വയോജനകമ്മിഷന്‍ രൂപീകരിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി ബിന്ദു
തിരുവനന്തപുരം : വയോജനങ്ങളുടെ ക്ഷേമത്തിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനും, സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ ഇക്കാര്യത്തിനായി ഏകോപിപ്പിക്കുന്നതിനുമായി ഒരു വയോജന കമ്മീഷന്‍ രൂപീകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി ബിന്ദു നിയമസഭയെ അറിയിച്ചു. കെ.പി മോഹനന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. വയോജന സംരക്ഷണത്തിനുള്ള നിയമങ്ങളിലോ, ഉത്തരവുകളിലോ ഉള്ള വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച പരിശോധന നടത്തുന്നതിനും, വയോജനങ്ങളുടെ കഴിവുകള്‍ പൊതുസമൂഹത്തിലേക്ക് ഉപയുക്തമാക്കുന്നതിലേക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിലേക്കുമായിരിക്കും കമ്മിഷന്‍ ശ്രദ്ധിക്കുക.
കേരളം അഭിമുഖീകരിക്കുന്ന ശ്രദ്ധേയമായ വിഷയങ്ങളില്‍ ഒന്നാണ് വയോജനക്ഷേമവും സംരക്ഷണവും പുന:രധിവാസവും. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുക എന്നതാണ് സാമൂഹ്യനീതി വകുപ്പിന്റെ ലക്ഷ്യം. വയോജനക്ഷേമത്തിന് സാമൂഹ്യനീതി വകുപ്പ് മുന്തിയ പരിഗണനയാണ് നല്കി വരുന്നത്. വയോജന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള നോഡല്‍ വകുപ്പായി സാമൂഹ്യനീതി വകുപ്പ് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വികസിത രാജ്യങ്ങളുടേതിന് സമാനമായ ആയുര്‍ദൈര്‍ഘ്യമുള്ള കേരളത്തില്‍ വയോജനങ്ങളുടെ എണ്ണം താരതമ്യേന കൂടുതലാണ്. 2011 ലെ സെന്‍സസ് പ്രകാരം 12.55% ആണ് കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം. 2026ഓടെ ഇത് ആകെ ജനസംഖ്യയുടെ 23% ആകും എന്നാണ് കണക്കാക്കുന്നത്.
വയോജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുതിര്‍ന്ന പൗരന്മാരുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനുമായി, സംസ്ഥാനത്ത് സാമൂഹ്യ നീതി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ രാവിലെ 8 മുതല്‍ രാത്രി 8 മണി വരെ എല്‍ഡര്‍ ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി എല്‍ഡര്‍ ലൈന്‍ പദ്ധതിയും നടപ്പിലാക്കി വരുന്നു.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നടത്തുന്ന വയോജന പരിപാലന കേന്ദ്രങ്ങള്‍ക്ക് അധികസൗകര്യങ്ങള്‍ നല്‍കി നവീകരിക്കുന്നതിനുള്ള സായംപ്രഭാ ഹോം പദ്ധതി, വയോജനങ്ങള്‍ക്ക് പകല്‍ സമയം ഉല്ലാസപൂര്‍വ്വം ചെലവഴിക്കുന്നതിനും, സ്വയംതൊഴില്‍ പരിശീലിക്കുന്നതിനും വിവിധ സേവനങ്ങളും ശുശ്രൂഷ സംവിധാനങ്ങളും ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള മാതൃകാ സായം പ്രഭ പദ്ധതി എന്നീ പദ്ധതികളും വകുപ്പ് മുഖേന നടപ്പിലാക്കി വരുന്നുണ്ട്.
ഉപയോഗിക്കുക വലിച്ചെറിയുക എന്ന സംസ്‌കാരത്തിന്റെ ഭാഗമായി ഒറ്റപ്പെട്ട് പോകുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന വയോജനങ്ങളുടെ എണ്ണം ദിനംപ്രതിയെന്നോണം വര്‍ദ്ധിക്കുകയാണ്. ഇതിന്റെ ഭാഗമായി വൃദ്ധസദനങ്ങളിലോ, മറ്റു ഹോമുകളിലോ പോകുന്ന വയോജനങ്ങളുടെ എണ്ണവും, വീടുകളില്‍ നിന്നു കൊണ്ട് തന്നെ പരിചരണവും ശ്രദ്ധയും ആവശ്യമായ വയോജനങ്ങളുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. ഇത്തരം ആളുകളെ പരിചരിക്കുന്നതിനായി കെയര്‍ ഗിവര്‍മാര്‍, ഹോംനേഴ്‌സ് എന്നിവരെയാണ് ആശ്രയിക്കേണ്ടി വരുന്നത്. ഇത്തരം കെയര്‍ഗിവര്‍മാരെ ലഭ്യമാക്കുന്ന ഏജന്‍സികളെക്കുറിച്ച് ഒരു പഠനം നടത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനായി ഉചിതമായ നിയമനിര്‍മ്മാണം നടത്തുക എന്നതും വകുപ്പിന്റെ പരിഗണനയിലുള്ള വിഷയമാണെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."