HOME
DETAILS
MAL
ഇസ്‌റാഈല്‍ നരനായാട്ടില്‍ കടുത്ത അമര്‍ഷവുമായി എസ്.വൈ.എസ് പ്രതിഷേധജ്വാല
backup
May 16 2021 | 05:05 AM
കോഴിക്കോട്: സ്ത്രീകളെയും കുഞ്ഞുങ്ങളെയുമടക്കം നൂറുകണക്കിന് നിരപരാധികളെ അരുംകൊല ചെയ്ത് ഒരാഴ്ചയിലേറെയായി ഫലസ്തീനില്‍ ഇസ്‌റാഈല്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന കിരാതമായ അക്രമങ്ങളില്‍ രോഷാഗ്‌നി തീര്‍ത്ത് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനാചരണം. സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധജ്വാല ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇസ്‌റാഈല്‍ ക്രൂരത അവസാനിപ്പിക്കൂവെന്ന മുദ്രാവാക്യവുമായി നടത്തിയ പ്രതിഷേധജ്വാലയില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി പത്ത് ലക്ഷത്തോളം വീടുകളിലെ കുടുംബാംഗങ്ങളാണ് പ്ലക്കാര്‍ഡുകള്‍ ചേര്‍ത്ത് പിടിച്ച് പങ്കാളികളായത്.
മിസൈല്‍ ആക്രമണങ്ങളിലും ബോംബ് വര്‍ഷങ്ങളിലും പെട്ട് പിടഞ്ഞുമരിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവരോടും ജന്മനാടിന്റെ വിമോചനത്തിനു വേണ്ടി ജീവാര്‍പ്പണം നടത്തുന്ന പോരാളികളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പരിപാടി, ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ വിഷയത്തോട് പുലര്‍ത്തുന്ന നിസ്സംഗതയ്‌ക്കെതിരേയുള്ള പ്രതിഷേധവുമായി. പ്രാസ്ഥാനിക മേഖലയ്ക്കപ്പുറം വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം കൊവിഡ് പ്രോട്ടോക്കാള്‍ പൂര്‍ണമായി പാലിച്ചു നടന്ന പരിപാടിയില്‍ വീടകങ്ങളില്‍ നിന്ന് കുടുംബാംഗങ്ങളും പങ്കെടുത്തത് നാടിന്റെ മാനുഷിക മുഖം കൂടുതല്‍ അനാവരണം ചെയ്യുന്ന ആവേശമായിരുന്നു.എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് കോയ ജമലുല്ലൈലി, സാദിഖലി ശിഹാബ് തങ്ങള്‍, ബശീര്‍ അലി ശിഹാബ് തങ്ങള്‍, റശീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, മുശാവറ മെമ്പര്‍മാരായ വി. മൂസക്കോയ മുസ്ലിയാര്‍ വയനാട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, ബി.കെ അബ്ദുല്‍ ഖാദര്‍ ഖാസിമി ബമ്പ്രാണ, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, നിയുക്ത എം.എല്‍.എമാരായ കെ.പി.എ മജീദ്, പി. ഉബൈദുല്ല, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പി.കെ ബശീര്‍, കുറുക്കോളി മൊയ്തീന്‍, കസര്‍കോട് ഡി.സി.സി പ്രസിഡന്റ് ഹകീം കുന്നില്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍, എസ്.വൈ.എസ് സംസ്ഥാന ഭാരവാഹികള്‍, നേതാക്കള്‍, വിവിധ ജില്ലകളിലെ സമസ്തയുടെയും പോഷകഘങ്ങളുടെയും നേതാക്കള്‍, പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."