HOME
DETAILS
MAL
ഫലസ്തീന്‍ കത്തുന്നു പകയടങ്ങാതെ ഇസ്‌റാഈല്‍ മരണം 122 ആയി; 31 കുട്ടികള്‍, 20 സ്ത്രീകള്‍
backup
May 15 2021 | 04:05 AM
ഗസ്സ സിറ്റി: ഫലസ്തീനിലെ ഗസ്സയ്ക്കുമേല്‍ ഇസ്‌റാഈല്‍ സേനയുടെ വ്യോമാക്രമണം പെരുന്നാളിനു ശേഷവും തുടരുന്നു. ഇതിനകം 31 കുട്ടികളും 20 സ്ത്രീകളുമുള്‍പ്പെടെ 122 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 900ലേറെ പേര്‍ക്കു പരുക്കേറ്റു. എന്നാല്‍ ഇസ്‌റാഈലില്‍ പുതുതായി ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഗസ്സയിലെ സ്‌കൂളുകളും കെട്ടിടങ്ങളും വീടുകളുമെല്ലാം ഒന്നൊന്നായി ബോംബാക്രമണത്തില്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. 31 സ്‌കൂളുകള്‍ സൈന്യം തകര്‍ത്തതായി സന്നദ്ധ സംഘടനയായ സേവ് ദ ചില്‍ഡ്രന്‍ അറിയിച്ചു.
24,000 വിദ്യാര്‍ഥികളാണ് ഇവിടെ പഠിച്ചിരുന്നത്. ബോംബാക്രമണവും ഷെല്‍വര്‍ഷവും തുടരുന്ന സാഹചര്യത്തില്‍ നൂറുകണക്കിനു ഫലസ്തീനി കുടുംബങ്ങള്‍ വടക്കന്‍ ഗസ്സയിലെ യു.എന്‍ നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ അഭയംതേടി.
അതിനിടെ വ്യാഴാഴ്ച കരസേന ഗസ്സയ്ക്കു നേരെ ആക്രമണം നടത്തിയതായി ഇസ്‌റാഈലി പ്രതിരോധ സേന ട്വീറ്റി. എന്നാല്‍ സൈന്യം നിലവില്‍ കരയാക്രമണത്തിലേക്കു കടന്നിട്ടില്ലെന്ന് സേന പിന്നീട് അറിയിച്ചു.
അതേസമയം ഗസ്സ അതിര്‍ത്തിയില്‍ വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചതിന്റെ ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്.
അതിനിടെ ലബ്‌നാന്‍ അതിര്‍ത്തിയില്‍ നിന്നും പ്രതിഷേധക്കാര്‍ രാജ്യത്തേക്കു കടന്നുകയറ്റാന്‍ ശ്രമിച്ചെന്നും അവരെ മുന്നറിയിപ്പു വെടിവച്ചു തുരത്തിയെന്നും ഇസ്‌റാഈല്‍ സൈന്യം പറഞ്ഞു.
ആക്രമണം ഏകപക്ഷീയമായ യുദ്ധമായി മാറിയതോടെ യു.എന്‍ രക്ഷാസമിതി നാളെ യോഗം ചേരും. ഇന്നലെ യോഗംചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും സമിതിയിലെ ഒരു അംഗരാജ്യത്തിന്റെ തടസം മൂലം നടക്കാതെ പോവുകയായിരുന്നുവെന്ന് യു.എന്നിലെ ചൈനീസ് പ്രതിനിധി ഴാങ് ജുന്‍ പറഞ്ഞു. ചൈന, തുനീഷ്യ, നോര്‍വെ എന്നിവയുടെ ആവശ്യപ്രകാരം ചേരാനിരുന്ന യോഗം യു.എസ് ഇടപെട്ട് തടഞ്ഞതാണെന്നു റിപ്പോര്‍ട്ടുണ്ട്. ഈമാസം രക്ഷാസമിതി യോഗത്തില്‍ അധ്യക്ഷതവഹിക്കുന്നത് ചൈനയാണ്.
ആക്രമണം എത്രയും പെട്ടെന്ന് നിര്‍ത്തണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.
എണ്ണമറ്റ നിരപരാധികള്‍ ഇതിനകം കൊല്ലപ്പെട്ടു. ആക്രമണം മേഖലയില്‍ തീവ്രവാദം ശക്തമാകാനേ ഉപകരിക്കൂവെന്നും അദ്ദേഹം ട്വീറ്റി. എന്നാല്‍ രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുന്നതുവരെ ആക്രമണം തുടരുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.
അതേസമയം ലോകം മുഴുവന്‍ സയണിസ്റ്റ് അതിക്രമത്തോട് മൗനംപാലിച്ചാലും തുര്‍ക്കി അതിന് തയാറല്ലെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍ വ്യക്തമാക്കി.
അയല്‍രാജ്യങ്ങളില്‍ ഫലസ്തീനികളെ പിന്തുണച്ച് പ്രതിഷേധ റാലികള്‍ നടന്നുവരുകയാണ്. ജോര്‍ദാനില്‍ 500ലേറെ വരുന്ന പ്രതിഷേധക്കാരെ പൊലിസ് ബലംപ്രയോഗിച്ച് പിരിച്ചുവിടുകയായിരുന്നു. ഈജിപ്തിന്റെ നേതൃത്വത്തില്‍ വെടിനിര്‍ത്തലിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇസ്‌റാഈല്‍ സന്നദ്ധമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."