്പോൾ അദ്ദേഹം ഗുജറാത്തിലെ ഹലോലിൽ ഒരു ബുൾഡോസർ ഫാക്ടറി സന്ദർശിച്ചു. ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിലുള്ള ഫാക്ടറി. ജോൺസന്റേത് വെറും സൗഹൃദസന്ദർശനം. പക്ഷേ, ബ്രിട്ടീഷ് പാർലമെന്റിലെ ഇന്ത്യൻവംശജയായ ലേബർ പാർട്ടിയംഗം നാദിയ വിറ്റോയും മറ്റും സംഗതി പ്രശ്‌നമാക്കി. അവരുടേത് പ്രതിപക്ഷ ധർമമാണെന്നു പറഞ്ഞ് അങ്ങനെയങ്ങ് ലഘൂകരിച്ചുകൂടാ. ബുൾഡോസറാണ് ഇന്ത്യയിൽ ഭരണകൂട ഭീകരതയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും അടയാളം. അപ്പോൾ ബുൾഡോസറുണ്ടാക്കുന്നയിടത്ത് പ്രധാനമന്ത്രി സന്ദർശിക്കുന്നത് തെറ്റായ സന്ദേശമല്ലേ പ്രസരിപ്പിക്കുക? ഇതാണ് ചോദ്യം. പാവം ബോറിസ് ജോൺസൺ! ഇതൊന്നും അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല.
പണ്ഡിറ്റുമാർക്ക് നിയമസഭാ പ്രാതിനിധ്യം
ജമ്മു കശ്മിർ നിയമസഭയിൽ തങ്ങളെ നോമിനേറ്റ് ചെയ്യണം എന്നുള്ളത് കശ്മിരി പണ്ഡിറ്റുകളുടെ ദീർഘകാല ആവശ്യമാണ്. കശ്മിരിന്റെ യഥാർഥ അവകാശികൾ തങ്ങളാണെന്നും തങ്ങൾക്ക് നിയമസഭയിൽ പ്രാതിനിധ്യം വേണമെന്നുമുള്ള ആവശ്യം പണ്ഡിറ്റുകൾ കൂട്ടത്തോടെ നാടൊഴിഞ്ഞ ശേഷം കൂടുതൽ പ്രബലമായിട്ടുമുണ്ട്. ബി.ജെ.പി അധികാരത്തിൽവരികയും ജമ്മു കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാന ഭരണത്തിന്റെ പുനർനിർണയം നടത്തുകയും ചെയ്ത പശ്ചാത്തലത്തിൽ ഈ ആവശ്യം പരിഗണിക്കപ്പെടാനാണ് സാധ്യത. മുൻ സുപ്രിംകോടതി ജഡ്ജി രഞ്ജന ദേശായി അധ്യക്ഷയായ മണ്ഡല പുനർനിർണയ സമിതി പണ്ഡിറ്റുകളുടെ നാമനിർദേശം അനുകൂലിക്കാൻ ശുപാർശ ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
ഇത്തരം നോമിനേഷനുകൾ ഇന്ത്യയിൽ വേറെയുമുണ്ട്. സിക്കിമിലെ ഒരു ഉദാഹരണം. ബുദ്ധസന്യാസിമാർക്ക് ഒരു പ്രതിനിധിയെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കാനുള്ള അവകാശമാണിത്. സംസ്ഥാനത്തെ അംഗീകൃത ബുദ്ധമതവിഹാരങ്ങളിലെ സന്യാസിമാർക്കും ഭിക്ഷുണികൾക്കുമാണ് വോട്ടവകാശം. ഒരാളെ തെരഞ്ഞെടുക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3,234 സന്യാസിമാർക്കും 60 സന്യാസിനിമാർക്കുമായി ആകെ 3,294 പേർക്കായിരുന്നു വോട്ടവകാശം. മൊത്തം 32 നിയമസഭാംഗങ്ങളാണ് സിക്കിമിലുള്ളത്. അതിനാൽ പലപ്പോഴും സന്യാസി എം.എൽ.എയുടെ നിലപാട് നിർണായകമാവും. 12 സീറ്റുകൾ ഭൂട്ടിയ ലെ പാച്ചാ സമുദായത്തിനും സംവരണം ചെയ്തിട്ടുണ്ട്. 1975ൽ സിക്കിം എന്ന രാജ്യം ഇന്ത്യയോട് കൂട്ടിച്ചേർക്കുമ്പോഴുണ്ടാക്കിയ വ്യവസ്ഥയനുസരിച്ചാണ് ഈ സംവരണം.
ഭരണഘടനാ വ്യവസ്ഥയനുസരിച്ചു നൽകിയ നോമിനേഷൻ വേണ്ടെന്നുവച്ച അനുഭവവും ഇന്ത്യയിലുണ്ട്. ആംഗ്ലോ ഇന്ത്യൻ സമുദായത്തിൽപെട്ടവർക്ക് പാർലമെന്റിലേക്ക് രണ്ടു സീറ്റുകളും ചില നിയമസഭകളിലേക്ക് ഓരോ സീറ്റ് വീതവും നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. കേരളത്തിലും ഒരു എം.എൽ.എയുണ്ടായിരുന്നു. വോട്ടവകാശത്തിലും മറ്റും ചില പരിമിതികളുണ്ടായിരുന്നുവെങ്കിലും എം.എൽ.എമാരുടെ എല്ലാ ആനുകൂല്യങ്ങളും അവർക്കും ലഭിച്ചു. പത്തു വർഷത്തേക്ക് ഈ നാമനിർദേശം തുടരണമെന്നായിരുന്നു തുടക്കത്തിലെ വ്യവസ്ഥയെങ്കിലും 2019 വരെ അതിൽ മാറ്റമൊന്നുമുണ്ടായില്ല. 2019ൽ 126ാം ഭരണഘടനാ ഭേദഗതിപ്രകാരം ഈ നാമനിർദേശം നിർത്തലാക്കി. ഫ്രാങ്ക് ആന്റണി, നീൽ ഓബ്രിയൻ, ഇംഗ്രീഡ് മാക് ലിയോൺ എന്നിവർ പ്രശസ്ത ആംഗ്ലോ ഇന്ത്യൻ പാർലമെന്റേറിയന്മാരായിരുന്നു. കേരളത്തിൽനിന്ന് ബി.ജെ.പി സർക്കാർ റിച്ചാർഡ് ഹേ യെ ആംഗ്ലോ ഇന്ത്യൻ എം.പിയായി നോമിനേറ്റ് ചെയ്തിരുന്നു.
കേരളത്തിൽ 2006 മുതൽ 2011 വരെയുള്ള എൽ.ഡി.എഫ് ഭരണകാലത്ത് സൈമൺ ബ്രിട്ടോ റോഡ് റിഗ്‌സ് ആംഗ്ലോ ഇന്ത്യൻ എം.എൽ.എ ആയി. വിദ്യാർഥി ജീവിതകാലത്ത് എതിർവിദ്യാർഥി സംഘടനയുടെ ആക്രമണത്തിനിരയായ നേതാവായിരുന്നു ബ്രിട്ടോ. ജീവിക്കുന്ന രക്തസാക്ഷിയായി അദ്ദേഹം വീൽചെയറിലേക്കൊതുങ്ങിയെങ്കിലും തന്റെ വൈകല്യങ്ങളെ അതിജീവിച്ച് കേരളത്തിലുടനീളം സഞ്ചരിച്ചു രാഷ്ട്രീയ പ്രവർത്തനങ്ങളിലേർപ്പെട്ടു. നോവലുകളെഴുതി. 2018 ഡിസംബർ 31നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."